'അത് വലിയ തെറ്റിദ്ധാരണയാണ്, ​രാജുവേട്ടൻ ഒരിക്കലും അങ്ങനെ പറ‍ഞ്ഞിട്ടില്ല'; 'അമർ അക്ബർ അന്തോണി' വിഷയത്തിൽ മറുപടിയുമായി ആസിഫ് അലി

'അത് വലിയ തെറ്റിദ്ധാരണയാണ്, ​രാജുവേട്ടൻ ഒരിക്കലും അങ്ങനെ പറ‍ഞ്ഞിട്ടില്ല'; 'അമർ അക്ബർ അന്തോണി' വിഷയത്തിൽ മറുപടിയുമായി ആസിഫ് അലി

‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിൽ താൻ ചെയ്യാനിരുന്ന കഥാപാത്രം നടൻ പൃഥ്വിരാജിന്റെ നിർദേശ പ്രകാരം സംവിധായകൻ നാദിർഷ മറ്റൊരാൾക്ക് നൽകിയെന്ന ആരോപണത്തിന് മറുപടിയുമായി നടൻ ആസിഫ് അലി. ചിത്രത്തിൽ നിന്നും തന്നെ മാറ്റാൻ പൃഥ്വിരാജ് ശ്രമിച്ചിട്ടില്ലെന്നും അത് തെറ്റിദ്ധാരണയാണെന്നും ആസിഫ് അലി പറയുന്നു. അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിൽ ആ മൂന്ന് പേർ ആണെങ്കിൽ അത് കറക്റ്റ് ആവും എന്നാണ് പറഞ്ഞത്. ആ സ്ക്രീൻ സ്പേയ്സിൽ തന്നെ കൊണ്ട് നിർത്തിയാൽ ഞാൻ അവരുടെ ഒരു അനിയനെ പോലെ തോന്നിയേക്കാം എന്നാണ് അദ്ദേഹം പറഞ്ഞത് അല്ലാതെ എന്നെ ആ സിനിമയിൽ നിന്നും മാറ്റണമെന്ന് രാജുവേട്ടൻ ഒരിക്കലും പറഞ്ഞിട്ടില്ല എന്നും സോഷ്യൽ മീ‍ഡിയയില്ഡ‍ നടക്കുന്ന ചർച്ചകൾക്ക് മറുപടി കൊടുക്കുന്ന ഒരാളല്ല താൻ എന്നും എന്നാൽ ഇതിന് ഒരു ക്ലാരിറ്റി തരണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു എന്നും ഇന്ത്യൻ സിനിമ ഗാലറിക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞു.

ആസിഫ് അലി പറഞ്ഞത്:

അത് വലിയ തെറ്റിദ്ധാരണയാണ്. ഒരിക്കലും ​രാജുവേട്ടൻ അങ്ങനെ പറ‍ഞ്ഞിട്ടില്ല. അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം അതല്ല. അവർ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിൽ ആ മൂന്ന് പേർ ആണെങ്കിൽ അത് കറക്റ്റ് ആവും എന്നാണ് പറഞ്ഞത്. ആ സ്ക്രീൻ സ്പേയ്സിൽ ഞാൻ പോയി നിന്നാൽ ഇപ്പോഴും ആളുകൾക്ക് കാണുമ്പോൾ ഞാൻ ഒരു അനിയനെ പോലെ തോന്നിയേക്കാം. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. അല്ലാതെ എന്നെയൊരിക്കലും ആ സിനിമയിൽ നിന്ന് മാറ്റണം എന്നല്ല പറഞ്ഞത്. നാദിർഷിക്ക പറഞ്ഞതും നിങ്ങൾക്ക് കിട്ടിയതും തമ്മിലുള്ള വ്യത്യാസമാണ് അത്. ഞാനായിരുന്നെങ്കിൽ ഈ ഒരു സ്വീകാര്യത ഒരിക്കലും ചിലപ്പോൾ ആ സിനിമയ്ക്ക് കിട്ടിയെന്നു വരില്ല.ആ മൂന്നു പേരെ കണ്ടുകൊണ്ട് തന്നെയാണ്, ആ സിനിമ ആദ്യ ദിനം ആദ്യ ഷോ കാണാൻ എല്ലാവരും തീരുമാനിച്ചത്. അല്ലെങ്കിൽ ഞാൻ ഉള്ള സീനുകൾ ആളുകളെ കൂടുതൽ പറഞ്ഞു മനസ്സിലാക്കേണ്ടി വരും. എന്നാൽ ഈ ടീം എന്നത് ഓൾറെഡി കൺവീൻസിം​ഗ് ആണ്.

എന്റെ വ്യക്തിപരമായ വിഷമം എന്താണെന്നാൽ എനിക്കൊരു ആക്സിഡന്റ് ഉണ്ടായ സമയത്ത് അന്ന് മുതൽ എന്നെ വിളിച്ചോണ്ടിരിക്കുന്ന രണ്ട് പേരാണ് രജുചേട്ടനും സുപ്രിയ ചേച്ചിയും. രാജു ചേട്ടൻ എന്നെ വിളിച്ചിട്ട് ഞാൻ ഫോണെടുക്കാഞ്ഞിട്ട് സുപ്രിയ ചേച്ചി സമയുടെ ഫോണിലേക്ക് വിളിച്ച് കാര്യങ്ങൾ ചോദിച്ച് രാജു ചേട്ടനെ കാണിച്ച അതേ ഹോസ്പിറ്റലിലെ അതേ ഡോക്ടറിന്റെ അടുത്ത് തന്നെ പോകണം എന്നു പറ‍ഞ്ഞു.

സർജറി കഴിഞ്ഞപ്പോൾ, ഇനി എല്ലാം കഴിഞ്ഞു എന്ന് നീ കരുതരുത്, ഇനിയാണ് നീ അനുഭവിക്കാൻ പോകുന്നത് മൂന്നുമാസം വീട്ടിൽ കിടക്കുന്നത് ചെറിയ പണിയല്ല എന്നൊക്കെ പറഞ്ഞ് എന്റെ കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്നവരാണ് അവർ. ഞങ്ങളുടെ ഇടയിൽ വലിയ ഒരു പ്രശ്നമുണ്ടെന്ന് സോഷ്യൽ മീഡിയയിൽ കണ്ടപ്പോൾ എനിക്ക് അത് വളരെ വിഷമം ഉണ്ടാക്കിയ കാര്യമാണ്. സോഷ്യൽ മീഡിയയിൽ വരുന്ന ഒന്നിനും മറുപടി കൊടുക്കുന്ന ഒരാളല്ല ഞാൻ. പക്ഷേ ഇതിന് ഒരു ക്ലാരിറ്റി കൊടുക്കണം എന്ന് എനിക്ക് ഭയങ്കര ആ​ഗ്രഹമുണ്ടായിരുന്നു.

നാദിർഷാ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ചിത്രമാണ് അമർ അക്ബർ അന്തോണി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ചേർന്നാണ്. എന്നാൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി ആദ്യം കാസ്റ്റ് ചെയ്തത് ആസിഫ് അലിയെയായിരുന്നു എന്നും പൃഥ്വിരാജ് അഭിപ്രായത്താലാണ് അത് മാറ്റിയത് എന്നുമായിരുന്നു അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നാദിർഷ പറഞ്ഞത്. ഇതിന് പിന്നാലെ പൃഥ്വിരാജ് ആസിഫ് അലിയെ സിനിമയിൽ നിന്നും മാറ്റാൻ ശ്രമിച്ചു എന്ന് തരത്തിൽ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള ചർച്ചകൾ നടന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in