മോഹൻലാലിന് മുന്നേ അജയ് ദേവ്​ഗൺ എത്തുമോ? 'ദൃശ്യം 3' ഹിന്ദി പതിപ്പ് റിലീസ് തീയതി പ്രഖ്യാപിച്ചു

മോഹൻലാലിന് മുന്നേ അജയ് ദേവ്​ഗൺ എത്തുമോ? 'ദൃശ്യം 3' ഹിന്ദി പതിപ്പ് റിലീസ് തീയതി പ്രഖ്യാപിച്ചു
Published on

ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ എത്തുന്ന ദൃശ്യം 3. ഹിന്ദി, തെലുങ്ക്, കൊറിയൻ, ചൈനീസ് തുടങ്ങിയ ഭാഷകളിൽ ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ദൃശ്യം ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാ​ഗം മുമ്പ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ദൃശ്യം 3 ന്റെ തിരക്കഥ ഏറെക്കുറെ തയ്യാറാണെന്നും എന്നാൽ അത് ഫൈനൽ ആയിട്ടില്ലെന്നും പിന്നീട് എമ്പുരാൻ സിനിമയുടെ പ്രമോഷൻ സമയത്ത് മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അജയ് ​ദേവ്​ഗൺ നായകനായ ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ അപ്ഡേറ്റുകൾ പുറത്തു വന്നിരിക്കുകയാണ്.

അജയ് ദേവ്ഗൺ നായകനാകുന്ന ദൃശ്യം 3 2026 ഒക്ടോബറിൽ 2 ന് ​ഗാന്ധി ജയന്തി ദിവസം റിലീസിനെത്തുമെന്നാണ് പനോരമ സ്റ്റുഡിയോസ് അവരുടെ ഇൻസ്റ്റ​ഗ്രാം ഹാൻഡിലിലൂടെ അറിയിച്ചിരിക്കുന്നത്. പനോരമ സ്റ്റുഡിയോസിനൊപ്പം ഡിജിറ്റൽ 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമാണം. ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗം സംവിധാനം ചെയ്ത അഭിഷേക് പഥക് തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാ​ഗവും ഒരുക്കുന്നത്. സിനിമയുണ്ടാകുമെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള പനോരമയുടെ ഒരു ഔദ്യോഗിക കത്തും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ദൃശ്യം 3 നിർമ്മിക്കുന്നതിനായി ഡിജിറ്റൽ 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി ഒരു നിർമ്മാണ കരാറിൽ ഒപ്പുവെക്കുന്നതിനെക്കുറിച്ചാണ് കത്തിൽ പരാമർശിച്ചിട്ടുള്ളത്.

അതേസമയം തന്റെ ഏറ്റവും പുതിയ ചിത്രമായ ‘വലതുവശത്തെ കള്ളന്റെ’ തിരക്കിലാണ് ജീത്തു ജോസഫ്. മലയാളത്തിലെ ദൃശ്യം 3 എന്ന് ആരംഭിക്കുമെന്ന് ഒരു സൂചനയുമില്ല. അതേസമയം ദൃശ്യം 3 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഈ വർഷം ഓഗസ്റ്റിൽ ആരംഭിക്കുമെന്ന് മുമ്പ് പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്തിരുന്നു. അജയ് ദേവ്ഗൺ ഇപ്പോൾ ദേ ദേ പ്യാർ ദേ 2, ധമാൽ 4, റേഞ്ചർ എന്നെ സിനിമകളുടെ പണിപ്പുരയിലാണ്. ഈ സിനിമകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും ദൃശ്യം 3 ആരംഭിക്കുക എന്നായിരുന്നു റിപ്പോർട്ട്

2015 ലായിരുന്നു ദൃശ്യം ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. ആഗോളതലത്തിൽ 150 കോടിയോളം രൂപയാണ് സിനിമ നേടിയത്. നിഷികാന്ത് കാമത്തായിരുന്നു ചിത്രത്തിന്റെ ആ​ദ്യ ഭാ​ഗം സംവിധാനം ചെയ്തത്. 2022 ലായിരുന്നു ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. സിനിമയുടെ മലയാളം പതിപ്പ് ആമസോൺ പ്രൈമിലൂടെ ഒടിടി സ്ട്രീം ചെയ്യുകയായിരുന്നുവെങ്കിൽ ഹിന്ദി പതിപ്പ് തിയറ്ററുകളിൽ റിലീസ് ചെയ്ത് 300 കോടിയിലധികം രൂപ നേടി. നിഷികാന്ത് കാമത്തിന്റെ വിയോഗത്തിന് പിന്നാലെ അഭിഷേക് പഥക് ചിത്രത്തിന്റെ സംവിധായകനാവുകയായിരുന്നു. അജയ് ദേവ്ഗണിന് പുറമെ തബു, ശ്രീയ ശരൺ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in