പുഷ്പ 2 സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരിച്ച സംഭവത്തിൽ ജയില്‍ മോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് നടന്‍ അല്ലു അര്‍ജുന്‍. തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ അല്ലു അർജുൻ താൻ ഈ രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നൊരു പൗരനാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അറിയിച്ചു. തന്റെ കുടുംബത്തിന് ഇതു വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യമായിരുന്നുവെന്നും കൂടെ നിന്ന എല്ലാവരോടും നന്ദിയുണ്ടെന്നും അല്ലു അർജുൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അല്ലു അർജുൻ പറഞ്ഞത്:
എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. എന്റെ എല്ലാ ആരാധകരോടും അവരുടെ സ്നേഹത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി അറിയിക്കാൻ ആഗ്രഹിക്കുന്നു. ആശങ്കപ്പെടേണ്ടതില്ല, ഞാൻ സരുക്ഷിതനാണ്. ഞാൻ ഈ രാജ്യത്തെ നിയമത്തെ അനുസരിക്കുന്ന ഒരു പൗരനാണ്. ഈ രാജ്യത്തെ നിയമത്തെ ഞാൻ ബഹുമാനിക്കുന്നു. അന്വേഷണവുമായി സഹകരിക്കും. മാത്രമല്ല നടന്ന സംഭവത്തിൽ ഞാൻ വീണ്ടും ആ കുടുംബത്തോട് എന്റെ അനുശോചനം അറിയിക്കുകയാണ്. നിർഭാഗ്യകരമായ കാര്യങ്ങളാണ് നടന്നത്. ഞങ്ങൾ സിനിമ കാണാൻ വേണ്ടിയാണ് പോയത്. ആ സമയത്ത് നടന്ന ദൗർഭാഗ്യകരമായ സംഭവത്തിലാണ് ആ യുവതിയുടെ ജീവൻ നഷ്ടപ്പെട്ടത്. അതൊരിക്കലും മനപൂർവ്വമായിരുന്നില്ല. സംഭവിച്ചു പോയ കാര്യത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു. എനിക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന ഒന്നായിരുന്നില്ല അത്. കഴിഞ്ഞ 20 വർഷമായി ഞാൻ തിയറ്റർ വിസിറ്റ് നടത്തുന്ന ഒരാളാണ്. 30 ലേറെ തവണ ഞാൻ അതേ തിയറ്ററിൽ മുമ്പും പോയിട്ടുണ്ട്. ഇതുപോലൊരു കാര്യം മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇത് ആകസ്മികമായി നടന്നൊരു കാര്യമാണ്. അവർക്ക് സംഭവിച്ച നഷ്ടം എനിക്ക് നികത്താനാവുന്നതല്ലെങ്കിൽ പോലും ആ കുടുംബത്തിനെ പിന്തുണയ്ക്കാൻ എല്ലായ്പ്പോഴും ഞാൻ ഒപ്പമുണ്ടായിരിക്കും. എന്റെ കുടുംബത്തിന് ഇതി വെല്ലുവിളി നിറഞ്ഞൊരു സാഹചര്യമായിരുന്നു. കൂടെ നിന്ന എല്ലാവർക്കും നന്ദി.
ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഡിസംബർ 4 രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്നഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അല്ലു അർജുനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ ജൂബിലി ഹില്‍സിലെ വീട്ടിലെത്തിയാണ് അല്ലു അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാന ഹൈക്കോടതി താരത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് വൈകി എത്തിയ പശ്ചാത്തലത്തിലാണ് ജയിലില്‍ കഴിയേണ്ടി വന്നത്. കേസില്‍ നമ്പള്ളി മജിസ്‌ട്രേറ്റ് കോടതി നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ട് മണിക്കൂറുകള്‍ക്കകമാണ് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. നടനാണെങ്കിലും പൗരനെന്ന നിലയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലു അര്‍ജുനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നാലാഴ്ച്ചത്തെ ജാമ്യം നല്‍കിയത്.