'അച്ഛൻ മുന്നേ നടക്കുമ്പോൾ മക്കൾക്ക് പിഴക്കില്ല'; അഖിൽ സത്യന് വിജയമാശംസിച്ച് ആന്റോ ജോസഫ്

'അച്ഛൻ മുന്നേ നടക്കുമ്പോൾ മക്കൾക്ക് പിഴക്കില്ല'; അഖിൽ സത്യന് വിജയമാശംസിച്ച് ആന്റോ ജോസഫ്

ഫഹദ് ഫാസിലിനെ നായകനാക്കി അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന 'പാച്ചുവും അത്ഭുതവിളക്കും' തിയേറ്ററുകളിൽ. അഖിലിന്റെ ആദ്യ ചിത്രത്തിന് വിജയമാശംസിച്ച് ആന്റോ ജോസഫ്. മനോഹരമായ ഒരു ചിത്രത്തിലെ ക്ലൈമാക്സ് രംഗം പോലെയാണ് അഖിൽ സത്യൻ എന്ന പേര് വെള്ളിത്തിരയിൽ തെളിയുമ്പോഴെന്ന് നിർമ്മാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് ആന്റോ ജോസഫ് അഖിൽ സത്യന് വിജയമാശംസിച്ചുകൊണ്ട് എഴുതിയത്.

കുടുംബ ചിത്രങ്ങളുടെ സംവിധായകനായ സത്യൻ അന്തിക്കാടിന്റെ കുടുംബം സംവിധായക കുടുംബമാകുന്ന കാഴ്ചയാണ് ഇത്. അച്ഛന്റെ കളരിയിൽ പഠിച്ച മക്കൾക്ക് പിഴക്കില്ലെന്നും, അഖിലിന്റെ സഹോദരൻ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമായ 'വരനെ ആവശ്യമുണ്ട്' എന്ന സിനിമ അത് തെളിയിച്ചതാണെന്നും, പാച്ചുവും അത്ഭുതവിളക്കും മറിച്ചാവില്ല എന്നും ആന്റോ ജോസഫ് കുറിക്കുന്നു.

ആന്റോ ജോസഫ് എഴുതിയത്

അഖിൽ സത്യൻ എന്ന പേര് ഇന്ന് വെള്ളിത്തിരയിൽ തെളിഞ്ഞു തുടങ്ങുമ്പോൾ മനോഹരമായൊരു കുടുംബചിത്രത്തിലെ ക്ലൈമാക്സ് രംഗം പോലെയാകുന്നു അത്. കുടുംബ ചിത്രങ്ങളുടെ സംവിധായകൻ സത്യൻ അന്തിക്കാടിൻ്റേത് സംവിധായക കുടുംബമാകുന്ന കാഴ്ച. സത്യേട്ടൻ്റെ മൂന്ന് മക്കളിൽ ഇരട്ടക്കുട്ടികളാണ് അനൂപും അഖിലും. അനൂപിന് പിന്നാലെ അഖിലും സ്വതന്ത്ര സംവിധായകനാകുകയാണ് 'പാച്ചുവും അത്ഭുതവിളക്കും ' എന്ന സിനിമയിലൂടെ. അച്ഛൻ്റെ കളരിയിൽ പഠിച്ച മക്കൾക്ക് പിഴക്കില്ല. "വരനെ ആവശ്യമുണ്ട് ' എന്ന കന്നി ചിത്രത്തിലൂടെ അനൂപ് അത് തെളിയിച്ചതാണ്. അഖിലിൻ്റെ പാച്ചുവും അത്ഭുതം തെളിച്ചു തരുമെന്ന് ഉറപ്പ്. മലയാളി കുടുംബങ്ങളുടെ മനസ്സിനെ അന്തിക്കാടൻ ഒപ്പുകടലാസിനോളം പകർത്തിയെടുത്ത മറ്റാരാണുള്ളത്! പഠിച്ച് മിടുക്കരായി ഉയർന്നജോലി നേടിയതിനു ശേഷമാണ് സത്യേട്ടൻ്റെ മക്കൾ സിനിമയിലേക്കിറങ്ങുന്നത്. അച്ഛൻ്റെ വഴിയാണ് ഞങ്ങളുടേതും എന്ന തിരിച്ചറിവിലായിരുന്നിരിക്കണം അത്. അച്ഛൻ മുന്നേ നടക്കുമ്പോൾ അവരുടെ ചുവടുകൾ തെറ്റില്ല. സത്യേട്ടൻ്റെ മൂത്ത മകൻ അരുൺ എം.ബി.എ.കഴിഞ്ഞ ശേഷം സിനിമ തിരഞ്ഞെടുക്കാതെ ബിസിനസ് രംഗത്താണ്. ഇവിടെയും സത്യൻ അന്തിക്കാട് സിനിമകൾ നമ്മുടെ മനസ്സിലേക്കെത്തുന്നു. ഈ നല്ല നിമിഷത്തിൽ ഞാൻ ഓർക്കുന്നത് മറ്റൊരാളെയാണ്. സത്യേട്ടൻ്റെ ഭാര്യയും അനൂപിൻ്റേയും അഖിലിൻ്റേയും അമ്മയുമായ നിർമല എന്ന നിമ്മിച്ചേച്ചിയെ. സത്യേട്ടൻ എഴുതിയ 'ഒരു നിമിഷം തരൂ നിന്നിലലിയാൻ' പാട്ടിലെ 'നിര്‍മ്മലേ എന്‍ അനുരാഗം തളിര്‍ത്തുവെങ്കില്‍' എന്ന വരികളിലെ നായിക. അന്തിക്കാട്ടെ വീട്ടിലും പറമ്പിലുമായി മറഞ്ഞു നിൽക്കുന്ന, ചേച്ചിയാണ് യഥാർഥത്തിൽ സത്യൻ അന്തിക്കാട് നായകനാകുന്ന കുടുംബകഥയിലെ ഏറ്റവും ഹൃദ്യമായ കഥാപാത്രം. ഭർത്താവും മക്കളും നേട്ടങ്ങളിലേക്ക് വളരുന്നത് തൻ്റേതായ ലോകത്തു നിന്നു കണ്ട് സന്തോഷിക്കുന്നയാൾ. മക്കളിൽ രണ്ടാമത്തെയാളും സംവിധായകനാകുന്ന ഈ പകലിലും നിമ്മിച്ചേച്ചി വാഴയിലത്തണലിനോ പടർന്നേറി നിൽക്കുന്ന പയർ വള്ളികൾക്കിടയിലോ ആയിരിക്കും. അതാണ് നല്ല കൃഷിക്കാരിയായ അവരുടെ സന്തോഷം. അവിടത്തെ തോട്ടത്തിലെ നൂറുമേനി പോലെ അഖിലിൻ്റെ സിനിമയും പൊലിക്കട്ടെ. ഒരിക്കൽക്കൂടി വിജയാശംസകൾ

