

സ്ത്രീകള്‍ക്ക് കേരളത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നടി ഐശ്വര്യ ഭാസ്‌കര്‍. സ്ത്രീധന പ്രശ്നങ്ങള്‍ മൂലം പെണ്‍കുട്ടികളെ കൊല്ലുന്നതും ആത്മഹത്യ ചെയ്യപ്പെടുന്നതുമായ കാര്യങ്ങള്‍ അങ്ങേയറ്റം ഭയാനകരമാണെന്നും ഇവിടുത്തെ സ്ത്രീ സംഘടനകള്‍ എവിടെയാണെന്നും ഐശ്വര്യ ഭാസ്‌കര്‍ ചോദിക്കുന്നു. കേരളത്തിലെ നിയമ സംവിധാനങ്ങള്‍ ഇത്തരം പ്രശ്‌നങ്ങളില്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നിങ്ങള്‍ വോട്ട് ചെയ്ത ജയിപ്പിച്ച സര്‍ക്കാര്‍ ഇതൊന്നും കാര്യമാക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അവര്‍ വോട്ട് ചോദിച്ചു വരുന്നതെന്നും വോട്ട് ചെയ്തവരോടുള്ള കടമയാണ് അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് എന്നും സ്വന്തം യൂട്യൂബ് ചാനലായ മള്‍ട്ടി മമ്മിയില്‍ പങ്കുവച്ച വീഡിയോയില്‍ ഐശ്വര്യ ഭാസ്‌കര്‍ പറയുന്നു.
കേരളത്തിലെ അമ്പലങ്ങളിലും സ്ഥലങ്ങളിലും ചെറുപ്പത്തില്‍ ഞാന്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു എന്നും എന്നാല്‍ കഴിഞ്ഞ തവണ കേരളത്തില്‍ വന്ന് അമ്പലത്തില്‍ പോകാന്‍ എവിടെ ഓട്ടോ കിട്ടും എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ഭക്ഷണം കൊണ്ടു വന്ന റൂം ബോയ് പറഞ്ഞ കാര്യം എന്നെ ഞെട്ടിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ഐശ്വര്യ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും സ്വന്തമായി ഒരു കാറും ഡ്രൈവറും ഉണ്ടെങ്കില്‍ മാത്രമേ പുറത്തു പോകാവു എന്നും റൂം ബോയ് പറഞ്ഞതായി ഐശ്വര്യ പറയുന്നു. പെണ്‍കുട്ടികളെ നടു റോഡില്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതില്‍ തുടങ്ങി കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന നിരവധി ക്രൈമുകളെക്കുറിച്ച് ഐശ്വര്യ എടുത്തു പറയുകയും എന്റെ ചെറുപ്പകാലത്ത് ഞാന്‍ വളരെ സുരക്ഷിതയായി യാത്ര ചെയ്തിരുന്ന സ്ഥലത്താണ് ഇപ്പോള്‍ ഇറങ്ങി നടക്കാന്‍ കഴിയാതായത് എന്ന് സ്വന്തം മകളോട് പറയേണ്ടി വന്നു എന്നും ഐശ്വര്യ വീഡിയോയില്‍ പറയുന്നു. അതേ സമയം കോളേജ് വിദ്യാര്‍ത്ഥിനിയായ ശ്രദ്ധ എന്ന കുട്ടിക്ക് സംഭവിച്ച കാര്യത്തെക്കുറിച്ചും കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായത്തെക്കുറിച്ചും ഐശ്വര്യ പ്രതിപാതിക്കുന്നുണ്ട്.
ശ്രദ്ധ എന്ന കുട്ടിക്ക് സംഭവിച്ച കാര്യവും പേടിപ്പെടുത്തുന്നതാണ്. ടീച്ചേഴ്‌സ് എന്ന പേരില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്. ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് എന്താണ് സംഭവിക്കുന്നത്? ഇവിടുത്തെ യുവത കടന്നു പോകുന്നത് ഒരുപാട് പ്രഷറിലൂടെയും സമ്മര്‍ദ്ദത്തിലൂടെയുമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള കാര്യങ്ങള്‍ നിങ്ങള്‍ വിദ്യാര്‍ത്ഥികളോട് ചെയ്യാന്‍ പാടില്ല. നിങ്ങള്‍ വിഢികളാണോ? ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള ആളുകളാണ് നിങ്ങള്‍. റൂള്‍സ് എന്നത് സ്‌കൂളുകളിലേക്കുള്ളതാണ്, മൊബൈല്‍ ഫോണ്‍ കൊണ്ടു വന്നു എന്നത് അവള്‍ ചെയ്ത വലിയൊരു കുറ്റമായി എനിക്ക് തോന്നുന്നില്ല. ആത്മഹത്യ ചെയ്യാന്‍ പോകുന്ന തരത്തിലേക്ക് അവരെ തള്ളിവിടുന്നത് എന്തിനാണ്? ഇത് വളരെ പേടിപ്പെടുത്തുന്നതാണ്. ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്ത് വരണം. എന്ത് തരത്തിലുള്ള സ്‌കൂളുകളിലേക്കും കോളേജുകളിലേക്കുമാണ് നിങ്ങള്‍ കുട്ടികളെ വിടാന്‍ ഉദ്ധേശിക്കുന്നത്? കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഇതുപോലെയുള്ള കോളേജുകളിലേക്കാണോ? അങ്ങനെയാണെങ്കില്‍ അവരെ തമിഴ് നാട്ടിലേക്ക് വിടു. ഞങ്ങള്‍ അവരെ നല്ലപോലെ നോക്കിക്കൊള്ളാം. ഞങ്ങള്‍ നിങ്ങളുടെ കുട്ടികളെ സ്വാഗതം ചെയ്യുന്നു. ഇതിനെക്കാള്‍ സുരക്ഷ തമിഴ് നാട്ടില്‍ ഉണ്ട്. ഇതാണ് കേരളത്തിലെ സത്രീകളുടെ അവസ്ഥ. അരെങ്കിലും ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യു. ഇത് ശരിയാക്കിയെടുക്കു. ഇത് ആരെയെങ്കിലും മുറിവേല്‍പ്പിക്കാനോ മോശക്കാരനാക്കാനോ പറയുന്നതല്ല. ഞാന്‍ പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നത് ആക്രമിക്കപ്പെട്ടവരുടെ കുടുംബത്തിനും ഇതുമൂലം ബാധിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കും നീതി ലഭിക്കാന്‍ വേണ്ടിയാണ്. നീതിയും ന്യായവും കേരളത്തില്‍ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണെന്ന് ഐശ്വര്യ ഭാസ്കർ പറഞ്ഞു.