
അക്ഷയ് കുമാര്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്ന ചൂണ്ടിക്കാട്ടി താരത്തിനെതിരെ സൈബര്‍ ആക്രമണം. ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ നടക്കുന്ന അക്ഷയ് കുമാറിന്റെ വീഡിയോയാണ് വിമര്‍ശനത്തിന് കാരണമായത്. വീഡിയോയില്‍ അക്ഷയ് കുമാര്‍ ഇന്ത്യന്‍ ഭൂപടത്തില്‍ ചവിട്ടി നടക്കുന്നുണ്ട് എന്നതിനാലാണ് നടനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.
'ഇന്ത്യയുടെ മാപ്പിന് മുകളിലൂടെ നടക്കുകയോ?', 'ഭാരത മാതയുടെ മുകളില്‍ എങ്ങനെ ചവിട്ടാന്‍ സാധിച്ചു', 'ഭാരതത്തിനോട് ഇത്തിരിയെങ്കിലും ബഹുമാനം കാണിക്കൂ' എന്നീ തരത്തിലാണ് ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും പരസ്യത്തിന് വന്ന പ്രതികരണങ്ങള്‍.
അതോടൊപ്പം കനേഡിയന്‍ സിറ്റിസണ്‍ ആയതിനാല്‍ അക്കാര്യം ചൂണ്ടിക്കാട്ടിയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 'കാനഡക്കാരനായതിനാലാണ് മാപ്പില്‍ ചവിട്ടിയത്' എന്നീ തരത്തിലാണ് വിമര്‍ശനം.
ഷാരൂഖ് ഖാന്റെ പത്താനെ ബോയ്‌ക്കോട്ട് ചെയ്യാന്‍ നടന്നവര്‍ എന്താണ് ഇക്കാര്യത്തില്‍ അക്ഷയ് കുമാറിനെ വിമര്‍ശിക്കാത്തത് എന്ന ചോദ്യവും ട്വിറ്ററില്‍ ഉയര്‍ന്നു. കനേഡിയന്‍ സിറ്റിസണ്‍ ഇന്ത്യയെ അപമാനിക്കുന്നതിനെതിരെ ബേഷറം രങ്ക് എന്ന ഗാനത്തിനെതിരെ സംസാരിച്ചവര്‍ക്ക് ഒന്നും പറയാനില്ലേ എന്നും ചോദ്യം ഉയരുന്നുണ്ട്.