'രംഗങ്ങള്‍ വെട്ടിമാറ്റി, രാജമൗലിയുമായി വഴക്കിട്ട് ആലിയ' വിശദീകരണവുമായി നടി

'രംഗങ്ങള്‍ വെട്ടിമാറ്റി, രാജമൗലിയുമായി വഴക്കിട്ട് ആലിയ' വിശദീകരണവുമായി നടി

'ആർ.ആർ.ആർ' സിനിമയുടെ അണിയറപ്രവർത്തകരുമായി താൻ വഴക്കിട്ടുവെന്ന വാർത്തകൾ വ്യാജമെന്ന് നടി ആലിയ ഭട്ട്. ഈയടുത്തായി ഈ സിനിമയുമായി ബന്ധപ്പെട്ട ചില പോസ്റ്റുകൾ ആലിയ ഇന്‍സ്റ്റഗ്രാമില്‍നിന്ന് നീക്കം ചെയ്തിരുന്നു. ആലിയയുടെ കഥാപാത്രത്തിന്റെ ഏതാനും രംഗങ്ങള്‍ ചിതത്തിൽനിന്നു നീക്കം ചെയ്തുവെന്നും അതില്‍ നടി അസംതൃപ്തയാണെന്നുമായിരുന്നു അഭ്യൂഹങ്ങള്‍. രാജമൗലിയുമായി ഇക്കാര്യം പറഞ്ഞ് ആലിയ വഴക്കിട്ടെന്നും വാർത്ത പരന്നിരുന്നു. ഈ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് നടി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

പ്രചരിച്ചത് വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഇടയ്ക്കിടെ താന്‍ നീക്കം ചെയ്യാറുള്ളതാണെന്നും ആലിയ സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി. ഇൻസ്റ്റഗ്രാം പോലെ ഉറപ്പില്ലാത്ത മീഡിയകളിലെ പോസ്റ്റുകൾ അടിസ്ഥാനമാക്കി അനുമാനങ്ങളിൽ എത്തുന്നത് ഒട്ടും ശരിയല്ല. ആര്‍.ആര്‍.ആറിന്‍റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അതോടൊപ്പം തന്നെ രാജമൗലി, ചരൺ, താരക് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ താൻ അതീവ സന്തുഷ്ടയാണെന്നും ആലിയ ഭട്ട് പറഞ്ഞു.

ആലിയ ഭട്ടിന്റെ വാക്കുകൾ:

'ആർആർആർ' ടീമിനോട് മാനസികമായി എതിർപ്പുള്ളത് കാരണമാണ് ഞാൻ എന്റെ ഇൻസ്റ്റഗ്രാമിൽനിന്നു സിനിമയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്തത് എന്ന തരത്തിലുള്ള വാർത്തകൾ കേൾക്കാനിടയായി. ഇൻസ്റ്റഗ്രാമിലേതുപോലെ അവിശ്വസനീയമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ അടിസ്ഥാനമാക്കി അനുമാനങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ എല്ലാവരോടും ആത്മാർഥമായി അഭ്യർഥിക്കുന്നു.

എന്റെ ഇൻസ്റ്റഗ്രാം ഗ്രിഡിൽനിന്ന് പഴയ വിഡിയോ പോസ്റ്റുകൾ ഞാൻ ഇടയ്ക്കിടെ നീക്കം ചെയ്യാറുണ്ട്. എന്റെ പ്രൊഫൈൽ അടുക്കും ചിട്ടയുമായി വയ്ക്കാൻ വേണ്ടിയാണ് പഴയ പോസ്റ്റുകൾ മാറ്റുന്നത്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ എന്നും നന്ദിയുള്ളവളായിരിക്കും. സീതയാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. രാജമൗലി സാറിന്റെ സംവിധാനത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമാണ്. താരകിന്റെയും ചരണിന്റെയും കൂടെ പ്രവർത്തിച്ചത് ഏറെ ഇഷ്ടത്തോടെയാണ്. ഈ സിനിമയോടൊപ്പം പ്രവർത്തിച്ച ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.

രാജമൗലി സാറിന്റെയും അദ്ദേഹത്തിന്റെ ടീമിന്റെയും വർഷങ്ങളായുള്ള തീവ്ര പരിശ്രമത്തിന്‍റെ ഫലമാണ് ആര്‍.ആര്‍ആറിന്‍റെ ലോകം. അതിനെ ചുറ്റിപ്പറ്റി ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നതിനാലാണ് ഇത്തരമൊരു വിശദീകരണം നല്‍കാന്‍ കാരണം.

Related Stories

No stories found.
logo
The Cue
www.thecue.in