മൂത്രമൊഴിക്കാതിരിക്കാന്‍ വേണ്ടി വെള്ളം കുടിക്കാന്‍ പാടില്ല എന്നത് എന്ത് ഭീകരാവസ്ഥയാണ്: സ്രിന്ദ

മൂത്രമൊഴിക്കാതിരിക്കാന്‍ വേണ്ടി വെള്ളം കുടിക്കാന്‍ പാടില്ല എന്നത് എന്ത് ഭീകരാവസ്ഥയാണ്: സ്രിന്ദ

മൂത്രമൊഴിക്കാതിരിക്കാന്‍ വേണ്ടി വെള്ളം കുടിക്കാന്‍ പാടില്ലായെന്ന് പറയുന്നത് ഭീകരമായ അവസ്ഥയാണെന്ന് നടി സ്രിന്ദ. മൂത്രമൊഴിക്കുക എന്നത് മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായിട്ടുള്ള കാര്യമാണ്. അത് ചെയ്യാന്‍ കഴിയാതാകുന്നത് വലിയ പ്രശ്‌നമാണെന്നും 'ദ ക്യൂ' അഭിമുഖത്തില്‍ സ്രിന്ദ പറഞ്ഞു.

മൂത്രപ്പുര സമരത്തെ പറ്റി കേട്ടിട്ടുണ്ടെകിലും കൂടുതല്‍ അറിയില്ലായിരുന്നു. കുഞ്ഞില പറയുമ്പോഴാണ് വിശദമായി കാര്യങ്ങള്‍ മനസിലാകുന്നത്. നമ്മുടെ കേരള ചരിത്രത്തിന്റെ ഒരു ഭാഗം തന്നെയാണ് 'മൂത്രപ്പുര സമരം.' എന്നാല്‍ അത് വേണ്ട പോലെ ആളുകളിലേക്ക് എത്തിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് 'അസംഘടിതര്‍' എന്തായാലും ചെയ്യാന്‍ തീരുമാനിച്ചതെന്ന് സ്രിന്ദ പറഞ്ഞു. സമരത്തിന്റെ ഭാഗമായിരുന്ന വിജി ചേച്ചിയും പിന്നെ റീനു, റീനുവിന്റെ അമ്മ എന്നിവരും സിനിമയില്‍ ഉണ്ടായിരുന്നത് കൊണ്ട് കാര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ സാധിച്ചു. അശ്വതി എന്ന കഥാപാത്രത്തെ കൂടുതല്‍ നന്നായി അവതരിപ്പിക്കാന്‍ അവരുമായുള്ള ചര്‍ച്ചകളാണ് സഹായിച്ചതെന്നും സ്രിന്ദ കൂട്ടിച്ചേര്‍ത്തു.

അശ്വതിയെ പോലുള്ള കഥാപാത്രങ്ങളാണ് നമുക്ക് ചുറ്റും കൂടുതല്‍ ഉള്ളത്. പുതിയ സാഹചര്യങ്ങളാണ് അവരില്‍ മാറ്റം കൊണ്ടുവരുന്നത്. അശ്വതിയുടെ കഥാപാത്രം ട്രാന്‍സ്ജന്‍ഡറുകളെ കൂടെ കൂട്ടാന്‍ പറ്റൂല എന്നൊക്കെ പറയുന്നത് അവരുടെ അറിവില്ലായ്മയാണ് അല്ലാതെ അവരൊരു ദുഷ്ടയായത് കൊണ്ടല്ല. എന്നാല്‍ തെറ്റ് മനസിലാക്കി അവര്‍ മാറാന്‍ ശ്രമിക്കുന്നുണ്ട് എന്നതാണ് അവരുടെ ഏറ്റവും വലിയ സൗന്ദര്യമെന്നും സ്രിന്ദ പറയുന്നു.

'ഫ്രീഡം ഫൈറ്റ്' ആന്തോളജിയിലെ 'അസംഘടിതര്‍' കുഞ്ഞില മാസ്സിലാമണി സംവിധാനം ചെയ്ത ചിത്രമാണ്. 2009ല്‍ 'പെണ്‍കൂട്ട്' എന്ന സംഘടനയുടെ നേതൃത്വത്തില്‍ കോഴിക്കോട് നടന്ന മൂത്രപ്പുര സമരത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം ഒട്ടേറെ ജനശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് മിട്ടായി തെരുവിലെ കടകളില്‍ 8-12 മണിക്കൂര്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ക് ഉപയോഗിക്കാന്‍ ആവശ്യമായ ബാത്‌റൂമുകള്‍ നിര്‍മ്മിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം നടന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in