രാമായണ കഥ പറയുന്ന പ്രഭാസിന്റെ ആദിപുരുഷ്; സീതയും ലക്ഷ്മണനും സെറ്റിൽ എത്തി

രാമായണ കഥ പറയുന്ന പ്രഭാസിന്റെ ആദിപുരുഷ്; സീതയും ലക്ഷ്മണനും സെറ്റിൽ എത്തി

Published on

മഹാ ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി പ്രഭാസ് നായകനാകുന്ന ആദിപുരുഷ് സിനിമയിൽ നായികയായി ക്രിതി സനോൺ എത്തുന്നു. സിനിമയിലെ ശ്രീരാമന്റെ കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. കൃതിയായിരിക്കും സീതയെ അവതരിപ്പിക്കുക. ഇരുവർക്കുമൊപ്പം നടൻ സണ്ണി സിങ്ങും ജോയിൻ ചെയ്തിട്ടുണ്ട്. സിനിമയിൽ ലക്ഷമണിന്റെ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയിലേയ്ക്ക് ഇരുവരെയും സ്വാഗതം ചെയ്തുകൊണ്ടുള്ള കുറിപ്പും പ്രഭാസ് സോഷ്യൽ മീഡിയയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആദിപുരുഷ് കുടുംബത്തിലേക്ക് സ്വാഗതം എന്നാണ് ഇരുവർക്കുമൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് പ്രഭാസ് കുറിച്ചത്.

സൈഫ് അലി ഖാനാണ് സിനിമയിൽ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലങ്കേഷ് എന്നാണ് ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ പേര്. തൻഹാജി ദി അൻസങ് ഹീറോ സംവിധാനം ചെയ്ത ഓം റൗതാണ് പ്രഭാസ് നായകനാകുന്ന ഈ ബിഗ് ബഡ്ജറ്റ് സിനിമ സംവിധാനം ചെയ്യുന്നത്. ഖാര്‍തിക് പലാനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ആദിപുരുഷനില്‍ രാവണനെ മാനുഷികമൂല്യങ്ങളോടെയാകും അവതരിപ്പിക്കുകയെന്ന നടൻ സൈഫ് അലി ഖാന്റെ പരാമർശം നേരത്തെ വിവാദമായിരുന്നു . ഒരു അസുരരാജാവിനെ അവതരിപ്പിക്കുക എന്ന രസകരമായ സംഗതിയാണ്. കാരണം ആ കഥാപാത്രത്തെ കുറിച്ച് അധികം വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ രാവണനെ മാനുഷികമായ കണ്ണുകളിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതാപഹരണത്തെ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. രാമനുമായുള്ള യുദ്ധവുമെല്ലാം അദ്ദേഹത്തിന്റെ സഹോദരി ശൂര്‍പ്പണകയോട് ചെയ്തതിനുള്ള പ്രതികാരമായിരുന്നുവെന്നും സെയ്ഫ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

2022 ആഗസ്റ്റ് പതിനൊന്നിനാണ് 'ആദിപുരുഷ്' റിലീസ് ചെയ്യുക. 3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. ഹിന്ദി-തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്.

logo
The Cue
www.thecue.in