സുഹൃത്തുക്കളുടെ സിനിമകളൊക്കെ 'ഓപ്പണിംഗ് ഡേ കളക്ഷൻ' ഇടുമ്പോൾ എന്റെ സിനിമകൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല: ഉണ്ണി മുകുന്ദൻ

സുഹൃത്തുക്കളുടെ സിനിമകളൊക്കെ 'ഓപ്പണിംഗ് ഡേ കളക്ഷൻ' ഇടുമ്പോൾ എന്റെ സിനിമകൾ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല: ഉണ്ണി മുകുന്ദൻ
Published on

നല്ല സിനിമ ചെയ്താൽ പ്രേക്ഷകർ തിയറ്ററിലേക്ക് എത്തുമെന്ന വിശ്വസം മാർക്കോയിലൂടെ വർധിച്ചുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമാണ് മാർക്കോ. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിച്ചിരിക്കുന്നത്. യൂത്തിന് വേണ്ടി താൻ ഇതുവരെയും ഒരു സിനിമയും ചെയ്തിട്ടുണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കൾ ആദ്യ ദിന കളക്ഷൻ റെക്കോഡുകളെക്കുറിച്ചെല്ലാം പറയുമ്പോൾ താൻ ആ റേസിൽ തന്നെയുണ്ടായിരുന്നില്ലെന്നും ഉണ്ണി പറയുന്നു. ഒരു നല്ല സിനിമ ചെയ്താൽ പ്രേക്ഷകർ അത് സ്വീകരിക്കുമെന്ന ഉറപ്പ് ഇപ്പോൾ തനിക്കുണ്ടെന്നും ​ഗോള്‍ഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദൻ പറഞ്ഞത്:

യൂത്തിന് വേണ്ടി ഞാൻ ഇതുവരെ ഒരു സിനിമയും ചെയ്തിട്ടുണ്ടായിരുന്നില്ല. സുഹൃത്തുക്കളുടെ സിനിമകളൊക്കെ 'ഓപ്പണിംഗ് ഡേ കളക്ഷൻ' ഇടുമ്പോൾ ഞാൻ ആ റേസിൽ തന്നെ ഉണ്ടായിരുന്നില്ല. എനിക്ക് പതിയെ തിയറ്ററിൽ കയറുന്ന പ്രേക്ഷകരേയുള്ളൂ. എന്നാൽ സിനിമ റിലീസ് ആയതിന് ശേഷം യൂത്തിനൊപ്പം തന്നെ ഫാമിലിയും സിനിമയ്ക്ക് കയറുന്നുണ്ട്. നല്ല സിനിമ ചെയ്‌താൽ പ്രേക്ഷകർ തിയറ്ററിൽ വരും എന്ന ആത്മവിശ്വാസം ഇപ്പോൾ എനിക്ക് കൂടിയിട്ടുണ്ട്.

ആ​ഗോള ബോക്സ് ഓഫീസിൽ 100 കോടി കടന്നിരിക്കുകയാണ് ഇപ്പോൾ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ. ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടുന്നത്. മാർക്കോയുടെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വരുൺ ധവാൻ ചിത്രം ബേബി ജോണിന്റെ സ്ക്രീൻ കൗണ്ടുകൾ പോലും സ്വന്തമാക്കിയാണ് മാർക്കോ ഹിന്ദിയിൽ മുന്നേറുന്നത്. മാർക്കോയുടെ ഹിന്ദി പതിപ്പ് മാത്രം 10 കോടിയിലധികം നേടിയെന്നാണ് പല ട്രേഡ് അനലിസ്റ്റുകളും വ്യക്തമാക്കുന്നത്. കേരള ബോക്സ് ഓഫീസിൽ മാത്രം 40 കോടിയിലധികം രൂപയാണ് മാർക്കോ നേടിയത്. തമിഴ്, തെലുങ്ക് തുടങ്ങിയ പതിപ്പുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും പുതുമുഖ താരങ്ങളും മാർക്കോയിൽ അണിനിരന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in