ആന്‍ അഗസ്റ്റിന്‍ ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യ്ക്ക് തുടക്കം; ആശംസകളുമായി കെ.കെ ശൈലജ

ആന്‍ അഗസ്റ്റിന്‍ ചിത്രം 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യ്ക്ക് തുടക്കം; ആശംസകളുമായി കെ.കെ ശൈലജ

ആന്‍ അഗസ്റ്റിന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചടങ്ങില്‍ മുന്‍ മന്ത്രി കെകെ ശൈലജയും പങ്കെടുത്തു. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യം ലഭിക്കുന്ന സിനിമയാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സിനിമാ ചിത്രീകരണത്തിന്റെ പ്രാരംഭം കുറിക്കുന്നതോടൊപ്പം എല്ലാ വിധ ആശംസകളും അര്‍പ്പിക്കുന്നുവെന്ന് കെകെ ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എം.മുകുന്ദന്റെ ചെറുകഥയായ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. എം. മുകുന്ദന്‍ ആദ്യമായി തിരിക്കഥ എഴുതുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സന്തോഷ് തുണ്ടിയിലാണ് ചിത്രത്തിന്റെ ക്യാമറ. പ്രഭാവര്‍മ്മ രചന നിര്‍വ്വഹിച്ച ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഔസേപ്പച്ചനാണ്. മാഹിയും തലശ്ശേരിയുമാണ് പ്രധാന ലൊക്കേഷന്‍. എം മുകുന്ദന്റെ ചെറുകഥയില്‍ നിന്ന് സിനിമയിലേക്ക് വരുമ്പോള്‍ കുറേ കൂടി ഭാഗങ്ങള്‍ തിരക്കഥയില്‍ എഴുതി ചേര്‍ത്തിട്ടുണ്ടെന്ന് സംവിധായകന്‍ ഹരികുമാര്‍ വ്യക്തമാക്കിയിരുന്നു.

കെ.കെ ശൈലജയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

മലയാളികളുടെ അഭിമാനമായ എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥ സിനിമയാവുകയാണ്. സ്ത്രീ കഥാപാത്രത്തിന് ഏറെ പ്രാധാന്യം ലഭിക്കുന്ന സിനിമയാണ് ഇത്. സുകൃതം അടക്കം പ്രശസ്ത സിനിമകള്‍ സംവിധാനം ചെയ്ത ഹരികുമാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. പൂര്‍ണമായും മാഹിയില്‍ ചിത്രീകരിക്കുന്ന സിനിമ മയ്യഴിയുടെ മുഴുവന്‍ സൗന്ദര്യവും ഒപ്പിയെടുക്കുന്നതായിരിക്കും എന്നതില്‍ സംശയമില്ല. മയ്യഴിയുടെ പുതിയ കഥാ ജീവിത സാഹചര്യങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ അത് ഇന്നത്തെ സമുഹത്തിന്റെ ജീവന്‍ തുടിക്കുന്ന ഒരു ഏടായിരിക്കും. സിനിമാ ചിത്രീകരണത്തിന്റെ പ്രാരംഭം കുറിക്കുന്നതോടൊപ്പം എല്ലാ വിധ ആശംസകളും അര്‍പ്പിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in