ബോക്സ് ഓഫീസ് തകർത്ത് അജിത്ത് ഷോ, മൂന്ന് ദിവസം കൊണ്ട് 100 കോടി കടന്ന് 'ഗുഡ് ബാഡ് അ​ഗ്ലി'

ബോക്സ് ഓഫീസ് തകർത്ത് അജിത്ത് ഷോ, മൂന്ന് ദിവസം കൊണ്ട് 100 കോടി കടന്ന് 'ഗുഡ് ബാഡ് അ​ഗ്ലി'
Published on

മൂന്ന് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറി അജിത്ത് ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലി. അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ​ഗുഡ് ബാഡ് അ​ഗ്ലീ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററിൽ നിന്നും ലഭിക്കുന്നത്. ഏപ്രിൽ പത്തിന് തിയറ്ററിലെത്തിയ ചിത്രം ഇപ്പോൾ മൂന്ന് ദിവസത്തിൽ 100 കോടി കടന്നിരിക്കുകയാണ് എന്നാണ് ട്രാക്കര്‍മാരായ സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. ചിത്രം പുറത്തിറങ്ങി ആദ്യ ദിവസം തന്നെ ഇന്ത്യയിൽ നിന്നും 28.50 കോടിയാണ് നേടിയത്. ഇതോടെ റിലീസ് ദിനത്തിൽ ഏറ്റവും കൂടുതൽ ആഭ്യന്തര കലക്‌ഷൻ നേടിയ അജിത് ചിത്രമായി ഗുഡ് ബാഡ് അഗ്ലി മാറി.

കേരളത്തിൽ നിന്നും 75 ലക്ഷമാണ് ​ഗുഡ് ബാഡ് അ​ഗ്ലിയുടെ ആദ്യ ദിന ഓപ്പണിം​ഗ് ​ഗ്രോസ്സ് കളക്ഷൻ. ബസൂക്ക, മരണമാസ്സ്‌, ആലപ്പുഴ ജിംഖാന എന്നീ സിനിമകൾക്കൊപ്പമായിരുന്നു കേരളത്തിൽ അജിത് ചിത്രം പുറത്തിറങ്ങിയത്. ലിമിറ്റഡ് സ്ക്രീനുകൾ നിന്നും ഇത്രയും കലക്‌ഷൻ സിനിമയ്ക്ക് സ്വന്തമാക്കാനായത് വലിയ നേട്ടമാണെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. തുടക്കം മുതൽ ക്ലൈമാക്സ് വരെ ഒരു 'അജിത് ഷോ'ആണ് ചിത്രം എന്നാണ് സിനിമ കണ്ട പ്രേക്ഷകരുടെ പ്രതികരണം. ചിത്രത്തിൽ അജിത്തിന്റെ പ്രകടനത്തിനൊപ്പം അർജുൻ ദാസിന്റെ പ്രകടനവും പ്രശംസിക്കപ്പെടുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും വലിയ കയ്യടി ലഭിക്കുന്നുണ്ട്. പ്രിയ പി വാര്യർ അവതരിപ്പിച്ച കഥാപാത്രത്തിനും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അഭിനന്ദൻ രാമാനുജൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in