'പോയത് ഗുരുവിനെ കാണാൻ, കണ്ടത് ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയെ'; കമൽ ഹാസനെ കുറിച്ച് സിദ്ധാർഥ്

'പോയത് ഗുരുവിനെ കാണാൻ, കണ്ടത് ഇന്നും പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയെ'; കമൽ ഹാസനെ കുറിച്ച് സിദ്ധാർഥ്

താൻ എല്ലാകാലത്തും കമൽ ഹാസൻ ആരാധകനായിരുന്നു എന്നും, അത് അഭിനയിക്കുമ്പോൾ വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് ഇന്ത്യൻ 2-ൽ നിന്നും താൻ പഠിച്ച വലിയ പാഠമെന്നും നടൻ സിദ്ധാർഥ്. ഞാൻ പോയത് എന്നെ പഠിപ്പിക്കാൻ സാധ്യതയുള്ള ഒരു മനുഷ്യനെ പ്രതീക്ഷിച്ചാണ് പക്ഷെ കണ്ടത് ഇന്നും പഠിച്ചുകൊണ്ടുണ്ടിരിക്കുന്ന ഒരു വിദ്യാർത്ഥിയെയാണ് എന്നും സിദ്ധാർഥ് പറയുന്നു. ഇന്ത്യൻ 2 തനിക്ക് വലിയൊരു ഉത്തരവാദിത്തമായിരുന്നു എന്നും സിദ്ധാർഥ് ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബോയ്സ് എന്ന ഷങ്കർ ചിത്രത്തിലൂടെ തന്റെ കരിയർ ആരംഭിച്ച സിദ്ധാർഥ്, ഇരുപത് വർഷങ്ങൾക്ക് ശേഷം ഷങ്കറിനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇന്ത്യൻ 2-വിനുണ്ട്.

സിദ്ധാർഥ് പറഞ്ഞത്;

കമൽ സാർ ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട നടൻ. ഇരുപത്തൊന്ന് വർഷങ്ങൾക്ക് മുൻപുള്ള എന്റെ ആദ്യ ഇന്റർവ്യൂവിലും ഞാൻ ഇത് തന്നെയാണ് പറഞ്ഞത്, നാല്പത് വർഷങ്ങൾ കഴിഞ്ഞാലും ഞാൻ ഇത് തന്നെ പറയും. എന്റെ ജീവിതം മുഴുവൻ ദൂരത്ത് നിന്ന് അദ്ദേഹത്തെ ആരാധിച്ചും സ്നേഹിച്ചുമാണ് ഞാൻ ജീവിച്ചിട്ടുള്ളത്. ഞാൻ അദ്ദേഹത്തെ എന്റെ ഗുരുവായാണ് കാണുന്നത്. ആ മനുഷ്യന്റെ കൂടെ അഭിനയിക്കാൻ പോകുമ്പോൾ, ഞാൻ എനിക്കൊരുപാട് പഠിക്കാൻ കഴിയുന്ന ഒരാളെ കാണുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷെ ഞാൻ കണ്ടത് ഇന്നും പഠിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു വിദ്യാർത്ഥിയെ ആണ്. ഞാൻ യൂണിവേഴ്‌സിറ്റി എന്ന് വിളിക്കുന്ന ഒരാൾ, ഇന്നും എല്ലാ ദിവസവും എന്തെങ്കിലുമൊക്കെ പഠിക്കുന്നു. ഇന്ത്യൻ 2 എനിക്കൊരു വലിയ ഉത്തരവാദിത്തമായിരുന്നു. സേനാപതി ഒരു ലാർജർ ദാൻ ലൈഫ് കഥാപത്രമാണ്. ഇരുപത്തെട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും ആളുകൾ സേനാപതിയെ കാണാൻ വരുന്നു. ഞാൻ പല ദിവസങ്ങളിലും ശങ്കർ സാറിനോട് ചെന്ന് പറഞ്ഞിട്ടുണ്ട്, "എന്റെ മുന്നിൽ കമൽഹാസൻ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സാർ" എന്ന്. അപ്പോൾ അദ്ദേഹം തിരിച്ചു പറഞ്ഞു ഞാൻ ഇന്ത്യൻ എടുക്കുമ്പോൾ എനിക്ക് എന്ത് തോന്നിയിട്ടുണ്ടാകും എന്ന് ആലോചിച്ചു നോക്കൂ എന്ന്. കമൽഹാസന്റെ ഒരു ആരാധകൻ, ഒരു വിദ്യാർത്ഥി എന്ന നിലയിൽ എന്റെ ജോലിക്ക് മുന്നിൽ വന്ന് നിൽക്കരുത് എന്നതായിരുന്നു എന്റെ വലിയ ഉത്തരവാദിത്തവും, പാഠവും.

1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 ജൂലൈ 12 ന് തിയറ്ററുകളിലെത്തും. സമൂഹത്തിൽ പെരുകി വരുന്ന അഴിമതി തടയാനായി വീണ്ടും സേനാപതി തിരിച്ചെത്തുന്നതാണ് ഇന്ത്യൻ 2 വിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക്, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നവർ.

Related Stories

No stories found.
logo
The Cue
www.thecue.in