ഞാന്‍ പറഞ്ഞത് തെറ്റ്, പക്ഷെ അതിന് ലിംഗവിവേചനപരമായ അര്‍ത്ഥമില്ല: സൈന നെഹ്‌വാളിനോട് ക്ഷമ ചോദിച്ച് സിദ്ധാര്‍ഥ്

ഞാന്‍ പറഞ്ഞത് തെറ്റ്, പക്ഷെ അതിന് ലിംഗവിവേചനപരമായ അര്‍ത്ഥമില്ല: സൈന നെഹ്‌വാളിനോട് ക്ഷമ ചോദിച്ച് സിദ്ധാര്‍ഥ്

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിന്റെ ട്വീറ്റിനെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടന്‍ സിദ്ധാര്‍ഥ്. സൈന പറയുന്ന ചില കാര്യങ്ങളോട് വ്യക്തിപരമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും തന്റെ പരാമര്‍ശത്തില്‍ ദുരുദ്ദ്വേശം ഉണ്ടായിരുന്നില്ല. ഫെമിനിസത്തെ പിന്തുണയ്ക്കുന്ന വ്യക്തി എന്ന നിലയില്‍ തന്റെ വാക്കുകളില്‍ ലിംഗവിവേചനപരമായ ഒരു അര്‍ത്ഥവും ഇല്ലായിരുന്നെന്നും സിദ്ധാര്‍ഥ് പറയുന്നു. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥ് സൈന നെഹ്‌വാളിനോട് ക്ഷമ ചോദിച്ചത്.

സിദ്ധാര്‍ഥിന്റെ വാക്കുകള്‍:

കഴിഞ്ഞ ദിവസം നിങ്ങളുടെ ട്വീറ്റിന് താഴെ ഞാന്‍ പങ്കുവെച്ച പരുഷമായ തമാശയ്ക്ക് ക്ഷമ ചോദിക്കുന്നു. നിങ്ങളുമായി പല കാര്യങ്ങളിലും എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. എങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ചപ്പോള്‍ എനിക്കു തോന്നിയ നിരാശയും ദേഷ്യവും എന്റെ വാക്കുകളെയും അതിന്റെ അര്‍ഥത്തെയും ന്യായീകരിക്കാന്‍ കാരണമല്ല. ഇനി ആ തമാശയെക്കുറിച്ച്... ഒരു തമാശ മറ്റുള്ളവര്‍ക്ക് വിവരിച്ചു കൊടുക്കേണ്ടി വന്നാല്‍ അത് നല്ല തമാശ അല്ലെന്നാണ് അര്‍ഥം. എന്നിരുന്നാലും, എന്റെ തമാശയ്ക്ക് പല കോണുകളില്‍ നിന്നും ആരോപിക്കപ്പെടുന്ന ദുരുദ്ദേശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്ന് ഞാന്‍ തറപ്പിച്ചു പറയും.

ഫെമിനിസം എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍, അതിനാല്‍ എന്റെ ട്വീറ്റില്‍ ലിംഗഭേദമായ് യാതൊരു അര്‍ഥവും സൂചിപ്പിച്ചിട്ടില്ലെന്നും ഒരു സ്ത്രീയെന്ന നിലയില്‍ നിങ്ങളെ ആക്രമിക്കാനുള്ള ഉദ്ദേശ്യമില്ലായിരുന്നു എന്നും ഞാന്‍ ഉറപ്പ് നല്‍കുന്നു. ഈ വിഷയം നമുക്ക് മറന്നുകളയാമെന്നും നിങ്ങള്‍ എന്റെ കത്ത് സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. നിങ്ങള്‍ എക്കാലവും എന്റെ ചാമ്പ്യനായിരിക്കും.

കഴിഞ്ഞ ദിവസമാണ് സിദ്ദാര്‍ഥ് പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബില്‍ നിന്ന് പാതിവഴിയില്‍ തിരിച്ചെത്തിയതിനെ കുറിച്ച് സൈന പങ്കുവെച്ച ട്വീറ്റിന് വിവാദ മറുപടി കൊടുത്തത്. 'സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്താല്‍ ഒരു രാജ്യത്തിനും സ്വയം സുരക്ഷിതമാണെന്ന് അവകാശപ്പെടാനാവില്ല. ശക്തമായ വാക്കുകളില്‍ പറഞ്ഞാല്‍, പ്രധാനമന്ത്രി മോദിക്കെതിരെ ഭീരുക്കളായ അരാജകവാദികള്‍ നടത്തിയ ആക്രമണമാണിത്. ഇതിനെതിരെ ഞാന്‍ ശക്തമായി തന്നെ അപലപിക്കുന്നു' എന്നാണ് സൈന ട്വീറ്റ് ചെയ്തത്. അതിന് മറുപടിയായി സിദ്ധാര്‍ഥ് പങ്കുവെച്ച ട്വീറ്റാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.

സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ സിദ്ധാര്‍ത്ഥിന്റെ ട്വീറ്റിനെ വിമര്‍ശിച്ചു രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുവാനും അന്വേഷണം നടത്തുവാനും മഹാരാഷ്ട്ര ഡിജിപിയോടും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in