'ഒരോ അക്ഷരവും മൂന്നായി കാണുന്നു, മദ്യപിച്ച് ബാറ്റിംഗിനിറങ്ങിയ ഗാരി സോബേഴ്‌സിനെപ്പോലെ'; നേത്ര ശസ്ത്രക്രിയക്ക് ശേഷം അമിതാഭ് ബച്ചൻ

'ഒരോ അക്ഷരവും മൂന്നായി കാണുന്നു, മദ്യപിച്ച് ബാറ്റിംഗിനിറങ്ങിയ ഗാരി സോബേഴ്‌സിനെപ്പോലെ'; നേത്ര  ശസ്ത്രക്രിയക്ക് ശേഷം അമിതാഭ് ബച്ചൻ

നേത്ര ശസ്ത്രക്രിയക്ക് ശേഷം താൻ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ബ്ലോഗിൽ പങ്കുവെച്ച് അമിതാഭ് ബച്ചൻ. ഈ പ്രായത്തിലെ ശസ്ത്രക്രിയ സങ്കീർണ്ണമാണെന്നും ശരിയായി കാണാനോ എഴുതാനോ വായിക്കാനോ പറ്റാത്ത അവസ്ഥയാണെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു. മദ്യപിച്ച് ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ഗാരി സോബേഴ്‌സിന്റെ അവസ്ഥയിലാണ് ഇപ്പോഴെന്നും താൻ എഴുതിയ കുറിപ്പിൽ എന്തെങ്കിലും അക്ഷരതെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നും അദ്ദേഹം ബ്ലോഗിൽ കുറിച്ചു.

അമിതാഭ് ബച്ചന്റെ കുറിപ്പ്

ഒരു കണ്ണില്‍ ശസ്ത്രക്രിയ കഴിഞ്ഞു. മറ്റേ കണ്ണിലും ചെയ്യണം. ഈ പ്രായത്തില്‍ നേത്ര ശസ്ത്രക്രിയ സങ്കീര്‍ണമാണ്. അങ്ങേയറ്റം സൂക്ഷ്മത വേണം. അതിനാല്‍ പൂര്‍ണ രോഗമുക്തിക്ക് സമയമെടുക്കും. ശരിയായി കാണാനോ എഴുതാനോ വായിക്കാനോ പറ്റാത്ത അവസ്ഥയാണ്. എഴുതുന്നതില്‍ അക്ഷരത്തെറ്റുണ്ടാവും, ക്ഷമിക്കുക. മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ പാട്ടുകേട്ടും ചിന്തയില്‍ മുഴുകി സമയം കളയുകയാണ്. ഇത് നിസ്സാരമല്ല. ശക്തരായ എതിരാളികളുമായുള്ള നിര്‍ണായകമായ മത്സരത്തില്‍ മോശം അവസ്ഥയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. കളി തോല്‍ക്കുമെന്ന സ്ഥിതിയായി. അപ്പോള്‍ ഡ്രസിംഗ് റൂമിലായിരുന്ന ഗാരി സോബേഴ്‌സ് അവിടിരുന്ന റം കുപ്പി തുറന്ന് അതില്‍നിന്ന് കഴിച്ചു. തന്റെ അവസരമായപ്പോള്‍ നേരെ ക്രീസിലെത്തി, കരിയറിലെ തന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കണ്ടെത്തി ടീമിനെ ജയിപ്പിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്ന് പിന്നീട് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, 'ബാറ്റ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ഒരു പന്തിന് പകരം മൂന്ന് പന്തുകള്‍ കണ്ടു. അതില്‍ നടുവിലെ പന്ത് നോക്കി അടിക്കുകയായിരുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ കഥ എത്രത്തോളം വിശ്വസനീയമാണെന്ന് അറിയില്ലെങ്കിലും സമാന അവസ്ഥയിലാണ് ഞാനും. ടൈപ്പ് ചെയ്യാനിരിക്കുമ്പോള്‍ ഒരോ അക്ഷരവും മൂന്നായി കാണുന്നു. നടുവിലെ അക്ഷരത്തിലാണ് വിരലമര്‍ത്തുന്നത്.

അമിതാഭ് ബച്ചന്റെ സുഖ വിവരം തിരക്കിയ ആരാധകർക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. നിലവില്‍ മെയ്ഡേ എന്ന സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ബച്ചന്‍. അജയ് ദേവ്ഗണ്‍, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in