ലോക പ്രീമിയറിലെ ഏക ഇന്ത്യൻ ചിത്രം; ’അമ്മ അറിയാൻ’ കാൻ ചലച്ചിത്രമേളയിലേക്ക്

ലോക പ്രീമിയറിലെ ഏക ഇന്ത്യൻ ചിത്രം; ’അമ്മ അറിയാൻ’ കാൻ ചലച്ചിത്രമേളയിലേക്ക്
Published on

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ 4കെ റീസ്റ്റോറേഷൻ ചെയ്ത ജോൺ എബ്രഹാം ചിത്രം 'അമ്മ അറിയാൻ' കാൻ ചലച്ചിത്രമേളയിലേക്ക്. കാൻ 2026 ലോക പ്രീമിയറിലെ ഇന്ത്യയുടെ ഏക എൻട്രിയായാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ നായകൻ ജോയ് മാത്യു, ഛായാഗ്രാഹകൻ വേണു, എഡിറ്റർ ബീനാപോൾ എന്നിവരും ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഡയറക്ടർ ശിവേന്ദ്രസിങ് ദുംഗാർപൂറും ചേർന്ന് കാനിൽ ചിത്രം അവതരിപ്പിക്കും. 16-ന് വൈകീട്ട് 3.45-ന് കാനിലെ ബുനുവൽ തിയറ്ററിലാണ് സ്ക്രീനിങ്.

ഇന്ത്യന്‍ സിനിമയിലെ വിപ്ലവാത്മക ശബ്ദങ്ങളിലൊരാളാണ് സംവിധായകന്‍ ജോണ്‍ എബ്രഹാമെന്ന് ചലച്ചിത്ര സംവിധായകന്‍ കൂടിയായ ശിവേന്ദ്രസിംഗ് ദുംഗാര്‍പൂര്‍ പറഞ്ഞു. പതിവ് കഥപറച്ചില്‍ രീതികളെയും കൃത്രിമ സൗന്ദര്യവല്‍ക്കരണത്തെയും വാണിജ്യ ചട്ടക്കൂടുകളെയും വെല്ലുവിളിച്ച് കൃത്യമായ രാഷ്ട്രീയ മാനങ്ങളുള്ള ഉള്ളടക്കം കൊണ്ടും അതിന്റെ സാമൂഹ്യ സാഹചര്യം ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ കൊണ്ടും സിനിമകള്‍ സൃഷ്ടിച്ച് അന്നത്തെയും എന്നത്തേയും പ്രേക്ഷകരെ സ്വാധീനിക്കാന്‍ ജോണ്‍ എബ്രാഹാമിലെ സംവിധായകന് കഴിഞ്ഞു.

ജോൺ എബ്രഹാം സംവിധാനം ചെയ്ത നാൾ ചിത്രങ്ങളിൽ അവസാനത്തെ സിനിമയായിരുന്നു 'അമ്മ അറിയാൻ'. 2001-ല്‍ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച 10 ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ജോണ്‍ എബ്രഹാമിന്റെ ഈ കള്‍ട്ട് മലയാളം സിനിമയ്ക്കു ലഭിക്കുന്ന മറ്റൊരു വലിയ ആഗോള അംഗീകാരമാകും കാനിലെ സ്ക്രീനിങ്.

logo
The Cue
www.thecue.in