
മോഹൻലാൽ നായകനായി അനൂപ് മേനോന്റെ സംവിധാനത്തിൽ സിനിമ വരുന്നു. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ വിശദാംശങ്ങൾ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടു. ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയൊരു പ്രൊഡക്ഷൻ കമ്പനി കൂടി എത്തുകയാണ്. അനൂപ് മേനോൻ, നിർമ്മാണ കമ്പനിയായ ടൈംലെസ് സിനിമാസിന്റെ പ്രതിനിധികളായ അരുൺ ചന്ദ്രകുമാർ, സുജിത്ത് കെ.എസ് എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് മോഹൻലാൽ ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളിൽ ചിത്രീകരിക്കുന്ന ഈ സിനിമ പ്രണത്തിലൂടേയും ആഗ്രഹത്തിലൂടേയും സംഗീതത്തിലൂടെയുമെല്ലാമുള്ള ഒരു യാത്രയായിരിക്കുമെന്ന് മോഹൻലാൽ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. മികച്ച പിന്നണി പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ കഥ തന്റെ ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്നതാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ടൈംലെസ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടണ് കുറിപ്പ് അവസാനിക്കുന്നത്.
മലയാള സിനിമാ രംഗത്തേക്ക് എത്തുന്ന ഏറ്റവും പുതിയ നിർമ്മാണ കമ്പനിയാണ് ടൈംലെസ് സിനിമാസ്. ഏറെ പ്രതീക്ഷ നൽകുന്ന മറ്റ് പ്രോജക്ടുകളുടെ പ്രഖ്യാപനങ്ങളും ടൈംലെസ് സിനിമാസിന്റേതായി പുറത്തുവരാനുണ്ടെന്നാണ് സൂചന. മികച്ച സിനിമകൾ മലയാളത്തിന് സമ്മാനിക്കുക എന്നതാണ് ടൈംലെസ് സിനിമാസിന്റെ ലക്ഷ്യമെന്ന് നിർമാണ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അരുൺ ചന്ദ്രകുമാർ പറഞ്ഞു.