ആദ്യ ബോളിവുഡ് ചിത്രമായ ജവാന്റെ ട്രെയ്ലർ പുറത്ത് വന്നിരിക്കേ മക്കളായ ഉലകിനും ഉയിരിനുമൊപ്പം നടി നയൻതാരയുടെ ഇൻസ്റ്റഗ്രാം അരങ്ങേറ്റം. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ജവാൻ. ബിഗ് ബഡ്ജറ്റിൽ വമ്പൻ ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളുമായാണ് ട്രെയ്ലർ എത്തിയിരിക്കുന്നത്. നയൻതാര നായികയായെത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി കാളി എന്ന വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിലെത്തും.
'നാൻ വന്തിട്ടേൻന്ന് സൊല്ല്' എന്ന ക്യാപ്ഷനോടെ ഇരട്ടക്കുട്ടികളായ മക്കൾ ഉയിരിനും ഉലകിനുമൊപ്പം നടന്ന് വരുന്ന നയൻതാരയെയാണ് വീഡിയോയിൽ കാണാനാവുക. പ്രീവ്യൂ റിലീസ് മുതൽ ട്രൈലെർ കാണാനുള്ള ആരാധകരുടെ ആകാംഷക്ക് വിരാമം ഇട്ടുകൊണ്ട് ജവാന്റെ ആക്ഷൻ പാക്ക്ഡ് ട്രൈലെറും നയൻതാര തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ആക്ഷൻ, മാസ്സ്, ത്രില്ലിംഗ് രംഗങ്ങളുടെ മികവുറ്റ സംയോജനമാകും ജവാൻ എന്ന് ഉറപ്പു നൽകുന്നുണ്ട് ട്രൈലെർ. മുംബെെയിലെ മെട്രോ ഹെെജാക്ക് ചെയ്യുന്ന വില്ലനും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് ട്രെയ്ലർ സൂചിപ്പിക്കുന്നു. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ചിത്രം നിർമിക്കുന്നത്. ജവാനിൽ ദീപിക പദുകോണും ഒരു സ്പെഷ്യൽ അപ്പിയറൻസിൽ എത്തുന്നുണ്ട്. പത്താന് ശേഷം ഷാറൂഖും ദീപികയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്ന അഭിനേതാക്കൾ. ചിത്രം ഹിന്ദി കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റെക്കോർഡ് തുകയായ 36 കോടി രൂപക്ക് ടി സീരീസ് സ്വന്തമാക്കിയിരുന്നു. ബോളിവുഡിലെ ഈ വർഷത്തെ ഏറ്റവും ചെലവേറിയ ബോളിവുഡ് സിനിമകളിലൊന്നാണ് 'ജവാൻ'. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്.. റെഡ് ചില്ലിസിനു വേണ്ടി ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷൻ ചെയുന്നത് പപ്പറ്റ് മീഡിയ ആണ്.