പൊങ്കലിന് ആര് ജയിക്കും? അജിതോ വിജയ് യോ ? , തുണിവ് അടിമുടി ആക്ഷൻ സിനിമ; മറ്റൊരു മങ്കാത്ത പ്രതീക്ഷിച്ച് ആരാധകർ

Ajith’s Thunivu
Ajith’s Thunivu

മുൻ ചിത്രങ്ങൾ കൂറ്റൻ വിജയമാകാതിരുന്നിട്ടും അജിത് കുമാർ തുടർച്ചയായി മൂന്നാം തവണ സംവിധായകൻ എച്ച് വിനോദിനൊപ്പം കൈകോർക്കുന്ന സിനിമയാണ് തുണിവ്. പിങ്ക് തമിഴ് റീമേക്കായ നീർക്കൊണ്ട പറവൈ, ആക്ഷൻ ത്രില്ലർ വലിമൈ എന്നീ സിനിമകൾക്ക് ശേഷമുള്ള സിനിമ. ലോ ബജറ്റ് ചിത്രമായി പ്ലാൻ ചെയ്തിരുന്ന ആലോചനയാണ് തുണിവ് എന്ന ബി​ഗ് ബജറ്റ് ചിത്രമായി മാറിയതെന്ന് എച്ച് വിനോദ്. സിനിമയുടെ ഒരു സീൻ കേട്ടതിന് പിന്നാലെ ആ സിനിമയുടെ ഭാ​ഗമാകണമെന്ന് അജിത് ആവശ്യപ്പെടുകയായിരുന്നുവെന്ന് വിനോദ്. അജിത് ഓൺ ബോർഡ് വന്നതിന് പിന്നാലെ സിനിമയുടെ സ്കെയിലും സ്വഭാവവും മാറി. സിനിമ ഏത് ജോണറാണെന്നോ സ്വഭാവമോ ഈ ഘട്ടത്തിൽ പറയാനാകില്ല. പണത്തെക്കുറിച്ചാണ് ഈ സിനിമ. ഹൈസ്റ്റ് ചിത്രമാണോ തുണിവ് എന്ന ചോദ്യത്തിന് സംവിധായകൻ കൃത്യമായ മറുപടി നൽകിയിട്ടില്ല. മൾട്ടി ജോണർ ചിത്രമായിരിക്കും തുണിവ് എന്നും എച്ച് വിനോദ് ഇന്ത്യന‍് എക്സ്പ്രസ് അഭിമുഖത്തിൽ വിശദീകരിക്കുന്നു.

അജിത് കുമാറിന്റെ സൂപ്പർ സ്റ്റാർഡം അരക്കിട്ടുറപ്പിച്ച സിനിമകളിലൊന്നായ മങ്കാത്തയുടെ ശൈലിയിലുള്ള ചിത്രമാണ് തുണിവ് എന്ന നിലക്ക് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യങ്ങൾക്കും സംവിധായകൻ കൃത്യമായ മറുപടി നൽകിയിട്ടില്ല. അജിത് കുമാർ ഡബിൾ റോളിലെത്തുന്ന ചിത്രമെന്നായിരുന്നു തുടക്കത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇക്കാര്യം പിന്നീട് അണിയറക്കാർ നിഷേധിച്ചിരുന്നു.

പാട്ടുകളും ട്രെയിലറും വരുന്നത് വരെ തുണിവ് സിനിമയെക്കുറിച്ച് പുറത്തുവരുന്ന അഭ്യൂഹങ്ങൾക്ക് കാത് കൊടുക്കേണ്ടെന്നാണ് സംവിധായകന്റെ അഭ്യർത്ഥന. ജനുവരിയിൽ പൊങ്കൽ റിലീസിനാണ് തുണിവ് എത്തുന്നത്. ഇടവേളക്ക് ശേഷം അജിത്- വിജയ് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ നേർക്കു നേർ എത്തുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. വിജയ് നായകനായ വാരിസ് ആണ് ഇക്കുറി അജിത് ചിത്രത്തിന് എതിരാളി. വിക്രം എന്ന ബ്രഹ്മാണ്ഡ വിജയചിത്രത്തിന്റെ സഹനിർമ്മാതാവും വിതരണക്കാരനുമായിരുന്ന ഉദയനിധി സ്റ്റാലിനാണ് വാരിസ് അവതരിപ്പിക്കുന്നതും തുണിവ് വിതരണത്തിനെത്തിക്കുന്നതും. നമ്പർ ​ഗെയിമിൽ കാര്യമില്ലെന്നും മികച്ച ചിത്രം ഏതാണ് അത് പ്രേക്ഷകർ ഏറ്റെടുക്കുമെന്നുമാണ് തുണിവ് സംവിധായകൻ വിനോദ് പൊങ്കൽ ക്ലാഷിനെക്കുറിച്ച് പ്രതികരിക്കുന്നത്.

2014ലാണ് ഇതിന് മുമ്പ് അജിത് -വിജയ് ചിത്രങ്ങൾ തിയറ്ററിൽ ഏറ്റുമുട്ടിയത്. വിജയ് ചിത്രം ജില്ലയും അജിത് ചിത്രം വീരവും ആണ് ഒരുമിച്ച് തിയറ്ററുകളിലെത്തിയത്. ഇന്ത്യയെ ഞെട്ടിച്ച ബാങ്ക് കൊള്ളയാണ് തുണിവ് എന്ന സിനിമയുടെ തീം എന്ന് അഭ്യൂഹമുയർന്നിരുന്നു. അസുരൻ എന്ന സിനിമക്ക് ശേഷം മഞ്ജു വാര്യർ നായികയായി തമിഴിലെത്തുന്ന ചിത്രവുമാണ് തുണിവ്. നിർണായ കഥാപാത്രമായാണ് മഞ്ജു എത്തുന്നത്. ജനുവരി 11നാണ് റിലീസ്. സമുദ്രക്കനി, ജോൺ കൊക്കൻ എന്നിവരും പ്രധാന റോളിൽ ചിത്രത്തിലുണ്ട്.

ബോണി കപൂറിന്റെ ബേ വ്യൂ പ്രൊഡക്ഷൻസ് തുടർച്ചയായി മൂന്നാമതും നിർമ്മിക്കുന്ന അജിത് ചിത്രമാണ് തുണിവ്. നിരവ് ഷായാണ് ക്യാമറ. ജിബ്രാനാണ് സം​ഗീതം. മഞ്ജു വാര്യർ ചിത്രത്തിൽ ​ഗാനവും ആലപിക്കുന്നുണ്ട്. ചിത്രത്തിനായി ഒരു ​ഗാനം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഹൈദരാബാദിലും ബാങ്കോങ്കിലുമായാണ് തുണിവ് പ്രധാന ഭാ​ഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in