'അണ്ണാച്ചി'; മലയാളികള്‍ക്ക് കളിയാക്കുന്നതും, തമിഴര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതും ഒറ്റ വാക്കില്‍; സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍

'അണ്ണാച്ചി'; മലയാളികള്‍ക്ക് കളിയാക്കുന്നതും, തമിഴര്‍ സ്‌നേഹം പ്രകടിപ്പിക്കുന്നതും ഒറ്റ വാക്കില്‍; സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍

ഭാഷയും അതിര്‍ത്തിയും വച്ച് മനുഷ്യരെ വേര്‍തിരിക്കുന്നതിനെ പറ്റിയും സംസാരിക്കുന്ന ചിത്രമാണ് 'ചാള്‍സ് എന്റര്‍പ്രൈസസ്' എന്ന് സംവിധായകന്‍ സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍. കൊച്ചിയിലെ തമിഴ് കമ്മ്യൂണിറ്റിയെ മുന്‍നിര്‍ത്തി കഥ പറയുന്ന ചിത്രത്തില്‍ വാത്തുരുത്തി കോളനിയിലുള്ളവരെ കൊണ്ട് മലയാളം പറയിപ്പിച്ചിട്ടില്ല എന്ന് സുഭാഷ് പറയുന്നു. ഉര്‍വശി, ബാലു വര്‍ഗ്ഗീസ്, കലൈയരസന്‍, ഗുരു സോമസുന്ദരം, അഭിജ ശിവകല എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സുഭാഷിന്റേതാണ്.

ഭാഷയ്ക്കതീതമായി പറയാവുന്ന ഒരുപാട് തലങ്ങളും, രാഷ്ട്രീയവുമുണ്ട് ഈ സിനിമയ്ക്ക്. മലയാളികള്‍ കളിയാക്കുന്നതും തമിഴര്‍ പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുന്നതും 'അണ്ണാച്ചി' എന്ന ഒറ്റ വാക്കുകൊണ്ടാണ്, ഭാഷയും അതിര്‍ത്തിയും വച്ച് മനുഷ്യരെ വേര്‍തിരിക്കുന്നതിനെ പറ്റിക്കൂടെയാണ് ചിത്രം സംസാരിക്കുന്നത് എന്ന് സുഭാഷ് ദ ക്യുവിനോട് പറഞ്ഞു.

ചിത്രത്തില്‍ എഴുപത് ശതമാനം ആളുകളും മലയാളമാണ് സംസാരിക്കുന്നത്. വാത്തുരുത്തി കോളനിയില്‍ ഉള്ളവരെ കൊണ്ട് മലയാളം പറയിപ്പിച്ചിട്ടില്ല. ഇതിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് 'കാക്കാമുട്ടൈ'യുടെ സംഭാഷണങ്ങള്‍ എഴുതിയ ആനന്ദ് കുമരേശനാണ്. പാട്ടുകള്‍ ആയാലും തമിഴിലുണ്ട്. പാട്ടുകളെഴുതിയ നാച്ചിയെയും, ആനന്ദ് കുമരേശനെയും കൊച്ചി കൊണ്ട് വന്ന് കാണിച്ച ശേഷമാണ് അവര്‍ അവരുടെ ജോലി തുടങ്ങിയത്. രാവിലെ കടവന്ത്ര ജംഗ്ഷനില്‍ വന്ന് നിന്ന് ഞാന്‍ അവിടെ വരുന്ന തമിഴ് തൊഴിലാളികളോട് സംസാരിക്കും, അവര്‍ സംസാരിക്കുന്നത് തമിഴിലാണ്. പിന്നെ നമ്മള്‍ എന്തിനാണ് മലയാളത്തില്‍ ഡയലോഗ് എഴുതുന്നത്? തൊഴിലാളികളെ, അഥവാ മനുഷ്യരെ നമ്മള്‍ ഏതു രീതിയിലാണ് ഐഡന്റിഫൈ ചെയ്യേണ്ടത് എന്നു പറയുന്ന ഒരു രാഷ്ട്രീയം സിനിമ പറഞ്ഞു വയ്ക്കുന്നുണ്ട്. ഭാഷയും, അതിര്‍ത്തിയുമെല്ലാം വച്ച് മനുഷ്യരെ വേര്‍തിരിക്കുന്നതിനെ പറ്റി ചിത്രം സംസാരിക്കുന്നുണ്ട്. തമിഴരെ അണ്ണാച്ചി എന്ന വാക്ക് വച്ച് വിളിക്കാറുണ്ട്. മലയാളി കളിയാക്കി വിളിക്കുന്നതും, തമിഴര്‍ പരസ്പരം സ്നേഹത്തോടെ വിളിക്കുന്നതും ആ ഒരേ വാക്ക് കൊണ്ടാണ്. ഭാഷക്കതീതമായി പറയാവുന്ന ഒരുപാട് തലങ്ങളും, രാഷ്ട്രീയവുമുണ്ട് ഈ സിനിമക്ക്.

സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍

ചിത്രം റിലയന്‍സ് എന്റര്‍ടൈന്മെന്റും, ജോയ് മൂവീസും, എപി ഇന്റര്‍നാഷണലും ചേര്‍ന്നാണ് തിയേറ്ററുകളിലെത്തിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.

സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, വിനീത് തട്ടില്‍, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനു, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ചിത്രസംയോജനം അച്ചു വിജയനാണ് കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി, സുഭാഷ് ലളിതസുബ്രഹ്‌മണ്യന്‍ എന്നിവരുടെ വരികള്‍ക്ക് സുബ്രഹ്‌മണ്യന്‍ കെ.വിയാണ് സംഗീതം പകരുന്നത്. അശോക് പൊന്നപ്പന്റെതാണ് പശ്ചാത്തല സംഗീതം. കലാസംവിധാനം: മനു ജഗദ്, നിര്‍മ്മാണ നിര്‍വ്വഹണം: ദീപക് പരമേശ്വരന്‍, നിര്‍മ്മാണ സഹകരണം: പ്രദീപ് മേനോന്‍, അനൂപ് രാജ് വസ്ത്രാലങ്കാരം: അരവിന്ദ് കെ ആര്‍, മേക്കപ്പ്: സുരേഷ്, പി ആര്‍ ഒ: വൈശാഖ് സി വടക്കേവീട്, ദിനേശ്. ചിത്രം മെയ് 19 ന് പ്രദര്‍ശനത്തിനെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in