വിജി വെങ്കിടേഷ് ആണ് ഫഹദിനൊപ്പം നിർണായക റോളിൽ ചിത്രത്തിലുള്ളത്. ഇന്നസെന്റ്, വിജയരാഘവന്‍, അഞ്ജന ജയപ്രകാശ്, വിനീത് എന്നിവരും ചിത്രത്തിലുണ്ട്. മുംബൈയില്‍ സ്ഥിരതമാസമാക്കിയ മലയാളിയെ ആണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്.

അമ്പിളി എന്ന സിനിമയുടെ ഛായാഗ്രാഹകനായിരുന്ന ശരണ്‍ വേലായുധനാണ് ക്യാമറ. രാജീവന്‍ പ്രൊഡക്ഷന്‍ ഡിസൈനും ദക്ഷിണേന്ത്യയിലെ മുന്‍നിര സംഗീത സംവിധായകനായ ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും. അഖില്‍ സത്യന്‍ തന്നെയാണ് തിരക്കഥയും എഡിറ്റിംഗും.

രാജ്യാന്തര അംഗീകാരങ്ങൾ ലഭിച്ച ദാറ്റ്സ് മൈ ബോയ് എന്ന ഡോക്യുമെന്ററിയുടെ സംവിധായകനുമാണ് അഖിൽ സത്യൻ. ഞാൻ പ്രകാശൻ, ജോമോൻ്റെ സുവിശേഷങ്ങൾ, ഒരു ഇന്ത്യൻ പ്രണയകഥ എന്നീ സത്യൻ അന്തിക്കാട് സിനിമകളിൽ സഹസംവിധായകനായിരുന്നു അഖിൽ സത്യൻ.

രാജീവനാണ് പ്രൊഡക്ഷൻ ഡിസൈൻ. ഉത്തരാ മേനോൻ കോസ്റ്റിയൂംസും പാണ്ഡ്യൻ മേക്കപ്പും മനു മഞ്ജിത്ത് ഗാനരചനയും നിർവഹിക്കുന്നു. ഞാൻ പ്രകാശൻ എന്ന സിനിമക്ക് ശേഷം ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാട് നിർമ്മിക്കുന്ന ചിത്രവുമാണ് പാച്ചുവും അത്ഭുതവിളക്കും.

Related Stories

No stories found.
logo
The Cue
www.thecue.in