പൃഥ്വിരാജിനെ 'ലംബോര്‍ഗിനി' കാണിക്കണം, പ്രചോദനം ആ കാറാണ്; വൈറല്‍ ലംബോര്‍ഗിനിയുടെ ഉടമ പറയുന്നു

പൃഥ്വിരാജിനെ 'ലംബോര്‍ഗിനി' കാണിക്കണം, പ്രചോദനം ആ കാറാണ്; വൈറല്‍ ലംബോര്‍ഗിനിയുടെ ഉടമ പറയുന്നു

'വൈറൽ ലംബോർഗിനി’ യുടെ ഉടമ അനസിനെ അഭിനന്ദിച്ച് സാക്ഷാൽ ലംബോർഗിനി. ബെംഗളൂരുവിലെ ഓഫിസിൽ നിന്നുമാണ് അനസ് സ്വന്തമായി ഉണ്ടാക്കിയ വാഹനം കണ്ട് വിളി വന്നത്.'സത്യം പറഞ്ഞാൽ പൃഥ്വിരാജിന്റെ ലംബോർഗിനിയാണ് എന്റെ പ്രചോദനം. അദ്ദേഹത്തിന്റെ വാഹനം കണ്ടാണ് ഇത് നിർമിച്ചത്. എന്റെ ലംബോർഗിനി പൃഥ്വിരാജ് കണ്ടിരുന്നെങ്കിൽ എന്നൊരാഗ്രഹമുണ്ട്', അനസ് പറയുന്നു.

പന്തൽ പണിയും കേറ്ററിങ് വർക്കും ചെയ്ത് നേടിയ 2 ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് അനസ് കാഴ്ച്ചയിൽ ലംബോർഗിനിക്ക് സമാനമായ വാഹനം ഉണ്ടാക്കിയത്. വാഹനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വാഹനനിർമാതാക്കൾ ഉൾപ്പടെ അനേകം പേർ തന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചെന്ന് അനസ്.

പതിനെട്ടു മാസം കൊണ്ടാണ് അനസ് വാഹനത്തിന്റെ പണി പൂർത്തിയാക്കിയത്. 110 സിസി ബൈക്കിന്റെ എൻജിൻ ഉപയോഗിച്ചാണു നിർമാണം. ഒറിജിനൽ ലംബോർഗിനിയുടേതു പോലെത്തന്നെയാണ് മറ്റു സൗകര്യങ്ങൾ. പഴയ ഫ്ലെക്സും പ്ലാസ്റ്റിക് വസ്തുക്കളും വരെ നിർമാണത്തിൽ ഉപയോഗിച്ചു.ഡിസ്ക് ബ്രേക്ക്, പവർ വിൻഡോ, സൺ റൂഫ്, മുന്നിലും പിന്നിലും ക്യാമറകൾ തുടങ്ങി ഒരു ആഡംബര വാഹനത്തിലെ സൗകര്യങ്ങളെല്ലാം അനസിന്റെ ‘ലംബോർഗിനിയിലുമുണ്ട്’. അര ലക്ഷം രൂപ കൂടി മുടക്കി ഇലക്ട്രിക് വാഹനമാക്കണമെന്നാണ് ആഗ്രഹം. ഒരിക്കൽ ആലുവയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിൽ ലംബോർഗിനി പ്രതാപത്തോടെ നിൽക്കുന്നതു കണ്ടപ്പോൾ മുതലാണ് സ്വപ്നങ്ങളുടെ തുടക്കമെന്നും എംബിഎ ബിരുദധാരിയായ അനസ് പറയുന്നു.

മൂന്ന് വർഷം മുൻപായിരുന്നു അനസിന്റെ പിതാവ് ബേബി മരണപ്പെട്ടത്. അമ്മ മേഴ്സിയും അനുജൻ അജസുമാണ് ഇപ്പോൾ വീട്ടിലുള്ളത്. മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് അജസ്. 2018ലെ പ്രളയത്തിൽ ഇവരുടെ വീടിനു നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in