'ജയിലർ എന്ന സിനിമയ്ക്ക് മുന്നിൽ‌ വിറങ്ങലിച്ചു നില്കുന്നു'; ആളുകൾ സിനിമ കയറി കണ്ടാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന് നടൻ സാ​ഗർ

'ജയിലർ എന്ന സിനിമയ്ക്ക് മുന്നിൽ‌ വിറങ്ങലിച്ചു നില്കുന്നു'; ആളുകൾ സിനിമ കയറി കണ്ടാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ എന്ന് നടൻ സാ​ഗർ

ജലധാര പമ്പ്സെറ്റ്‌ സിൻസ്‌ 1962 ഒരു കൊച്ച് സിനിമയാണെന്നും ആളുകൾ സിനിമ കയറി കണ്ടാൽ മാത്രമേ ഒരു ആർട്ടിസ്റ്റ് എന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും മുന്നോട്ട് പോകാൻ സാധിക്കൂ എന്നും നടൻ സാഗർ. ജയിലർ എന്ന സിനിമയ്ക്ക് മുന്നിൽ‌ തന്റെ സിനിമ വിറങ്ങലിച്ചു മെല്ലെ മെല്ലെ കയറി വരാൻ ശ്രമിക്കുന്നു. 15 വർഷം നീണ്ട കഷ്ട്ടപ്പാടിനു ഒരു ആശ്വാസം ആയിരിക്കും ജലധാര പമ്പ്സെറ്റ് എന്ന ചിത്രം എന്നാണ് കരുതിയത് എന്നും പക്ഷേ സംഭവിക്കുന്നത് വിപരീതമാണെന്നും സാ​ഗർ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പിൽ പറയുന്നു. നമ്മൾ ചെയ്ത ഒരു വർക്ക് ആളുകൾ കാണണം എന്നൊരു ആ​ഗ്രഹമുണ്ടാവില്ലേ അങ്ങനെ വളരെ ഇമോഷണലായി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് അതെന്നും സാ​ഗർ പറഞ്ഞു. ഒരു ഫാമിലി മൂവിയാണ് ജലധാര പമ്പ്സെറ്റ്. ഫാമിലികൾ എത്തുന്ന തിയറ്ററുകളിൽ സിനിമ മികച്ച രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ടെന്നും സാ​ഗർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സിനിമ കണ്ടവരൊക്കെ വിളിക്കുന്നുണ്ട്. സിനിമ നന്നായിട്ടുണ്ടെന്ന് പറയുന്നുണ്ട്. പലർക്കും പല അഭിപ്രായങ്ങളുമുണ്ട്. ഞാൻ രണ്ട് മൂന്ന് തിയറ്ററുകളിൽ പോയിരുന്നു. ഫാമിലി എത്തുന്ന സ്ഥലങ്ങളിൽ എല്ലാം നല്ല അഭിപ്രായമാണ് സിനിമയെക്കുറിച്ചെന്നും സാ​ഗർ പറഞ്ഞു. ജയിലർ എന്ന വലിയ സിനിമ മുന്നിൽ നിൽക്കുന്നത് കൊണ്ട് തിയറ്ററിൽ ടെെമിങ്ങിന്റെ കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. ഫാമിലികൾ തിയറ്ററിലേക്ക് വരുന്ന സമയത്തിന്റേതായിരിക്കാം. സിനിമ കാണാനായിട്ട് ആളുകൾ തിയറ്ററിനുള്ളിലേക്ക് വരുന്നത് പല സ്ഥലങ്ങളിലും വളരെ കുറവാണന്നും സാ​ഗർ പറയുന്നു. ആളുകൾക്ക് വലിയ സിനിമകൾ കാണാൻ ആയിരിക്കുമല്ലോ ആ​ഗ്രഹം. അതുപോലെയുള്ള സമയത്ത് നമ്മുടെ പോലെയുള്ള ചെറിയ സിനിമകൾ ആളുകൾ കണ്ടിരുന്നെങ്കിൽ നല്ലതായിരുന്നേനെ എന്നും സാ​ഗർ പറഞ്ഞു.

