'ഞാൻ ആരോഗ്യവാനാണ്, നാട്ടിൽ എല്ലാവർക്കും വരുന്ന ഒരു വൈറൽ പനി മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്': വിശാൽ

'ഞാൻ ആരോഗ്യവാനാണ്, നാട്ടിൽ എല്ലാവർക്കും വരുന്ന ഒരു വൈറൽ പനി മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്': വിശാൽ
Published on

ആരോഗ്യം മോശമായി എന്ന വാര്‍ത്തകളില്‍ പതികരണവുമായി വിശാല്‍. 'മധ ഗദ രാജ' എന്ന സിനിമയുടെ പ്രൊമോഷണല്‍ ഇവന്റിനെത്തിയ വിശാലിന്റെ അനാരോഗ്യം ആരാധകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. മൈക്ക് നേരെ പിടിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ വിശാലിന്റെ ആരോഗ്യം ക്ഷയിച്ചതായാണ് വാര്‍ത്തകള്‍ വന്നത്. ഈ പ്രചാരണങ്ങള്‍ക്കെതിരെ നടന്‍ തന്നെ മറുപടിയുമായി വന്നിരിക്കുകയാണ്.

താന്‍ ആരോഗ്യവാനാണ്. നാട്ടില്‍ എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ വൈറല്‍ ഫീവര്‍ മാത്രമാണ് തനിക്കുണ്ടായിരുന്നത്. പ്രൊമോഷന് വന്ന ദിവസം പനി കൂടുതലായിരുന്നു. പരിപാടിക്ക് പോകേണ്ട എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. എന്നാല്‍ തനിക്ക് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ധാരാളം പേരാണ് വാര്‍ത്തകള്‍ കണ്ട് വിളിച്ചത്. ഒരുപാട് പേരുടെ സ്‌നേഹവും ആദരവും തനിക്ക് മനസ്സിലായി. ആ സ്‌നേഹത്തിന് എല്ലാവരോടും നന്ദിയുണ്ട്. താന്‍ ഒരു ഹോസ്പിറ്റലിലും അഡ്മിറ്റ് ആയിട്ടില്ലെന്നും ട്രാക്കിലേക്ക് തിരിച്ചു വന്നുവെന്നും 'മധ ഗദ രാജ' സിനിമയുടെ തിയറ്റര്‍ വിസിറ്റില്‍ വിശാല്‍ പറഞ്ഞു.

വിശാല്‍ പറഞ്ഞത്:

എന്റെയും സംവിധായകന്‍ സുന്ദര്‍ സാറിന്റെയും 12 വര്‍ഷത്തെ കാത്തിരിപ്പാണ് മധ ഗദ രാജ എന്ന സിനിമയ്ക്ക് പിന്നിലുള്ളത്. ഇന്ന് ഞാന്‍ ഈ മൈക്ക് കയ്യില്‍ പിടിക്കുന്നതിനു ഒരു കാരണമുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഞാന്‍ പിടിച്ച മൈക്ക് വിറച്ചപ്പോള്‍ വലിയ ചര്‍ച്ചയാണ് ഉണ്ടായത്. അന്ന് ആരോഗ്യനില ശരിയായിരുന്നില്ല. എന്നാല്‍ എത്രപേര്‍ എന്നെ സ്‌നേഹിക്കുന്നു, എത്രപേര്‍ എന്നെ ആദരിക്കുന്നു, എത്രപേര്‍ മനസ്സുകൊണ്ട് എന്നെ വാഴ്ത്തുന്നു, എത്ര പേര്‍ എന്നെ ഇഷ്ടപ്പെടുന്നു, എന്നെല്ലാം അറിഞ്ഞു. ഇനിയും 425 മെസേജുകള്‍ക്ക് എനിക്ക് മറുപടി കൊടുക്കാനുണ്ട്. അത്രയും പേരും പറഞ്ഞത് പെട്ടെന്ന് സുഖമായി തിരികെ വരൂ എന്നാണ്. നാട്ടില്‍ എല്ലാവര്‍ക്കും വരുന്ന ഒരു സാധാരണ വൈറല്‍ ഫീവര്‍ മാത്രമാണ് എനിക്കുണ്ടായിരുന്നത്. അന്ന് പക്ഷെ കൂടുതലായിരുന്നു.

ആ പ്രോഗ്രാമിന് പോകണ്ട എന്ന് അമ്മയും അച്ഛനും പറഞ്ഞിരുന്നു. എന്നാല്‍ പോകാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. എല്ലാവരുടെയും സ്‌നേഹത്തിന് ഒരുപാട് നന്ദി. അതിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇങ്ങനെയൊരു സ്‌നേഹം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. കുറെ പേര്‍ കരുതിയിരിക്കുന്നത് ഞാന്‍ അപ്പോളോ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണെന്നാണ്. ഞാന്‍ ഒരു ഹോസ്പിറ്റലിലും അഡ്മിറ്റ് ആയിട്ടില്ല. ഞാന്‍ ആരോഗ്യവാനാണ്. ട്രാക്കിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in