'മെലിഞ്ഞിരിക്കുന്നു എന്നതുകൊണ്ട് കലോത്സവങ്ങളിൽ മുന്നിൽ നിർത്തുമായിരുന്നില്ല'; ബോഡിഷേയ്മിങ് കമന്റുകൾ വായിച്ച് കരഞ്ഞിട്ടുണ്ടെന്ന് അഖില

'മെലിഞ്ഞിരിക്കുന്നു എന്നതുകൊണ്ട് കലോത്സവങ്ങളിൽ മുന്നിൽ നിർത്തുമായിരുന്നില്ല'; ബോഡിഷേയ്മിങ് കമന്റുകൾ വായിച്ച് കരഞ്ഞിട്ടുണ്ടെന്ന് അഖില
Published on

ബോഡിഷേയ്മിങ് കമന്റുകൾ വളരെ മോശമായി ബാധിച്ചിട്ടുണ്ട് എന്ന് നടി അഖില ഭാർ​ഗവൻ. ഇൻസ്റ്റ​ഗ്രാമിൽ റീൽസ് ചെയ്യുന്ന സമയത്തും അനുരാ​ഗ് എഞ്ചിനീയറിം​ഗ് വർക്ക്സ് ചെയ്യുന്ന സമയത്തുമെല്ലാം ആളുകൾ താൻ എന്താണ് ഇത്ര മെലിഞ്ഞിരിക്കുന്നതെന്ന് ചോദിക്കാറുണ്ടായിരുന്നു എന്ന് അഖില പറയുന്നു. ഒരു വസത്രം ധരിക്കുമ്പോൾ പോലും ഇതെനിക്ക് ചേരുമോ എന്ന തരത്തിൽ ഇത്തരം കമന്റുകൾ തന്നെ ബാധിച്ചിരുന്നുവെന്നും മെലിഞ്ഞിരിക്കുന്നു എന്ന കാരണം കൊണ്ട് സ്കൂൾ കലോത്സവങ്ങളിൽ പോലും മാറ്റി നിർത്തപ്പെട്ടിട്ടുണ്ടെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അഖില പറഞ്ഞു.

അഖില ഭാർ​ഗവൻ പറഞ്ഞത്:

ബോഡിഷേയ്മിങ് കമന്റുകൾ എന്നെ നന്നായി ബാധിച്ചിട്ടുണ്ട്. ഇപ്പോഴല്ല ആ ഒരു സമയത്ത്. എന്റെ ആദ്യത്തെ സിനിമയിലും ഞാൻ വളരെ മെലിഞ്ഞിട്ടാണ് ഇരിക്കുന്നത്. ഈ റീൽ ചെയ്യുന്ന സമയത്തും അനുരാ​ഗ് എഞ്ചിനീയറിം​ഗ് വർക്ക്സ് ചെയ്യുന്ന സമയത്തും ആൾക്കാർ പറയാൻ തുടങ്ങിയിരുന്നു ഇതെന്താ ഇങ്ങനെ മെലിഞ്ഞിരിക്കുന്നതെന്ന്. എന്റെ വീട്ടുകാർ പറയുന്നതിൽ എനിക്ക് പ്രശ്നമില്ല. അത് ഞാൻ ചെറുപ്പം മുതൽക്കേ കേട്ട് വരുന്ന കാര്യമാണ്. അതുകൊണ്ട് എനിക്ക് അതത്ര ബാധിക്കുന്ന കാര്യമായിരുന്നില്ല. പക്ഷേ നമ്മളെ ഒട്ടും അറിയാത്ത ഒരാൾ നമ്മുടെ ബോഡിയെക്കുറിച്ച് നമുക്ക് വിഷമം തോന്നുന്ന തരത്തിൽ സംസാരിക്കുമ്പോൾ നന്നായിട്ട് വേദനിച്ചിട്ടുണ്ട്, കരഞ്ഞിട്ടൊക്കെയുണ്ട് ഞാൻ. ആ സമയത്തും ഭർത്താവായിരുന്നു പിന്തുണച്ചത്. പിന്നെ ഒരു വാശി വന്നു എനിക്ക് എന്തെങ്കിലും മാറ്റം കൊണ്ടു വരണം എന്ന്. അപ്പോഴാണ് ഞാൻ ജിമ്മിൽ‌ പോകാനും ശരീരഭാരം വർധിപ്പിക്കാനും തുടങ്ങിയത്. നല്ല പാടായിരിന്നു അത്. ചുമ്മാ ഇരുന്ന് ഈ പറയുന്നത് പോലെയല്ല ശരീരഭാരം കുറയ്ക്കാനും കൂട്ടാനും ഒക്കെ നല്ല പാടാണ്.

