
നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു. വൃക്ക-ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ചിറയിൻകീഴ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മോണ്ട്ഫോർട്ട് സ്കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് ഷാനവാസ് പ്രാഥമിക വിദ്യാഭ്യാസം നേടി. ചെന്നൈയിലെ ന്യൂ കോളേജിൽനിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദവും കരസ്ഥമാക്കിയിരുന്നു.
1981ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഷാനവാസ് സിനിമയിലേക്ക് എത്തിയത്. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ഒട്ടേറെ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടു. ‘ജനഗണമന’യാണ് അവസാന ചിത്രം.
പരേതയായ ഹബീബ ബീവിയാണ് മാതാവ്. ഭാര്യ: ആയിഷാബീവി. മക്കൾ: അജിത്ഖാൻ(ദുബായ്), ഷമീർഖാൻ. മരുമകൾ: ഹന(കൊല്ലം). സഹോദരങ്ങൾ: ലൈല, റസിയ, റീത്ത.