സാ​ഗറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ഞാൻ ആരാധിച്ച എന്റെ സൂപ്പർ താരത്തിന്റെ (രജനികാന്ത് )സിനിമയുടെ മുന്നിൽ തന്നെ താരം ആകാൻ ആഗ്രഹിച്ച എന്റെ സിനിമ വിറങ്ങലിച്ചു മെല്ലെ മെല്ലെ കയറി വരാൻ ശ്രമിക്കുന്നു. എന്റെ 15 വർഷത്തെ കഷ്ട്ടപ്പാടിനു ഒരു ആശ്വാസം ആകും എന്ന് കരുതിയ എന്റെ സിനിമ "ജലധാര പമ്പ്സറ്റ് "' 2 വർഷമായി വേറൊന്നിനെ കുറിച്ചും ഞാൻ ചിന്തിച്ചില്ല. നമ്മുടെ ഫിലിം തിയേറ്ററിൽ കൊണ്ട് വരണം എന്നുമാത്രമായിരുന്നു ചിന്ത. നമ്മുടെ ഫിലിം ജലാധര പമ്പ്സെറ്റ്‌ ഈ ഓഗസ്റ്റ് 11ന് തിയേറ്ററുകളിൽ എത്തി.

പക്ഷെ....!!!!!!!!

'നീ രക്ഷപ്പെടുമെടാ' എന്ന വാക്കായിരുന്നു എൻ്റെ ശ്വാസവും,വിശ്വാസവും. അതിനെ ധ്യാനിച്ചാണ് കടന്നു പോയ 15 വർഷവും ഞാൻ ഓരോ ചുവടും വച്ചത്. സിനിമാ സ്വപ്നങ്ങളുമായി മുൻപിലെത്തിയ 21കാരനെ അന്ന് കൈ പിടിച്ച് ഒപ്പം കൂട്ടി എന്റെ ഗുരു ലെനിൻ രാജേന്ദ്രൻ പകർന്നു കിട്ടിയതെല്ലാം വെളിച്ചമായി.

എന്തിനും ഏതിനും നീ മതിയെടാ എന്ന് പറഞ്ഞ് കൈപിടിച്ചു,തലതൊട്ടപ്പനായി ഗുരുത്വവും അനുഗ്രഹങ്ങളും ആവോളം തന്നു. എന്നാൽ എനിയ്ക്കും ഒരു കാരണവരുണ്ടെന്ന ഊറ്റത്തിൽ ഞാൻ കെട്ടിപ്പൊക്കിയ പ്രതീക്ഷകളെല്ലാം അന്ന് പ്രിയ ഗുരു ലെനിൻ സാറിന്റെ അകാല വിയോഗത്തോടെ തകർന്നടിഞ്ഞു. ആത്മവിശ്വാസത്തോടെ മുന്നോട്ട് വച്ച അടികൾ അതിലും വേഗത്തിൽ തിരിച്ചു വയ്ക്കേണ്ടി വന്നു പലപ്പോഴും. അഭിനയിച്ച സിനിമകൾ പലതും പെട്ടിയിലായി. പുറത്തു വന്നവയൊന്നും ഞാനെന്ന നടനെ തിരിച്ചറിഞ്ഞില്ല. അപമാനം, കളിയാക്കൽ, ചോദ്യങ്ങൾ, ഒപ്പം വളർന്നവർ പോലും കണ്ടെന്നു നടിച്ചില്ല. പ്രാർത്ഥിക്കുന്ന ദൈവങ്ങൾക്ക് മുൻപിൽ മണിക്കൂറുകളോളം പരിദേവനങ്ങളർപ്പിച്ചു. ഒടുവിൽ പ്രത്യാശയുടെ ഒരു തിരി വെട്ടം 'ജലധാര പമ്പ്സെറ്റ് സിൻസ് 1962'.

അനുജനെപ്പോലെ ചേർത്തുപിടിച്ച് നിനക്ക് ഭാവിയുണ്ട് മോനേ എന്നും പറഞ്ഞ് , വീണു പോകുമെന്ന് തോന്നിയപ്പോഴെല്ലാം ഇരു കൈയും നീട്ടി, ഷൂട്ടിങ് വേളയിലും കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന മൂന്ന് ദിവസത്തെ പ്രമോഷൻ പരിപാടിയിലും ഒരു മടിയും കൂടാതെ നിന്ന് ഇരുപതിലേറെ അഭിമുഖങ്ങൾ നൽകിയ ഉർവശി ചേച്ചിയോട് എത്ര നന്ദി പറയാനാണ്!

