പുഷ്പയെ ആര്‍ക്കും തൊടാനാവില്ലെന്ന നിമിഷത്തിലാണ് ബന്‍വാര്‍ സിംഗിന്റെ എന്‍ട്രി: അല്ലു അര്‍ജുന്‍

പുഷ്പയെ ആര്‍ക്കും തൊടാനാവില്ലെന്ന നിമിഷത്തിലാണ് ബന്‍വാര്‍ സിംഗിന്റെ എന്‍ട്രി: അല്ലു അര്‍ജുന്‍

അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായ പുഷ്പ ഡിസംബര്‍ 17ന് റിലീസിന് ഒരുങ്ങുകയാണ്. റിലീസ് അടുക്കുന്നതോടൊപ്പം ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാപാത്രവും കൂടുതല്‍ ചര്‍ച്ചയാവുകയാണ്. ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന ഐപിഎസ് ഓഫീസറുടെ വേഷമാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ പുഷ്പയെ ആര്‍ക്കും ഇനി തൊടാനാവില്ലെന്ന നിമിഷത്തിലാണ് ബന്‍വാര്‍ സിംഗിന്റെ വരവ് എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. ഇന്ത്യഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് അല്ലു ഇക്കാര്യം പറഞ്ഞത്.

ബന്‍വാര്‍ സിംഗിന്റെ റോള്‍ സിനിമയിലെ വളരെ പ്രധാനപ്പെട്ട വില്ലന്‍ കഥാപാത്രമാണ്. അത് ചെയ്യാന്‍ ഒരു നടന്‍ മാത്രം പോര ഒരു സ്റ്റാറിനെ കൂടി ആവശമുണ്ട്. അതിനാലാണ് ഫഹദ് ഫാസിലിനെ കാസ്റ്റ് ചെയ്തത്. ഹീറോ ഒരുപാട് വളര്‍ന്ന് അവനെ ഇനി ആരെക്കൊണ്ടും ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് തോന്നുന്ന നിമിഷത്തില്‍ അവനെ തളക്കാന്‍ ഒരാള്‍ വേണം. അതാണ് ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന് അല്ലു അര്‍ജുന്‍ വ്യക്തമാക്കി.

അല്ലു അര്‍ജുന്‍ പറഞ്ഞത്:

ആ റോള്‍ ചെയ്യുന്നതിന് വെറുമൊരു നടന്‍ മാത്രം പോരാ. നല്ല നടന്മാര്‍ ഒരുപാടുണ്ട്. പക്ഷെ ഞങ്ങള്‍ക്ക് ഒരു സ്റ്റാറിനെയാണ് വേണ്ടിയിരുന്നത്. കാരണം, സ്‌ക്രീനില്‍ ആ വില്ലന്‍ കഥാപാത്രം വരുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. ഹീറോ ഒരുപാട് വളര്‍ന്ന് അവനെ ഇനി ആരെക്കൊണ്ടും ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് തോന്നുന്ന നിമിഷത്തില്‍ അവനെ തളക്കാന്‍ ഒരാള്‍ വേണം. അതുകൊണ്ട് എനിക്ക് സ്റ്റാര്‍ ആയിട്ടുള്ള ഒരു നടന്‍ തന്നെ ആ കഥാപാത്രം ചെയ്യാന്‍ വേണമായിരുന്നു. ഫഹദ് ഫാസില്‍ കേരളത്തില്‍ വലിയ ഹീറോയാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട നടന്‍ കൂടിയാണ്. അതുകൊണ്ട് ഫഹദ് ഈ റോള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് എന്റെ മനസിലുണ്ടായിരുന്നു. കഥ കേട്ടപ്പോള്‍ ഫഹദിനും റോള്‍ ഇഷ്ടപ്പെട്ടു. പിന്നെ സുകുമാര്‍ സാറിനെ ഫഹദിന് വലിയ ബഹുമാനമാണ്. ഫഹദിനൊപ്പമുള്ള ഷൂട്ടിങ്ങ് നല്ല രസമായിരുന്നു. എന്റെ കൂടെയുള്ള അഭിനേതാക്കള്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുമ്പോള്‍ എനിക്കും വലിയ ആവേശമാണ്.

സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങാനിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. രശ്മിക മന്ദാനയാണ് നായിക. രംഗസ്ഥലത്തിന് ശേഷം സുകുമാര്‍ - മൈത്രി മൂവി മേക്കേഴ്സ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷപ. അല്ലു അര്‍ജുന്റെ ഇരുപതാമത്തെ ചിത്രം കൂടിയാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in