
അഖില്‍ അക്കിനേനിയെ നായകനാക്കി സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് എജന്റ്. ഒരു സ്‌പൈ ത്രില്ലറായി കണക്കാക്കപ്പെടുന്ന ചിത്രത്തില്‍ മമ്മൂട്ടിയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. യാത്രയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം കൂടിയാണ് ഏജന്റ്. കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് അഭിമാനമായി കാണുന്നുവെന്ന് നടന്‍ അഖില്‍ അക്കിനേനി പറഞ്ഞു.
''ഇന്ത്യന്‍ സിനിമ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഇതിഹാസമാണ് മമ്മൂട്ടി സാര്‍, സിനിമയില്‍ എന്റെ ആരാധനാപാത്രമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ജോലിയോടുള്ള അര്‍പ്പണ ബോധം, എത്തിക്‌സ് ഇവയെല്ലാം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സെറ്റില്‍ തെലുങ്ക് മാത്രമേ അദ്ദേഹം സംസാരിക്കാറുള്ളൂ. മാത്രമല്ല അദ്ദേഹം തന്റെ ജോലിയെ അത്രത്തോളം ഗൗരവകരമായാണ് കാണുന്നത്. ഞാന്‍ അദ്ദേഹത്തില്‍ നിന്നും പലതരത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. നന്ദി മമ്മൂട്ടി സാര്‍, ഈ സിനിമ സ്വീകരിച്ചതിനും ഇതിന്റെ ഭാഗമായതിനും. നിങ്ങളോടൊപ്പം ഒരു സ്‌ക്രീന്‍ സ്‌പേയ്‌സ് പങ്കിടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.'' അഖില്‍ അക്കിനേനി പറഞ്ഞു.
അഖിലിന്റെ കരിയറിലെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ ചിത്രമാണ് എജന്റ്. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പുതുമുഖ താരം സാക്ഷി വൈദ്യയാണ് നായികാ വേഷം ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്കിലേക്കുള്ള മമ്മൂട്ടിയുടെ തിരിച്ചുവരവാണ് എജന്റ്. എപ്രില്‍ ഇരുപത്തിയെട്ടിന് തിയേറ്ററുകളിലെത്തുന്ന ചിത്രം തമിഴ്, തെലുങ്ക്, മലയാളം ,ഹിന്ദി, കന്നട തുടങ്ങിയ ഭാഷകളില്‍ ലോക വ്യാപകമായി റിലീസ് ചെയ്യും. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് അഖില്‍ അക്കിനേനി നടത്തിയിരിക്കുന്നത്