സ്വന്തം മകനെപ്പോലെ സ്നേഹിച്ചും ഉപദേശിച്ചും,തോളോട് തോൾ ചേർത്തു നിർത്തിയ ടി. ജി രവി ചേട്ടന് നന്ദി പറയുന്നില്ല, ഒരായിരം സ്നേഹം മാത്രം. 2013 ൽ ഞാൻ നായകനായ ഫിലിമിൽ ( റിലീസ് ആയിട്ടില്ല) കൂടെ അഭിനയിച്ചു തുടങ്ങിയ ബന്ധമാണ് ഇന്ദ്രൻസ് ചേട്ടനുമായി. അന്ന് മുതൽ ഇന്നുവരെയും തന്ന സപ്പോർട്ടുകൾക്ക് നന്ദി. ജലാധാര പമ്പ്സെറ്റ് എന്ന ഈ സിനിമ സംഭവിക്കാൻ WonderFrames FilmLand എന്ന കമ്പനി ഭാഗമായി. കൂടെ നിന്ന ചേട്ടൻ ബൈജു ചെല്ലമ്മക്കും ചേച്ചി സാനിത ശശിധരനും എങ്ങനെ നന്ദി പറയണം എന്നറിയില്ല.

എന്റെ കൂടെ നിന്ന എല്ലാർക്കും നന്ദി.

തളർന്നു തുടങ്ങുന്നു.

നല്ല പ്രയായത്തിൽ സിനിമയിൽ എത്തി. ഇപ്പൊ നരവീണു തുടങ്ങിയപ്പോഴാണ് ഒരു മുഴുനീളൻ കഥാപാത്രം ചെയ്തതും അതു തിയേറ്ററിൽ എത്തിയതും... ഒരു നടൻ അല്ലെങ്കിൽ ഒരു കലാകാരൻ എന്ന രീതിയിൽ നമ്മുക്ക് സന്തോഷം തരുന്നത് നമ്മൾ ചെയ്ത സിനിമ ആളുകൾ കാണുമ്പോഴും അതിന്റെ അഭിപ്രായം പറയുന്നത് കേൾക്കുമ്പോഴുമാണ്. അതിനു വേണ്ടി കാത്തിരിപ്പ് ഇനിയും തുടരണം എന്നാണോ?

അതോ. ഇനിയും അറിയപ്പെടാത്ത ഒരു നാടനായി നിൽക്കാനാവും എന്റെ യോഗം.

NB: വർഷങ്ങളായി കേൾക്കുന്നതാണ് നിന്റെ ഫിലിം എപ്പോ ഇറങ്ങും ഒന്നും കാണുന്നില്ലല്ലോ. വന്നാൽ ഞങ്ങൾ കാണും എന്നൊക്കെ. ദയവു ചെയ്തു മനസ്സ് തളർത്താനാണ് പറയുന്നെങ്കിൽ.

Please stop it.

ഇപ്പൊ എന്റെ സിനിമ ഇറങ്ങി. മുഴുനീളൻ കഥാപാത്രവുമാണ് ചെയ്തിരിക്കുന്നത്.

'ജലധാര പമ്പ്സെറ്റ്‌ സിൻസ്‌ 1962'

നിങ്ങളെങ്കിലും ഒന്ന് തിയേറ്ററിൽ കയറി കണ്ടാൽ. തിയേറ്ററിൽ ഈ ഫിലിം ഓടും.

നവാ​ഗതനായ ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത് ഉര്‍വശിയും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962'. വണ്ടര്‍ഫ്രെയിംസ് ഫിലിം ലാന്റിന്റെ ബാനറില്‍ ബൈജു ചെല്ലമ്മ, സാഗര്‍, സനിത ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ഇവരുടെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നടി സനുഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'ജലധാര പമ്പ്സെറ്റ് സിന്‍സ് 1962'. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ് .സാഗര്‍, ജോണി ആന്റണി, ടി ജി രവി, വിജയരാഘവന്‍, അല്‍ത്താഫ്, ജയന്‍ ചേര്‍ത്തല, ശിവജി ഗുരുവായൂര്‍, സജി ചെറുകയില്‍, കലാഭവന്‍ ഹനീഫ്, തങ്കച്ചന്‍ വിതുര, വിഷ്ണു ഗോവിന്ദന്‍, സംസ്ഥാന അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ഡാവിഞ്ചി, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനില്‍കുമാര്‍, സ്‌നേഹ ബാബു, ഷൈലജ അമ്പു, നിത കര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in