കളക്ഷനിലും കൈവിട്ട് ആദിപുരുഷ്, ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ച് ആളെക്കൂട്ടാൻ നിർമ്മാതാക്കൾ

കളക്ഷനിലും കൈവിട്ട് ആദിപുരുഷ്, ടിക്കറ്റ് നിരക്ക് വെട്ടിക്കുറച്ച് ആളെക്കൂട്ടാൻ നിർമ്മാതാക്കൾ

ബോക്സ് ഓഫീസിൽ തിരിച്ചടിയും മോശം പ്രതികരണവും നേടിയതിന് പിന്നാലെ ടിക്കറ്റ് നിരക്ക് വെട്ടിക്കുറിച്ച് ആദിപുരുഷ് നിർമ്മാതാക്കൾ. ജൂൺ 22, 23 ദിവസങ്ങളിൽ 150 രൂപയായിരിക്കും ടിക്കറ്റ് വിലയെന്ന് ടി സീരീസ് ട്വീറ്റ് ചെയ്തു. രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്ത് പ്രഭാസ്, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ആദിപുരുഷ്'. ഏറെ വിവാദങ്ങൾക്ക് കാരണമായ ചിത്രം തിയറ്ററുകളിലെത്തി ആദ്യ ദിവസങ്ങളിൽ മികച്ച കളക്ഷൻ നേടിയിരുന്നു. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ ചിത്രത്തിന്റെ കളക്ഷൻ ഇടിഞ്ഞു തുടങ്ങി. ഇടിവ് നികത്താനായാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ടി-സീരീസ് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് കുറച്ചത്. ടി-സീരിസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്ക് നിരക്ക് കുറവ് ഇല്ലെന്നും ട്വീറ്റിൽ പറയുന്നു. ചിത്രത്തിന്റെ ഹിന്ദി വേർഷൻ തിയറ്ററുകളിലെത്തി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ 120 കോടി നെറ്റ് കളക്ഷനാണ് ചിത്രം നേടിയിരുന്നത്. ജൂൺ 21-ന് ചിത്രം ആകെ നേടിയത് 3.25 കോടി രൂപയാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 500 കോടിയോളം ചിലവഴിച്ചാണ് ആദിപുരുഷ് ചിത്രീകരിച്ചത്.

ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഹനുമാന് ഒഴിച്ചിടുമെന്ന നിർമ്മാതാക്കളുടെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോൾ ചെയ്യപ്പെട്ടിരുന്നു. കൂടാതെ രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നതാണെന്ന് ആരോപിച്ച് സിനിമക്കെതിരെഹിന്ദുസേന ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിര്‍മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്. ഛായാഗ്രഹണം -ഭുവന്‍ ഗൗഡ, എഡിറ്റിങ് -അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം. ഹത്രെ. സംഗീതം -അജയ്-അതുല്‍, രവി ബസ്റൂര്‍ പശ്ചാത്തല സംഗീതം -സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ.

Related Stories

No stories found.
logo
The Cue
www.thecue.in