'പറവയിലെ സൗബിന്റെ കഥാപാത്രത്തിന് വേണ്ടി വിളിച്ചിരുന്നു, ട്രാൻസിലും വില്ലൻ വേഷം ചെയ്യാൻ ക്ഷണമുണ്ടായിരുന്നു'; അൽഫോൺസ് പുത്രൻ

'പറവയിലെ സൗബിന്റെ കഥാപാത്രത്തിന് വേണ്ടി വിളിച്ചിരുന്നു, ട്രാൻസിലും വില്ലൻ വേഷം ചെയ്യാൻ ക്ഷണമുണ്ടായിരുന്നു'; അൽഫോൺസ് പുത്രൻ
Published on

അൻവർ റഷീദ് ചിത്രം ട്രാൻസിലും സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’യിലും വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ തന്നെ ക്ഷണിച്ചിരുന്നു എന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. പറവയിൽ സൗബിന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടിയാണ് വിളിച്ചത് എന്നും ട്രാൻസിൽ ​ഗൗതം വാസുദേവ് മേനോന് ഒപ്പമുള്ള വില്ലൻ കഥാപാത്രത്തിന് വേണ്ടിയാണ് തന്നെ പരി​ഗണിച്ചിരുന്നത് എന്നും ​അൽഫോൺസ് പുത്രൻ പറഞ്ഞു. എന്നാൽ ആ കഥാപാത്രങ്ങളൊന്നും തന്റെ ആരോ​ഗ്യപ്രശ്നം മൂലം ഏറ്റെടുക്കാൻ സാധിച്ചില്ല. നല്ല കഥാപാത്രങ്ങളുമായി ഇനി ആരെങ്കിലും സമീപിച്ചാൽ അഭിനയിക്കാൻ താൻ തയ്യാറാണ് എന്നും അൽഫോൺസ് പുത്രൻ കുമുദം എന്ന തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അൽഫോൺസ് പുത്രൻ പറഞ്ഞത്:

എനിക്ക് ട്രാൻസിൽ അഭിനയിക്കാൻ ചാൻസ് വന്നിരുന്നു. പറവയിലും അഭിനയിക്കാൻ ചാൻസ് വന്നിരുന്നു, പക്ഷേ ആ സമയത്ത് എന്റെ ആരോ​ഗ്യം അത്ര നന്നായിരുന്നില്ല. അതുകൊണ്ട് എനിക്ക് അതിന് പോകാൻ കഴിഞ്ഞില്ല. ട്രാൻസിൽ ​ഗൗതം സാറിനൊപ്പം അഭിനയിക്കാനുള്ള കഥാപാത്രമായിരുന്നു അത്, പറവയിലെ സൗബിന്റെ റോളായിരുന്നു ഞാൻ അഭിനയിക്കേണ്ടിയിരുന്നത്, ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം അത് എനിക്ക് ചെയ്യാൻ കഴിഞ്ഞില്ല. ഇപ്പോൾ അതെല്ലാം ഞാൻ ശരിയാക്കി. ഇപ്പോൾ ഞാൻ റെഡിയാണ്. ഇനി ആരെങ്കിലും നല്ല കഥാപാത്രത്തിന് വേണ്ടി വിളിച്ചാൽ ഞാൻ അഭിനയിക്കാൻ റെഡിയാണ്. കുറച്ച് പേരോട് റോള് ചോദിച്ചിട്ടുണ്ട്. നോക്കാം.

പ്രേമത്തിലും ​ഗോൾഡിലും അൽഫോൺസ് പുത്രൻ മുമ്പ് അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ​ഗോൾഡ് എന്ന ചിത്രമാണ് അവസാനമായി തിയറ്ററുകളിലെത്തിയ അൽഫോൺസ് പുത്രൻ ചിത്രം. പ്രേമത്തിന്റെ വൻ വിജയത്തിന് ശേഷം ഏഴ് വര്‍ഷം കഴിഞ്ഞാണ് അല്‍ഫോണ്‍സ് പുത്രന്‍ ​ഗോൾഡുമായി എത്തിയത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, നയൻതാര, ഷമ്മി തിലകൻ, ലാലു അലക്സ്, ജഗദീഷ്, ബാബുരാജ്, ജാഫർ ഇടുക്കി, റോഷൻ മാത്യു, സുധീഷ്, സൈജു കുറുപ്പ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗോൾഡിന്റെ എഴുത്തിനും സംവിധാനത്തിനും പുറമെ, എഡിറ്റിംഗും, കളർ ഗ്രേയ്ഡിങ്ങും, വി.എഫ്.എക്‌സും, അനിമേഷനും നിർവഹിച്ചത് അൽഫോൺസ് പുത്രൻ തന്നെയായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമ നിർമ്മിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in