'സാമൂഹ്യമാധ്യമങ്ങളിൽ വെറുപ്പ് പടരുന്നു, മറ്റൊരാളുടെ ജീവിതത്തെക്കുറിച്ചോർത്ത് സന്തോഷിക്കാൻ ആളുകൾ ശ്രമിക്കണം': അജിത്ത് കുമാർ

'സാമൂഹ്യമാധ്യമങ്ങളിൽ വെറുപ്പ് പടരുന്നു, മറ്റൊരാളുടെ ജീവിതത്തെക്കുറിച്ചോർത്ത് സന്തോഷിക്കാൻ ആളുകൾ ശ്രമിക്കണം': അജിത്ത് കുമാർ
Published on

സാമൂഹ്യമാധ്യമങ്ങളിൽ അനിയന്ത്രിതമായ രീതിയിൽ വെറുപ്പ് പടരുന്നുവെന്ന് അജിത്ത് കുമാർ. ആളുകളുടെ മാനസികാരോഗ്യത്തെ അത് ബാധിക്കുന്നുണ്ട്. ജീവിതം വളരെ ചെറുതാണ്. നമ്മളുടെ കൊച്ചുമക്കളുടെ മക്കൾ നമ്മളുടെ പേര് ഓർക്കണമെന്നില്ല. അത്രയും ചെറിയ ജീവിതത്തിൽ എന്തിനാണ് ഇത്രയും വെറുപ്പ്. മറ്റൊരു മനുഷ്യന്റെ ജീവിതത്തെ ഓർത്ത് സന്തോഷിക്കാൻ എല്ലാവർക്കും കഴിയണം. നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതാണ് നിങ്ങൾക്ക് സംഭവിക്കുന്ന. നല്ല ചിന്തകൾ ഉണ്ടെങ്കിൽ ജീവിതം ഭംഗിയാകുമെന്നും നെഗറ്റിവ് ചിന്തകൾ വന്നാൽ ജീവിതം അതുപോലെ ആകുമെന്നും അജിത്ത് കുമാർ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അജിത്ത് കുമാർ പറഞ്ഞത്:

ടോക്സിക്കായ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സെലിബ്രിക്കൾക്കോ വി ഐ പികേൾക്കോ ഗവണ്മെന്റുകൾക്കോ എതിരെ ഉണ്ടാകുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമല്ല ഞാനിത് പറയുന്നത്. സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും വെറുപ്പ് പടർന്നിരിക്കുകയാണ്. ആരോഗ്യകരമായ ഒരു അടയാളമല്ല ഇത്. എന്തെങ്കിലും ഈ വിഷയത്തിൽ നടന്നേ തീരൂ. ഗവൺമെന്റുകൾ ഇതിനെതിരെ എന്തെങ്കിലും നടപടികളുമായി വരേണ്ടിയിരിക്കുന്നു. കാരണം ലോകവ്യാപകമായി മാനസികാരോഗ്യം വലിയ പ്രശ്നമായി നിലനിൽക്കുകയാണ്. ആളുകൾക്ക് മാനസികാരോഗ്യം നഷ്ടപ്പെടുന്നുണ്ട്. സിക്സ് പാക്ക് ഉണ്ടാക്കി ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനെക്കുറിച്ചല്ല ഞാൻ ഇത് പറയുന്നത്. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്.

എനിക്കെന്റെ ആരാധകരോട് ചിലത് പറയാനുണ്ട്. ജീവിതം വളരെ ചെറുതാണ്. നമ്മളെല്ലാവരും ഒരു ദിവസം ഇവിടെ നിന്ന് പോകും. 3 തലമുറയ്ക്കപ്പുറം നമ്മളുടെ പേര് ആരും ഓർക്കില്ല. അവരുടെ പേരെന്തായിരിക്കും എന്ന് പോലും എനിക്കറിയില്ല. ചിലപ്പോൾ നമ്മളുടെ പേരക്കുട്ടികൾക്ക് നമ്മളുടെ പേര് അറിയണമെന്നുണ്ടാകില്ല. പിന്നെ എന്തിന് വേണ്ടിയാണ് ഇത്രയും വെറുപ്പ് സൂക്ഷിക്കുന്നത്. എന്തിനാണ് ഇത്രയും ടോക്സിസിറ്റി. ആളുകളെ കുറിച്ച് സന്തോഷിക്കൂ. ആരെങ്കിലും മെച്ചപ്പെട്ട ജീവിതം നയിക്കുന്നുണ്ടെങ്കിൽ അത് കണ്ട് സന്തോഷിക്കൂ. അറിവും കഴിവും വിദ്യാഭ്യാസവും ഉണ്ടായിട്ടും പ്രതീക്ഷിച്ച നിലയിൽ എത്താതെ പോയ ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. എന്താണോ നിങ്ങൾ ചിന്തിക്കുന്നത് അതാണ് നിങ്ങൾ എന്നൊരു ചൊല്ല് തമിഴിലുണ്ട്. നിങ്ങൾക്ക് നല്ല ചിന്തകളുണ്ടെങ്കിൽ നിങ്ങളുടെ ജീവിതവും ഭംഗിയുള്ളതായിരിക്കും. നെഗറ്റിവ് ചിന്തകൾ വന്നാൽ അതുപോലെയാകും നിങ്ങളുടെ ജീവിതവും.

Related Stories

No stories found.
logo
The Cue
www.thecue.in