വിജയ് ദേവരകൊണ്ട ഫാന്‍സ് 'ആന്റി' എന്ന് വിളിച്ച് അധിക്ഷേപിച്ചു; കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് നടി അനസൂയ ഭരദ്വാജ്

വിജയ് ദേവരകൊണ്ട ഫാന്‍സ് 'ആന്റി' എന്ന് വിളിച്ച് അധിക്ഷേപിച്ചു; കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് നടി അനസൂയ ഭരദ്വാജ്

സമൂഹമാധ്യമങ്ങളില്‍ നടന്‍ വിജയ് ദേവരകൊണ്ടയുടെ ആരാധകരുടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി അനസൂയ ഭരദ്വാജ്. 'ആന്റി' എന്ന് വിളിച്ചുകൊണ്ട് പരിഹസിക്കുന്നവരോട് ട്വിറ്ററിലൂടെയായിരുന്നു അനസൂയയുടെ പ്രതികരണം. ഇത്തരത്തില്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവരുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് കേസ് കൊടുക്കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

വിജയ് ദേവരകൊണ്ടയുടെ 'ലൈഗര്‍' എന്ന ചിത്രത്തിന്റെ നെഗറ്റീവ് റിവ്യൂകളെ കുറിച്ച് അനസൂയ പങ്കുവെച്ച കുറിപ്പിനെ തുടര്‍ന്നാണ് ആരാധകരുടെ സൈബര്‍ ആക്രമണം.

'എന്നെ ആന്റി എന്ന് വിളിച്ച് അധിക്ഷേപിക്കുകയും എയ്ജ് ഷെയിം ചെയ്യുകയും ചെയ്യുന്ന എല്ലാ ട്വീറ്റുകളുടെയും സ്‌ക്രീന്‍ ഷോട്ട് ഞാന്‍ എടുക്കുന്നുണ്ട്. ഇതിലേക്ക് എന്റെ കുടുംബത്തേയും വലിച്ചിഴച്ചിരിക്കുകയാണ്. ഇതിനെതിരെ ഞാന്‍ കേസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. എന്നെ ആക്രമിക്കേണ്ടായിരുന്നു എന്ന് തോന്നുന്ന തരത്തിലേക്ക് ഞാന്‍ ഇതിനെ കൊണ്ടെത്തിച്ചിരിക്കും. ഇതെന്റെ അവസാനത്തെ താക്കീതാണ്.

അതിനൊപ്പം തന്നെ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും ഞാന്‍ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നും മനസിലാകുന്നത് വരെ എല്ലാ അധിക്ഷേപ ട്വീറ്റുകളും ഞാന്‍ റീട്വീറ്റ് ചെയ്യുകയും ചെയ്യും. ആരാധകര്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കാന്‍ ഞാന്‍ ഭീരുവല്ല. എന്നെ അധിക്ഷേപിക്കാന്‍ ഫേക്ക് പ്രൊഫൈലുകള്‍ക്ക് പണം നല്‍കുകയും ഇത്രയും വര്‍ഷക്കാലം അത് തുടരുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് ശരിക്കും അറിയില്ല', എന്നാണ് അനസൂയ ട്വീറ്റ് ചെയ്തത്.

'സ്റ്റേ നോ ടു ഓണ്‍ലൈന്‍ അബ്യൂസ്' എന്ന ഹാഷ് ടാഗില്‍ നിരവധി ട്വീറ്റുകളാണ് നടി ഇതുമായി ബന്ധപ്പെട്ട് തെലുങ്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇതെല്ലാം ജനശ്രദ്ധ പിടിച്ചുപറ്റുന്നതിനുള്ള വിലകുറഞ്ഞ പ്രവൃത്തിയല്ലെ എന്ന ചോദിക്കുന്നവരോടും അനസൂയ പ്രതികരിച്ചു.

'ഇത്തരം വ്യക്തിപരമായ അധിക്ഷേപങ്ങള്‍ സാധാരണമല്ലേ എന്ന് കരുതി അവഗണിച്ച് മുമ്പോട്ടു പോകുന്നത് ശരിയല്ല. സ്ത്രീകളെ വ്യക്തിഹത്യ നടത്തുന്നവരെ അങ്ങനെ വെറുതെ വിടുന്നത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുക', എന്നായിരുന്നു നടിയുടെ പ്രതികരണം.

'ഭീഷ്മപര്‍വത്തി'ല്‍ മമ്മൂട്ടിയുടെ നായികയായ ആലീസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനസൂയ ഭരദ്വാജ് ആണ്. അല്ലു അര്‍ജുന്റെ 'പുഷ്പ ദി റൈസി'ലും അനസൂയ പ്രധാന കഥാപാത്രമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in