പ്രേക്ഷകരെ തിയറ്ററിൽ തിരികെ എത്തിച്ച് 'പാച്ചുവും അത്ഭുതവിളക്കും', പി.എസ് 2 വെല്ലുവിളിയായില്ല

പ്രേക്ഷകരെ തിയറ്ററിൽ  തിരികെ എത്തിച്ച്
'പാച്ചുവും അത്ഭുതവിളക്കും', പി.എസ് 2 വെല്ലുവിളിയായില്ല

പ്രേക്ഷകർ തിയേറ്ററിനെ കയ്യൊഴിയുന്നുവെന്ന ആശങ്കകൾക്കിടെ തിയേറ്റർ ഓഡിയൻസിനെ തിരികെ എത്തിച്ച് 'പാച്ചുവും അത്ഭുതവിളക്കും'. ഫഹദ് ഫാസിൽ നായകൻ ആയ ചിത്രം എക്സ്ട്രാ ഷോകൾകൊപ്പം ആണ് ചില തിയറ്ററുകളിൽ ശനിയാഴ്ച പ്രദർശിപ്പിച്ചതെന്ന് തിയറ്റർ ഉടമകൾ. അഖിൽ സത്യൻ രചനയും സംവിധാനവും ചെയ്ത സിനിമ ക്ളീൻ എന്റർടെയ്നർ എന്ന നിലക്ക് ആണ് അഭിപ്രായം സ്വന്തമാക്കിയിരിക്കുന്നത്.

ഫീൽ ഗുഡ് ചിത്രമായത് കൊണ്ട് തന്നെ കൂടുതൽ കുടുംബപ്രേക്ഷകരെ സിനിമ ആകർഷിക്കുമെന്ന് ഫിയോക് പ്രസിഡന്റ് കെ.വിജയകുമാർ ദ ക്യുവിനോട് പറഞ്ഞു. തിയേറ്റർ പ്രതിസന്ധി കടുത്തു നിൽക്കെ ഈ വർഷത്തെ ഒരു ഹിറ്റ് ചിത്രമായിരിക്കും പാച്ചുവും അത്ഭുതവിളക്കും എന്നതിൽ സംശയമില്ലെന്നും വിജയകുമാർ.

കെ.വിജയകുമാർ, ഫിയോക് പ്രസിഡന്റ്
കെ.വിജയകുമാർ, ഫിയോക് പ്രസിഡന്റ്

പാച്ചുവും അത്ഭുതവിളക്കും നല്ല രീതിയിൽ പ്രദർശനം തുടരുകയാണ്. പൊന്നിയൻ സെൽവൻ-2-വിന്റെ കൂടെ പ്രദർശനം ആരംഭിച്ചതിനാൽ ആദ്യ ദിവസം ചിത്രത്തിന്റെ കളക്ഷനെ ചെറുതായി ബാധിച്ചിരുന്നുവെങ്കിലും രണ്ടാമത്തെ ദിവസം മുതൽ കൂടുതൽ കളക്ഷനുണ്ട്. നല്ല സിനിമയാണ് എന്ന അഭിപ്രായമാണ് എല്ലാ ദിക്കുകളിൽ നിന്നും വരുന്നത്. ഫഹദ് ഫാസിൽ ഗംഭീരമായിട്ടുണ്ടെന്നും, അഖിൽ സത്യൻ നന്നായി ചെയ്തിട്ടുണ്ടെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ഒരു ഫീൽ ഗുഡ് ചിത്രമായത് കൊണ്ട് തന്നെ കൂടുതൽ കുടുംബപ്രേക്ഷകരെ ആകർഷിക്കും എന്നു തന്നെയാണ് വിശ്വാസം. തിയേറ്ററുകളിൽ ഈ വർഷത്തെ ഒരു ഹിറ്റ് ചിത്രമായിരിക്കും പാച്ചുവും അത്ഭുതവിളക്കും എന്നതിൽ സംശയമില്ല

കെ.വിജയകുമാർ, ഫിയോക് പ്രസിഡന്റ്

ഫഹദ് ഫാസിലിന്റെ കുറെ കാലത്തിന് ശേഷമുള്ള എന്റര്ടെയിനർ ചിത്രമായതിനാൽ ഫഹദ് ആരാധകരും തിയേറ്ററുകളിൽ എത്തുന്നുണ്ട് എന്നാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ പറയുന്നത്. ചിത്രം ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നു എന്നും ലിബർട്ടി ബഷീർ.

