ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'അം അഃ' നാളെ മുതൽ തിയറ്ററുകളിലെത്തും. ചിത്രം മികച്ചൊരു ത്രില്ലറായിരിക്കുമെന്നാണ് മുമ്പ് പുറത്തു വന്ന ചിത്രത്തിന്റെ ട്രെയലർ നൽകുന്ന സൂചന. ഇടുക്കിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ സ്റ്റീഫൻ എന്ന ദിലീഷ് പോത്തന്റെ കഥാപാത്രം കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. 'അം അഃ' എന്ന സിനിമയുടെ പേരിൽ ആത്മവിശ്വാസം തോന്നിയത് സിബി മലയിൽ സാറിനോട് സംസാരിച്ചപ്പോഴായിരുന്നു എന്ന് സംവിധായകൻ തോമസ് സെബാസ്റ്റ്യൻ മുമ്പ് ക്യു സ്റ്റുഡിയോയോട് പറഞ്ഞിരുന്നു.
തോമസ് സെബാസ്റ്റ്യൻ പറഞ്ഞത്:
'അം അഃ' എന്ന ടൈറ്റിൽ എന്നോട് കവി പ്രസാദ് പറയുമ്പോൾ എനിക്കും ആശയക്കുഴപ്പം ഉണ്ടായിരുന്നു. ആൾക്കാർ ഇത് പറയുമോ എന്ന് ഞാൻ പ്രസാദിനോട് ചോദിച്ചു. ഐ റ്റിയിൽ ജോലി ചെയ്യുന്ന കുറച്ചു സുഹൃത്തുക്കളോട് ചോദിച്ചപ്പോൾ അവർക്ക് ഇഷ്ടമായി എന്നാണ് പ്രസാദ് എന്നോട് പറഞ്ഞത്. പിന്നീട് ഞാനും കുറച്ച് ആളുകളോട് പറഞ്ഞപ്പോൾ അവർക്കും ഈ പേര് വർക്കാകുന്നുണ്ട്. 'അം അഃ' എന്ന ടൈറ്റിലിൽ ഒരു പുതുമയുണ്ടല്ലോ എന്ന് തോന്നി.
ഒരു ദിവസം സിബി മലയിൽ സാറിന്റെ ഒരു വെബ് സീരീസിന്റെ മീറ്റിങ്ങിന് പോയിരുന്നു. അന്ന് തന്നെയാണ് ലിജു സിനിമയുടെ ഈ പേര് അയക്കുന്നതും. സിബി സാർ എന്റെ ഗുരുവാണ്. ഈ ടൈറ്റിലിന്റെ ഒരു ഡിസൈൻ ഞാൻ അദ്ദേഹത്തെ കാണിച്ചു കൊടുത്തു. 'അം അഃ' എന്നത് പെട്ടെന്ന് വായിക്കുമ്പോൾ അമ്മ എന്നും വായിക്കാമല്ലേ എന്നാണ് പെട്ടെന്ന് അദ്ദേഹം പറഞ്ഞത്. എനിക്ക് ടൈറ്റിലിൽ പൂർണ്ണമായ വിശ്വാസം വരുന്നത് അങ്ങനെയാണ്. അതിനു മുൻപ് വരെ ചെറിയ സംശയമുണ്ടായിരുന്നു. സിബി സാറിന്റെ വാലിഡേഷൻ എനിക്ക് ആത്മവിശ്വാസമായി. പല പേരുകളും സിനിമയ്ക്കായി ആലോചിച്ചിരുന്നു. ഈ ടൈറ്റിൽ എന്തുകൊണ്ടാണ് ഇട്ടത് എന്ന് പൂർണ്ണമായി മനസ്സിലാകുന്നത് സിനിമ പൂർണ്ണമായും കണ്ടു കഴിയുമ്പോഴാണ്.
റോഡ് ടാറിങ്ങിന്റെ ജോലി പൂർത്തിയാക്കാൻ എത്തുന്ന സൂപ്പർവൈസറായിട്ടാണ് ട്രെയ്ലറിൽ ദിലീഷ് പോത്തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഒരു സ്ഥലത്തേക്കെത്തുന്ന ആളിന്റെ ആകാംക്ഷയിൽ നിന്ന് ട്രെയ്ലർ തിരിയുന്നത് ദുരൂഹമായ മറ്റൊരു സ്വഭാവത്തിലേക്കാണ്. കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ തോമസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്താരം ദേവദർശിനി പ്രധാനവേഷത്തിലെത്തുന്ന ആദ്യ മലയാളചിത്രം കൂടിയാണിത്. ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രത്തിൽ മീരാ വാസുദേവൻ, ടി. ജി. രവി, ശ്രുതി ജയൻ, അലൻസിയർ, മാലാ പാർവ്വതി, ജയരാജൻ കോഴിക്കോട്, മുത്തുമണി, നവാസ് വള്ളിക്കുന്ന്, നഞ്ചിയമ്മ, ശരത് ദാസ്, രഘുനാഥ് പലേരി, നീരജ രാജേന്ദ്രൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ഇടുക്കിയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ സസ്പെൻസ് ഡ്രാമ ചിത്രത്തിനു കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത് കവിപ്രസാദ് ഗോപിനാഥ്. ക്യാമറ ചലിപ്പിച്ചത് അനീഷ് ലാൽ ആർ. എസ്. സംഗീതം നൽകിയത് ഗോപി സുന്ദർ. എഡിറ്റിംഗ് - ബിജിത് ബാല. കലാസംവിധാനം - പ്രശാന്ത് മാധവ് . മേക്കപ്പ് - രഞ്ജിത് അമ്പാടി. കോസ്റ്റ്യൂംസ് - കുമാർ എടപ്പാൾ. അസോസിയേറ്റ് ഡയറക്ടർ - ഗിരീഷ് മാരാർ. പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് അത്തോളി. സ്റ്റിൽസ് - സിനറ്റ് സേവ്യർ. പി. ആർ. ഓ. - മഞ്ജു ഗോപിനാഥ്. ഡിസൈൻസ് - യെല്ലോടൂത്ത്സ്.