ട്വിറ്റർ നിറഞ്ഞ് ബിഗ് ബജറ്റ് 'ടിടി 51'; 'കള'യ്ക്ക് ശേഷം രോഹിത് വിഎസ് -ടൊവിനോ കൂട്ടുകെട്ട് വീണ്ടും?

ട്വിറ്റർ നിറഞ്ഞ് ബിഗ് ബജറ്റ് 'ടിടി 51'; 'കള'യ്ക്ക് ശേഷം രോഹിത് വിഎസ് -ടൊവിനോ കൂട്ടുകെട്ട് വീണ്ടും?

'കള' എന്ന ചിത്രത്തിന് ശേഷം ടൊവിനോ തോമസ്- രോഹിത് വി.എസ് കൂട്ടുകെട്ട് ഒന്നിക്കുന്നത് ഒരു ബിഗ് ബജറ്റ്, മാസ് എന്റര്‍ടെയ്‌നര്‍ ചിത്രത്തിന് വേണ്ടിയെന്ന് റിപ്പോര്‍ട്ട്. ടൊവിനോ തോമസിന്റെ 51-ാമത്തെ ചിത്രമായി കണക്കാക്കുന്ന 'ടിടി 51' എന്ന ടൈറ്റിലിലാണ് ട്വിറ്ററടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ സിനിമയെ സംബന്ധിച്ച സൂചനകള്‍ പ്രചരിക്കുന്നത്.

ടൊവിനോ തോമസിന്റെ ജന്മദിനത്തിന് പിന്നാലെ സംവിധായകന്‍ രോഹിത് വി.എസ് പങ്കുവച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറിയാണ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്. ടൊവിനോയെ ടാഗ് ചെയ്തുകൊണ്ടുള്ള സ്‌റ്റോറിക്ക് പിന്നാലെ ട്വിറ്ററില്‍ .ടിടി 51-മായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

ഇന്ത്യയിലുടനീളം ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 40 കോടിയിലധികമാണെന്നും, വലിയ ക്യാന്‍വാസില്‍ ഒരു മാസ്സ് എന്റര്‍ടൈനറായി ഒരുക്കുന്ന ചിത്രത്തില്‍ ടൊവിനോയൊടൊപ്പം ഒട്ടേറെ മുന്‍നിര താരങ്ങളും അണിനിരക്കുമെന്നുമാണ് സൂചനകള്‍. അതേസമയം, ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ലാല്‍ ജൂനിയര്‍ ചിത്രം 'നടികര്‍ തിലകം', ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ വൈക്കം മുഹമ്മദ് ബഷീറായി ടൊവിനോ എത്തുന്ന 'നീലവെളിച്ചം', നവാഗതനായ ജിതിന്‍ ലാലിന്റെ സംവിധാനത്തില്‍ ട്രിപ്പിള്‍ റോളില്‍ ടൊവിനോ എത്തുന്ന 'അജയന്റെ രണ്ടാം മോഷണം', ഡോ ബിജു ഒരുക്കുന്ന 'അദൃശ്യ ജാലകങ്ങള്‍' എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ടൊവിനോ ചിത്രങ്ങള്‍.

ടൊവിനോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഈ ചിത്രങ്ങളുടെയെല്ലാം പ്രധാനപ്പെട്ട അപ്‌ഡേഷനുകള്‍ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 'ടിടി 51'-മായി ബന്ധപ്പെട്ട പ്രചാരണങ്ങളും പ്രേക്ഷക പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in