ഞാൻ ഇടുന്ന ഡ്രസ്സിന്റെ കാര്യത്തിലെല്ലാം ഇതെന്നെ ബാധിച്ചിട്ടുണ്ട്. ഈ വസ്ത്രം എനിക്ക് ശരിയായിരിക്കുമോ എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ആളുകളുടെ നോട്ടം മാറിയാൽ തന്നെ ഞാൻ ഇൻസെക്വർ ആകും. ഇവളെയൊക്കെ ആരാ ഈ മലയാള സിനിമയിൽ എടുത്തത്, ഇതിനെ കാണാൻ എന്താ കൊള്ളൂല്ല എന്നൊക്കെ എനിക്ക് തന്നെ മുമ്പ് ഒരു കമന്റ് വന്നിരുന്നു. ഇതൊക്കെ വായിച്ചിരുന്ന് ഞാൻ‌ കര‍ഞ്ഞിട്ടുണ്ട്. നീ ഇവിടെ വരെ എത്തിയത് എങ്ങനെയാണെന്ന് നിനക്ക് അറിയാം പിന്നെ എന്തിനാണ് ഇതു കണ്ട് കരയുന്നത് എന്നാണ് ഭർത്താവ് ചോദിച്ചിട്ടുള്ളത്. നിന്റെ പരിശ്രമത്തിന്റെ ഭാ​ഗമായാണ് ഇവിടെ എത്തിയത് എന്ന് നിനക്ക് അറിയാം. മെലിഞ്ഞവർക്കെന്താ സിനിമയിൽ അഭിനയിക്കാൻ പാടില്ലേ? വണ്ണമുള്ളവർക്കും നല്ല ബോഡി ഷേയ്പ്പുള്ളവർക്കും മാത്രമേ ഇത് പാടുള്ളൂ എന്നില്ലല്ലോ? ഇങ്ങനെയുള്ള ആൾക്കാരും വരണ്ടേ സിനിമയിലേക്ക്. അവർക്കും അവസരം വേണ്ടേ?

‍ഡാൻസ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. സ്കൂൾ കലോത്സവത്തിന്റെ കാര്യത്തിൽ തന്നെ പറയുകയാണെങ്കിൽ ഈ മെലിഞ്ഞിരിക്കുന്ന കാരണം കൊണ്ട് ആരും എന്നെ സെലക്ട് ചെയ്യുമായിരുന്നില്ല. ഞാൻ പ്രധാനമായിട്ടും തിരുവാതിര ആയിരുന്നു കലോത്സവത്തിനൊക്കെ ചെയ്തുകൊണ്ടിരുന്നത്. തിരുവാതിരയ്ക്ക് വേണ്ടി സെലക്ട് ചെയ്താൽ പോലും മുമ്പിൽ ഒന്നും കൊണ്ടു പോയി നിർത്തുമായിരുന്നില്ല. ഇങ്ങനെ കാണുമ്പോൾ‌ കുഴപ്പമില്ലെന്ന് പറഞ്ഞ് ഏതെങ്കിലും വശത്തായാണ് എന്നെ നിർത്തുക. ഞാൻ നന്നായി തിരുവാതിര കളിക്കുമെന്നത് കൊണ്ടു മാത്രം എന്നെ ഒഴിവാക്കുമായിരുന്നില്ല. അതെന്താ അങ്ങനെ എന്ന് ചോ​ദിക്കുമ്പോൾ ആകാരഭം​ഗി നോക്കിയാണ് ജ‍‍ഡ്ജസ്സ് ഒക്കെ മാർക്ക് തരുക എന്നാണ് പറയുക. ആ സമയത്ത് വിഷമുണ്ടാകും എന്നാലും എന്നെ ഒഴിവാക്കിയില്ലല്ലോ എന്ന് ഞാൻ സമാധാനിക്കും. അഖില പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in