ആരുടേതാണ് അന്യന്‍? റീമേക്ക് തടയാന്‍ ഓസ്‌കര്‍ രവിചന്ദ്രന്‍

ആരുടേതാണ് അന്യന്‍? റീമേക്ക് തടയാന്‍ ഓസ്‌കര്‍ രവിചന്ദ്രന്‍

'അന്യന്‍' ഹിന്ദി റീമേക്കിനെതിരെ നിര്‍മ്മാതാവ് ഓസ്‌കര്‍ രവിചന്ദ്രന്‍. സംവിധായകന്‍ ശങ്കറിനെതിരെയും ഹിന്ദി പതിപ്പിന്റെ നിര്‍മ്മാതാവ് ജയനിതാള്‍ ഗദ്ദയ്ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് രവിചന്ദ്രന്‍ അറിയിച്ചു. നേരത്തെ ശങ്കറിനെതിരെ സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പറിലും രവിചന്ദ്രന്‍ പരാതി നല്‍കിയിരുന്നു. രവിചന്ദ്രന് ചേമ്പറിന്റെ പിന്തുണയുണ്ടാവുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമയുടെ പകര്‍പ്പവകാശം തനിക്ക് സ്വന്തമാണെന്നും തന്റെ സമ്മതം ഇല്ലാതെ അവര്‍ക്ക് സിനിമ റീമേക്ക് ചെയ്യാനാവില്ലെന്നും രവിചന്ദ്രന് പറഞ്ഞു. അന്യന്‍ സിനിമയുടെ കഥയും തിരക്കഥയും തന്റേതാണെന്നും അത് മറ്റൊരാള്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശമില്ലെന്നും നേരത്തെ ശങ്കര്‍ പ്രതികരിച്ചിരുന്നു.

'ശങ്കറിന് എന്ത് വേണമെങ്കിലും അവകാശപ്പെടാം. പക്ഷെ എല്ലാവര്‍ക്കും അറിയാം 'അന്യന്‍' എന്റെ സിനിമയാണെന്ന്. ഞാനാണ് ശങ്കറിനെ സംവിധാനം ചെയ്യാന്‍ ഏല്‍പ്പിച്ചത്', എന്നായിരുന്നു രവിചന്ദ്രന്റെ പ്രതികരണം.

മദ്രാസ് ഹൈക്കോടതിയില്‍ രവിചന്ദ്രന്‍ പരാതി സമര്‍പ്പിക്കുമെന്നാണ് വിവരം. സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ മുംബൈ അസോസിയേഷനുമായി സംസാരിച്ച ശേഷം മാത്രമാകും നടപടി. ശങ്കറുമായും നിര്‍മ്മാതാവ് ജയനിതാള്‍ ഗദ്ദയുമായും രവിചന്ദ്രന്‍ ചര്‍ച്ച നടത്തുമെന്നും വിവരമുണ്ട്.

വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് റീമേക്കിന് ഒരുങ്ങുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ആണ് ശങ്കറും ജയനിതാള്‍ ഗദ്ദയും രണ്‍വീര്‍ സിങിനെ നായകനാക്കി അന്യന്‍ റീമേക്ക് പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in