'പൗരത്വ ഭേദ​ഗതി നിയമം സ്വീകാര്യമല്ല'; തമിഴ്നാട് ഇത് നടപ്പിലാക്കില്ലെന്ന് ഉറപ്പുതരണമെന്ന് വിജയ്

'പൗരത്വ ഭേദ​ഗതി നിയമം സ്വീകാര്യമല്ല'; തമിഴ്നാട് ഇത് നടപ്പിലാക്കില്ലെന്ന് ഉറപ്പുതരണമെന്ന് വിജയ്

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. രാജ്യത്തെ എല്ലാ ജനങ്ങളും സാമൂഹിക ഐക്യത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഇതുപോലെയുള്ള ഒരു നിയമവും സ്വീകാര്യമല്ലെന്നും ഈ നിയമം തമിഴ്നാട്ടിൽ നടപ്പാക്കില്ലെന്ന് ഭരണാധികാരികൾ ഉറപ്പ് തരണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിൽ വിജയ് ആവശ്യപ്പെട്ടു. തമിഴ് വെട്രി കഴകം എന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപികരണത്തിന് ശേഷമുള്ള വിജയുടെ ആദ്യ രാഷ്ട്രീയ പ്രതികരണമാണ് ഇത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ നിയമഭേദഗതി നിലവില്‍വരുന്നവിധം വിജ്ഞാപനമിറക്കിയത്. പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദ​ഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. രണ്ടായിരത്തി പത്തൊമ്പതിൽ പ്രതിഷേധങ്ങൾക്കു ശേഷം മരവിപ്പിച്ച പൗരത്വ നിയമഭേദഗതിയാണി ഇപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്. അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് മുസ്ലീം ഒഴികെയുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിഭാഗങ്ങളിലെ അഭയാർത്ഥികൾക്കാവും പൗരത്വം നല്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങും.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷവും 14 വര്‍ഷത്തിനിടെ അഞ്ചുവര്‍ഷമെങ്കിലും രാജ്യത്ത് താമസിക്കുകയും ചെയ്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കും.നേരത്തെ ന്യൂട്രലൈസേഷന്‍ വഴിയുള്ള പൗരത്വം കുടിയേറ്റക്കാര്‍ക്ക് 11 വര്‍ഷത്തിലായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിരിക്കുന്ന അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസിമേഖലകളെ നിയമത്തില്‍നിന്ന് ഒഴിവാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in