'സ്ത്രീകള്‍ സമൂഹത്തില്‍നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങണം'; ഉർവ്വശി

'സ്ത്രീകള്‍ സമൂഹത്തില്‍നിന്ന് സ്വാതന്ത്ര്യം പിടിച്ചുവാങ്ങണം'; ഉർവ്വശി

പെൺകുട്ടികൾക്ക് കിട്ടേണ്ട സ്വാതന്ത്ര്യം അത് സമൂഹത്തിൽ നിന്നും പിടിച്ചു വാങ്ങുകയാണ് വേണ്ടെതെന്ന് നടി ഉർവ്വശി. വ്യക്തിജീവിതത്തിലും കലാജീവിതത്തിലും പ്രതിസന്ധികള്‍ നേരിടുമ്പോള്‍ സ്ത്രീകളെയാണ് പൊതുവെ സമൂഹം കുറ്റപ്പെടുത്താറുള്ളത് എന്നും പുരുഷന്മാരെ ബഹുമാനിക്കാൻ പഠിപ്പിക്കുന്ന ഒരു കുടുംബത്തിലാണ് താൻ ജനിച്ചതെന്നും എന്നാൽ‍ അവർ ആ ബഹുമാനത്തിന് അർഹരാണോ എന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ടെന്നും ഉർവ്വശി പറഞ്ഞു. സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകള്‍ കൂടുതലായി കടന്നുവരേണ്ടതുണ്ടെന്നും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ 'സമം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യവേ ഉർവ്വശി പറഞ്ഞു.

ഉർവ്വശി പറഞ്ഞത്:

ഇവിടെ നമ്മുടെ ബഹുമാന്യരായ പലരും സൂചിപ്പിച്ചത് പോലെ ഒരുപാട് തരത്തിലുള്ള പ്രശ്നങ്ങൾ സ്ത്രീകൾ അഭിമുഖീകരിക്കുന്നുണ്ട്. വ്യക്തി ജീവിതത്തിൽ ഞാനും കുറേ അത് അഭിമുഖീകരിച്ചിട്ടുണ്ട്. ഒരു സത്യാന്വേഷണത്തിനൊന്നും ആരും മുതിരാറുമില്ല ആ കാര്യത്തിൽ. എങ്കിലും പരാതിയോ കാര്യങ്ങളോ ഒന്നുമല്ലാതെ നമ്മുടെ നിയോ​ഗമായി കണക്കാക്കി സ്വാതന്ത്ര്യം നാം സമൂഹത്തിൽ നിന്ന് പിടിച്ചു വാങ്ങുക എന്ന രീതിയാണ് ഞാൻ കുറച്ചു നാളായി നോക്കുന്നത്. പിന്നെ ഒരുപാട് അച്ചടക്കം വേണെ പെൺകുട്ടികൾക്ക് എന്ന് പറയുന്നത്, വളരും തോറും ആൺകുട്ടികൾക്ക് പുറത്തേക്ക് പോകാം പെൺകുട്ടികൾ അകത്തേക്ക് വരണം എന്ന് പറയുന്ന ഒരു കുടുംബത്തിൽ തന്നെയാണ് ഞാൻ വളർന്നത്. കാരണവന്മാരെയും പുരുഷന്മാരെയും ബഹുമാനിക്കുക, എന്ന് തന്നെയാണ് ഒരോ തവണയും പറഞ്ഞ് മനസ്സിലാക്കിയിട്ടുള്ളത്. അവരെ പ്രകീർത്തിക്കുക, അവർ നമ്മുടെ അഭിമാനത്തിൽ ഭാ​ഗമാണെന്ന് പറയുക, പക്ഷേ അത് ബഹുമാനത്തിന് അർഹതയുള്ളവരെയായിരിക്കണം എന്ന് കൂടി പറഞ്ഞ് പഠിപ്പിക്കണമായിരുന്നു. അത് പഠിപ്പിക്കാതെ പോയി. അതുകൊണ്ട് ഇനിയുള്ള തലമുറയെ നമ്മൾ പറഞ്ഞു പഠിപ്പിക്കേണ്ടത് അതിന് അവർ അർഹിക്കുന്നുണ്ടോ എങ്കിൽ ബഹുമാനിക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ സ്വാതന്ത്ര്യം, അത് സ്വയം നേടിയെടുക്കുക.

സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകള്‍ കൂടുതലായി കടന്നുവരേണ്ടതുണ്ട്. തുല്യതയ്ക്കായി സ്ത്രീയും പുരുഷനും പരസ്പരം കൈകോര്‍ത്തുപിടിച്ച് മുന്നേറുകയാണ് വേണ്ടത്. വ്യക്തിജീവിതത്തിലും കലാജീവിതത്തിലും പ്രതിസന്ധികള്‍ നേരിടുമ്പോള്‍ സ്ത്രീകളെയാണ് പൊതുവെ സമൂഹം കുറ്റപ്പെടുത്താറുള്ളത്. നായികാ പ്രാധാന്യമുള്ള സിനിമകള്‍ എന്റെ തിരഞ്ഞെടുപ്പായിരുന്നില്ല. ഗുരുക്കളെപ്പോലുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളും എനിക്ക് തന്നവയാണ് ഉള്‍ക്കരുത്തുള്ള കഥാപാത്രങ്ങള്‍. മലയാളത്തിലും തെലുങ്കിലും നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വിജയനിര്‍മ്മലയ്ക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കാത്തതില്‍ തനിക്ക് അക്കാലത്ത് വലിയ വിഷമം തോന്നിയിരുന്നുവെന്നും ഉർവ്വശി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in