ഭേദപ്പെട്ട സിനിമ കാണാൻ ആളില്ല, വഷളായ സിനിമ വെളുപ്പാന്‍ കാലത്താണെങ്കിലും പോയിരുന്ന് കാണും: അടൂർ ഗോപാലകൃഷ്ണൻ

ഭേദപ്പെട്ട സിനിമ കാണാൻ ആളില്ല, വഷളായ സിനിമ വെളുപ്പാന്‍ കാലത്താണെങ്കിലും പോയിരുന്ന് കാണും: അടൂർ ഗോപാലകൃഷ്ണൻ
Published on

സിനിമകൾക്കായി വലിയ ബജറ്റ് മുടക്കി എന്ന് പറയുന്നത് പ്രേക്ഷകരെ പറ്റിക്കാനോ, അല്ലെങ്കിൽ വേണ്ടാത്ത കാര്യങ്ങൾക്കുവേണ്ടി ചെലവഴിക്കുന്നതോ ആകാമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. 500 കോടിയോളം മുടക്കി എന്ന് കേൾക്കുമ്പോൾ കേമമായിരിക്കും എന്ന വിചാരമാണ്. ഭേദപ്പെട്ട സിനിമകൾ കാണുവാൻ ആളില്ലാത്തതും ഏറ്റവും വഷളായ സിനിമ ഇറങ്ങുന്നദിവസം വെളുപ്പാൻ കാലത്ത് ആളുകയറുന്ന അവസ്ഥയുമാണെന്ന് അടൂർ പറഞ്ഞു. 'പമ്പ' (പീപ്പിൾ ഫോർ പെർഫോമിങ് ആർട്‌സ് ആൻഡ് മോർ) സാഹിത്യോത്സവം -ഫെസ്റ്റിവൽ ഓഫ് ഡയലോഗ്‌സ് 13-ാമത് എഡിഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭേദപ്പെട്ടൊരു സിനിമയും ആളുകള്‍ കാണുന്നില്ല. ഭേദപ്പെട്ടതാണെന്നുണ്ടെങ്കില്‍ അത് കാണാനുള്ളതല്ല എന്നതാണ് അര്‍ത്ഥമായി എടുത്തിട്ടുള്ളത്. പക്ഷെ ഏറ്റവും വഷളായ സിനിമ ഇറങ്ങുന്ന ദിവസം, അത് വെളുപ്പാന്‍ കാലത്താണെങ്കിലും ആളുകള്‍ പോയിരുന്ന് കാണുന്നുണ്ട്. പ്രത്യേകിച്ച് ആദ്യമൊരു പരസ്യം വരണം. അഞ്ഞൂറ് കോടി രൂപ മുടക്കിയതാണെന്ന്. അഞ്ഞൂറു കോടി മുടക്കിയതാണെങ്കില്‍ കേമമായിരിക്കും എന്നാണ് ഓഡിയന്‍സ് വിചാരിക്കുന്നത്.

ഈ അടുത്ത് ഇറങ്ങിയ ഒരു പടമുണ്ട്. പേര് പറയുന്നില്ല. പത്രങ്ങളില്‍ പോലും അതിന് പരസ്യമില്ലായിരുന്നു. കാരണം എല്ലാ പത്രങ്ങളിലും ഫ്രണ്ട് പേജില്‍ ആ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് ആ പടം ഓടി. വലിയ കളക്ഷനും കിട്ടി. കണ്ടില്ലെങ്കില്‍ മോശമാണെന്ന അവസ്ഥയായിരുന്നു. പക്ഷെ കണ്ടിട്ട് ഒരാള്‍ പോലും കൊള്ളാമെന്ന് പറഞ്ഞിട്ടില്ല- അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in