കഴിഞ്ഞ രണ്ടു മാസമായിട്ട് തിയേറ്ററുകളിൽ ആളുകൾ എത്തുന്നത് കുറവായിരുന്നു. 'പാച്ചുവും അത്ഭുതവിളക്കും' വന്ന ശേഷം കൂടുതൽ ആളുകൾ തിയേറ്ററുകളിലെത്തുന്നുണ്ട്. തുടക്കത്തിൽ ഒരു മന്ദഗതി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കളക്ഷൻ പിക്ക് അപ്പ് ചെയ്യുന്നുണ്ട്. PS-2 വിന്റെ ഓഡിയൻസ് അല്ല പാച്ചുവിന്റെ ഓഡിയൻസ്. കൂടുതലും ഫഹദ് ഫാസിലിന്റെ ആരാധകരാണ് ചിത്രം കാണാൻ എത്തുന്നത്. ഫഹദിന്റെ കുറെ കാലത്തിന് ശേഷമുള്ള സിനിമയാണ് എന്നതും, സത്യൻ അന്തിക്കാടിന്റെ മകന്റെ ചിത്രമാണെന്നതും ഈ സിനിമയുടെ പ്ലസ് ആണ്. 2 മണിക്കൂറും 45 മിനുട്ടും ദൈർഘ്യമുള്ള ചിത്രമായിട്ടും, ബോറടിക്കുന്നില്ല എന്നാണ് ചിത്രം കണ്ടിറങ്ങുന്ന കുടുംബങ്ങൾ പറയുന്നത്. ഓരോ ദിവസവും കളക്ഷൻ കൂടി വരികയാണ്. 'പാച്ചുവും അത്ഭുതവിളക്കും' കുറച്ചധികം ദിവസങ്ങൾ തന്നെ തിയേറ്ററുകളിലുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരേ ഒരു സിനിമ പാച്ചുവാണ്. വെക്കേഷൻ കൂടെയായതുകൊണ്ട് ഒട്ടും ഭയപ്പെടാനില്ല. സിനിമ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ലിബർട്ടി ബഷീർ, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ്

പ്രീ മാർക്കറ്റിംഗ് വലിയ രീതിയിൽ ചെയ്യാതെയാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നതെന്നും, മൗത്ത് പബ്ലിസിറ്റി മാത്രമാണ് ചിത്രത്തിന്റെ വിജയത്തിലേക്കുള്ള പ്രതീക്ഷ എന്നും, അതിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ട് എന്നും സംവിധായകൻ അഖിൽ സത്യൻ ദ ക്യുവിന് തന്ന അഭിമുഖത്തിൽ പറഞ്ഞിരുന്നു. ചിത്രത്തിലെ ഓരോ സീനിനെയും സാധാരണക്കാർക്ക് കണക്ട് ആകുന്ന രീതിയിലാണ് സമീപിച്ചിട്ടുള്ളതെന്നും, പ്രണയവും, ഇമോഷൻസും, മിസ്റ്ററിയും, ആക്ഷനുമൊക്കെ നിറഞ്ഞതാണ് ചിത്രമെന്നും അഖിൽ സത്യൻ.

അഖിൽ സത്യൻ
അഖിൽ സത്യൻ

അഖിൽ സത്യൻ പറഞ്ഞത്;

