'പതിനാല് വർഷത്തെ കാത്തിരിപ്പ്, ജീവിതകാലത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്'; ആടുജീവിതത്തിന് ആശംസകളറിയിച്ച് ന‍ടൻ സൂര്യ

'പതിനാല് വർഷത്തെ കാത്തിരിപ്പ്, ജീവിതകാലത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്'; ആടുജീവിതത്തിന് ആശംസകളറിയിച്ച് ന‍ടൻ സൂര്യ

ആടുജീവിതത്തിന് ആശംസകളറിയിച്ച് തമിഴ് നടൻ സൂര്യ. അതീജിവനത്തിന്റെ കഥ പറയാൻ വേണ്ടിയുള്ള പതിനാല് വർഷത്തെ ആവേശമാണ് ആടുജീവിതമെന്നും ഇത്തരത്തിലൊരു പരിശ്രമം ഒരിക്കൽ മാത്രമേ സംഭവിക്കുകയുള്ളൂ എന്നും എക്സിൽ പങ്കുവച്ച പോസ്റ്റിൽ സൂര്യ പറ‍ഞ്ഞു. ചിത്രത്തിന്റെ ട്രെയ്ലർ പങ്കുവച്ചു കൊണ്ടായിരുന്നു ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും സൂര്യ ആശംസകളറിയിച്ചത്.

അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ ആവേശമാണ് ആടുജീവിതം. ഈ പരിവർത്തനവും ഇതിനെ ഒരുമിച്ച് കൊണ്ടുവരാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ. സംവിധായകൻ ബ്ലെസി & ടീം, പൃഥ്വിരാജ്, എ ആർ റഹ്മാൻ സാർ നിങ്ങൾക്ക് ഒരു ഗ്രാൻഡ് റിലീസിന് ഹൃദയം നിറഞ്ഞ ആശംസകൾ. സൂര്യ എക്സിൽ കുറിച്ചു. ആശംസയ്ക്ക് പിന്നാലെ നടൻ പൃഥ്വിരാജ് സൂര്യയ്ക്ക് നന്ദി അറിയിച്ചിട്ടുണ്ട്. അതേ സമയം ആടുജീവിതം ചെയ്യുന്നതിനായി മുമ്പ് സൂര്യയെ പരി​ഗണിച്ചിരുന്നതായി ബ്ലെസി വെളിപ്പെടുത്തിയിരുന്നു. ശാരീരികമായി വലിയ തയ്യാറെടുപ്പുകൾ ചിത്രത്തിന് വേണ്ടിവരും എന്നതിനാലാണ് അത് ഉപേക്ഷിക്കേണ്ടി വന്നത് എന്നുമാണ് ബ്ലെസി അന്ന് പറഞ്ഞത്.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് 'ആടുജീവിതം'. ചിത്രത്തിൽ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. 14 വർഷവും കോവിഡ് എന്ന പ്രതിസന്ധിയും താണ്ടിയാണ് ചിത്രം മാർച്ച് 28 ന് തിയറ്ററുകളിലെത്താൻ പോകുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in