ലോകയുടെ വിജയത്തിന് ശേഷം അച്ഛൻ തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് നടി കല്യാണി പ്രിയദർശൻ. ലോകയുടെ വലിയ വിജയത്തിന് ശേഷം ഇനി ഈ ചിത്രത്തെ മറികടക്കുന്ന ഒന്ന് തനിക്ക് ചെയ്യാനാകുമോ എന്ന ആശങ്കയിൽ സിനിമ മതിയാക്കിയാലോ എന്ന് അച്ഛനോട് താൻ ചോദിച്ചിരുന്നുവെന്നും എന്നാൽ ആ ചോദ്യത്തിന് മറുപടിയായി തനിക്ക് അച്ഛനൊരു ഉപദേശം നൽകി എന്നും നടി കല്യാണി പ്രിയദർശൻ പറയുന്നു. ചിത്രം എന്ന സിനിമ 365 ദിവസത്തോളം തിയറ്ററിൽ ഓടിയപ്പോൾ ഇതാണ് തന്റെ കരിയറിലെ ഏറ്റവും വലിയ വിജയം എന്ന് താൻ കരുതിയിരുന്നുവെന്നും എന്നാൽ രണ്ട് വർഷത്തിന് ശേഷം കിലുക്കം എന്ന ചിത്രം ഇറങ്ങി അതിലും വലിയ വിജയം സൃഷ്ടിച്ചുവെന്നും അച്ഛൻ പറഞ്ഞു. അതുകൊണ്ട് തന്നെ ലോകയാണ് തനിക്ക് നേടിയെടുക്കാൻ സാധിച്ച ഏറ്റവും വലിയ വിജയമെന്ന് കരുതരുതെന്നും മുന്നോട്ട് തന്നെ പോകണം എന്നാണ് അച്ഛൻ ഉപദേശിച്ചതെന്നും ലോകയുടെ യു.കെയിൽ നടന്ന ഇവന്റിൽ പങ്കെടുത്ത് സംസാരിക്കവേ കല്യാണി പ്രിയദർശൻ പറഞ്ഞു.
കല്യാണി പ്രിയദർശൻ പറഞ്ഞത്:
ലോകയുടെ വിജയത്തിന് ശേഷം ഞാൻ ഇനി സിനിമയിൽ നിന്ന് രാജിവെയ്ക്കുന്നതായിരിക്കും നല്ലത് എന്ന് പറഞ്ഞപ്പോൾ എന്റെ അച്ഛൻ എനിക്കൊരു ഉപദേശം തന്നിരുന്നു. ചിത്രം എന്ന സിനിമ ഇറങ്ങി അത് 365 ദിവസത്തോളം ഓടിയപ്പോൾ എനിക്ക് തോന്നി നമ്മൾ നമ്മുടെ കരിയറിന്റെ ഏറ്റവും പീക്കിൽ ആണ് എന്ന്. പക്ഷേ രണ്ട് വർഷം കഴിഞ്ഞപ്പോൾ കിലുക്കം ഇറങ്ങി. അതുകൊണ്ട് തന്നെ ലോകയാണ് നിനക്ക് കീഴടക്കാൻ സാധിച്ച ഏറ്റവും ഉയർന്ന കാര്യം എന്ന നിലയിൽ ചിന്തിക്കരുത്. മുന്നോട്ട് നീങ്ങിക്കൊണ്ടേയിരിക്കുക.
ഇതുവരെ 288 കോടിയോളം രൂപയാണ് ലോക ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ നേടിയിരിക്കുന്നത് എന്നാണ് റിപ്പോട്ടുകൾ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ യു.കെയിൽ സക്സസ് മീറ്റ് നടന്നത്. വിജയാഘോഷത്തിന്റെ ഭാഗമായി വിനീത് ശ്രീനിവാസന്റെ ലൈവ് കോൺസെർട്ടും യു.കെയിൽ സംഘടിപ്പിച്ചിരുന്നു. കല്യാണി പ്രിയദർശൻ, നിമിഷ് രവി, ശാന്തി ബാലചന്ദ്രൻ, അരുൺ കുര്യൻ തുടങ്ങിയവർ ആഘോഷത്തിൽ പങ്കെടുത്തു. ലോകഃ യുകെയിൽ വിതരണം ചെയ്യുന്നത് മാജിക് റെയ്‌സ് യുകെ ഉടമയായ ജോസ് ചക്കാലക്കൽ ആണ്