ശരിക്കും ഞങ്ങള്‍ മാര്‍ക്കറ്റിങ്ങ് ഒന്നും ചെയ്തിട്ടില്ല. ഒന്നാമത് പടത്തിന്റെ തിരക്കുകളിലായിരുന്നതിനാലും ഫഹദ് മറ്റൊരു സിനിമയുടെ എക്സ്‌ക്ലൂസീവ് ലുക്കിലായതിനാലും നമുക്ക് പ്രീ മാര്‍ക്കറ്റിങ്ങ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല സിനിമയ്ക്ക്. ആകെയുള്ള പ്രതീക്ഷ എനിക്ക് മൗത്ത് പബ്ലിസ്റ്റിയാണ്. അതില്‍ എനിക്ക് നല്ല വിശ്വാസമാണ്. കാരണം എനിക്ക് ഉറപ്പ് പറയാന്‍ പറ്റും അടുത്ത കാലത്തുണ്ടായിട്ടുള്ള ക്വാളിറ്റി മലയാളം എന്റര്‍ടെയ്ന്‍മെന്റ്സില്‍ ഒന്നായിരിക്കും ഈ സിനിമയെന്ന്. എന്റെ അത്രയും എഫര്‍ട്ട് ഈ സിനിമയില്‍ ഉണ്ട്. അത്രയും ബഡ്ജറ്റും നമ്മള്‍ ചെലവാക്കിയിട്ടുണ്ട്. ഇതൊന്നുമല്ലാതെ ഓരോ സീനും ഒരു സാധാരണക്കാരന് കണക്ട് ആകുന്ന രീതിയിലാണ് സമീപിച്ചിട്ടുള്ളത്. ഏതെങ്കിലും ജോണറിലേക്ക് ചുരുങ്ങുന്ന ഒരു സിനിമയല്ല, മാറിക്കൊണ്ടേയിരിക്കുന്ന സിനിമയാണ്, ഒരു പൊതു സ്വഭാവമില്ല ഈ സിനിമയ്ക്ക്. ഇതില്‍ പ്രണയമുണ്ട്, ഇമോഷന്‍സ് ഉണ്ട്, വലിയ തരത്തിലുള്ള മിസ്റ്ററിയുണ്ട് കൂടെ ആക്ഷനുമുണ്ട്. ഫീല്‍ ഗുഡ് എന്ന് പറയുമെങ്കിലും കണ്ട് കഴിയുമ്പോള്‍ നമുക്ക് മനസ്സിലാവും ഇത് ഫീല്‍ ഗുഡ് അല്ലെന്ന്. ഇതുവരെ കാണിക്കാത്ത ഒരു പുതുമ ചിത്രത്തില്‍ കൊണ്ട് വന്നിട്ടുണ്ടെന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുണ്ട്. അതാണ് എന്റെ പ്രതീക്ഷ. പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഒരു റീവാച്ച് ക്വാളിറ്റി മെറ്റിരീയലാണ് ഈ സിനിമ. ഒരു പത്ത് വര്‍ഷം കഴിഞ്ഞാലും ആള്‍ക്കാര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടും എന്നൊരു പ്രതീക്ഷയുണ്ട് എനിക്ക്.

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ റിലീസ് ചെയ്ത ഏപ്രിൽ 28ന് തന്നെയാണ് പാച്ചുവും അത്ഭുതവിളക്കും തിയറ്ററിൽ എത്തിയത്. ആദ്യ ദിനം നേടിയ പ്രതികരണം ആണ് സിനിമക്ക് കളക്ഷനിൽ മുന്നേറ്റം ഉണ്ടാക്കിയത്. വിജി വെങ്കിടേഷ് ആണ് ഫഹദിനൊപ്പം നിര്‍ണായക റോളില്‍ ചിത്രത്തിലുള്ളത്. അഞ്ജന ജയപ്രകാശ്, ഇന്നസെന്റ്, നന്ദു മുകേഷ്, ഇന്ദ്രന്‍സ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനവേഷത്തിലെത്തുന്നു, ജസ്റ്റിന്‍ പ്രഭാകരാണ് ചിത്രത്തിന്റെ സംഗീതം. ശരണ്‍ വേലായുധൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു.

രാജീവനാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഉത്തരാ മേനോന്‍ കോസ്റ്റ്യൂംസും പാണ്ഡ്യന്‍ മേക്കപ്പും മനു മഞ്ജിത്ത് ഗാനരചനയും നിര്‍വഹിക്കുന്നു. കലാസംഘം ആണ് വിതരണം.

'ഞാന്‍ പ്രകാശന്‍' എന്ന സിനിമക്ക് ശേഷം ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടും, അഖിൽ സത്യൻ ഫിലിംസും ചേർന്നാണ് പാച്ചുവും അത്ഭുതവിളക്കും നിർമ്മിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in