ആ കുഞ്ഞിനെക്കുറിച്ചോർത്ത് എനിക്ക് ആശങ്കയുണ്ട്, കേസ് നടക്കുന്നത് കൊണ്ടാണ് കുട്ടിയെ നേരിട്ട് സന്ദർശിക്കാൻ സാധിക്കാത്തത്: അല്ലു അർജുൻ

ആ കുഞ്ഞിനെക്കുറിച്ചോർത്ത് എനിക്ക് ആശങ്കയുണ്ട്, കേസ് നടക്കുന്നത് കൊണ്ടാണ് കുട്ടിയെ നേരിട്ട് സന്ദർശിക്കാൻ സാധിക്കാത്തത്: അല്ലു അർജുൻ
Published on

പുഷ്പ 2ന്റെ റിലീസ് സമയത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കാണാൻ എന്തുകൊണ്ട് താൻ എത്തിയില്ലെന്ന് വിമർശനങ്ങൾക്ക് മറുപടിയുമായി നടൻ അല്ലു അർജുൻ. തന്റെ നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്നാണ് അല്ലുവിന്‍റെ വിശദീകരണം. പുഷ്പ 2 പ്രീമിയറിനിടെയുണ്ടായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അല്ലു അർജുന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ജയില്‍ മോചനത്തിനു ശേഷമുള്ള അല്ലുവിന്റെ വിഡിയോകളെല്ലാം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടു. മരിച്ച യുവതിയുടെ മകന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് താരം ആഘോഷിക്കുന്നത് എന്നായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അല്ലു അർജുന്റെ പ്രതികരണം.

അല്ലു അർജുന്റെ പോസ്റ്റ്:

ആ നിർഭാഗ്യകരമായ സംഭവത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന കുട്ടിയായ ശ്രീ തേജിനെക്കുറിച്ച് എനിക്ക് അതീവ ഉത്കണ്ഠയുണ്ട്. എന്നാൽ നിയമനടപടികൾ നടക്കുന്നതിനാൽ, ആ കുഞ്ഞിനേയും കുടുംബത്തെയും ഈ സമയത്ത് സന്ദർശിക്കരുതെന്നാണ് എനിക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. എൻ്റെ പ്രാർത്ഥനകൾ അവരോടൊപ്പമുണ്ട്, അതേ സമയം അവരുടെ ആശുപത്രി ചിലവുകളും ആ കുടുംബത്തിന് ആവശ്യമായ മറ്റു കാര്യങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനുമാണ്. കുട്ടി വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ ആശംസിക്കുന്നു. ഒപ്പം എത്രയും വേഗം ആ കുട്ടിയെയും കുടുംബത്തെയും എനിക്ക് നേരിട്ട് കാണാൻ സാധിക്കട്ടെയെന്നും ഞാൻ ആഗ്രഹിക്കുന്നു.

അല്ലു അർജുൻ ജയിൽ മോചിതനായതിന് പിന്നാലെ പിന്നാലെ നിരവധി സിനിമാതാരങ്ങൾ നടനെ കാണാനെത്തുകയും അതിന്റെ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയുമുണ്ടായി. ഇതിനെ തുടർന്നാണ് അല്ലു അർജുനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്.

ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ ഡിസംബർ 4 രാത്രി നടന്ന പ്രീമിയർ ഷോ കാണാനെത്തിയ ദിൽഷുക്ന​ഗർ സ്വദേശിനി രേവതിയാണ് (39) തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. മരിച്ച രേവതിയുടെ മകന്‍ തേജ് (9) ഇപ്പോൾ ഗുരുതരാവസ്ഥയില്‍ ആശുപത്രി ചികിത്സയിലാണ്. മരിച്ച യുവതിയുടെ കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി മുമ്പ് പറഞ്ഞത്. അല്ലു അര്‍ജുന്‍ സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചത് അവസാന നിമിഷമായിരുന്നു. അതേസമയം മരണപ്പെട്ട രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയുടെ ധനസഹായം മുമ്പ് അല്ലു അർജുൻ വാ​ഗ്ദാനം ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in