ഭീഷ്മപര്‍വ്വം തിയേറ്ററില്‍ തന്നെ കാണണം, മൊബൈലില്‍ സീന്‍ പകര്‍ത്തി ഷെയര്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു: അമല്‍ നീരദ്

ഭീഷ്മപര്‍വ്വം തിയേറ്ററില്‍ തന്നെ കാണണം, മൊബൈലില്‍ സീന്‍ പകര്‍ത്തി ഷെയര്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു: അമല്‍ നീരദ്

ഭീഷ്മപര്‍വ്വം തിയേറ്ററില്‍ പോയി ആരവങ്ങളോടെ ആസ്വദിക്കണമെന്ന് പ്രേക്ഷകരോട് സംവിധായകന്‍ അമല്‍ നീരദ്. ചിത്രത്തിന്റെ സീനുകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവെക്കരുതെന്നും അമല്‍ നീരദ് അഭ്യര്‍ത്ഥിച്ചു. ഫെയ്‌സ്ബുക്കിലായിരുന്നു പ്രതികരണം.

'കൊവിഡ് മഹാമാരി സമയത്ത് വളരെ എഫേര്‍ട്ട് എടുത്ത് ചിത്രീകരിച്ച സിനിമയാണ് ഭീഷ്മപര്‍വ്വം. അതുകൊണ്ട് സിനിമ തിയേറ്ററില്‍ തന്നെ പോയി അതിന്റെ ആരവങ്ങളോടെ കാണണമെന്ന് നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. സിനിമയുടെ ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുത്. ഇത് ഒരു അഭ്യര്‍ത്ഥനയാണ്. തിയേറ്ററില്‍ തന്നെ വന്ന് സിനിമ കണ്ട് ആസ്വദിക്കണം.' - അമല്‍ നീരദ്

ഇന്നാണ് (മാര്‍ച്ച് 3) ഭീഷ്മപര്‍വ്വം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. കൊവിഡിന് ശേഷം തിയേറ്ററില്‍ നൂറ് ശതമാനം പ്രവേശനാനുമതി അനുവദിച്ച ശേഷം റിലീസ് ആയ ചിത്രം കൂടിയാണിത്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം തീയറ്ററില്‍ എത്തുന്ന ആദ്യ മമ്മൂട്ടി ചിത്രമാണിത്.

ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിച്ച ചിത്രമാണ് ഭീഷ്മപര്‍വ്വം. ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്ക് പുറമെ സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, ജിനു ജോസഫ്, അബു സലീം, മാലാ പാര്‍വതി, നദിയ മൊയ്ദു, സൃന്ദ, ലെന തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in