സംവിധായകനാകാൻ ഒരുങ്ങി രവി മോഹൻ, കോമഡി എന്റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായകനാകുന്നത് യോ​ഗി ബാബുവെന്ന് റിപ്പോർട്ട്

സംവിധായകനാകാൻ ഒരുങ്ങി രവി മോഹൻ, കോമഡി എന്റർടെയ്നറായി എത്തുന്ന ചിത്രത്തിൽ നായകനാകുന്നത് യോ​ഗി ബാബുവെന്ന് റിപ്പോർട്ട്
Published on

നടൻ രവി മോഹൻ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. യോഗി ബാബു നായകനായി എത്തുന്ന ചിത്രം ഒരു കോമഡി എന്റർടെയ്നാറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമാ അഭിനയം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് നടൻ സിനിമയുടെ മറ്റൊരു മേഖലയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും. തമിഴ് സിനിമയിൽ‌ അഭിനേതാക്കൾ സംവിധായകരായി അരങ്ങേറുന്ന കാഴ്ച പുതുമയുള്ളതല്ല. മുമ്പ് കമൽ ഹാസൻ, ധനുഷ്, സിലമ്പരശൻ തുടങ്ങിയവരും ഇത്തരത്തിൽ സംവിധായകരുടെ കുപ്പായം അണിഞ്ഞവരാണ്.

മുമ്പും തനിക്ക് സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹം രവി മോഹൻ പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇപ്പോൾ ചിത്രീകരണം നടക്കുന്ന രവി മോഹൻ സിനിമകളായ കരാട്ടെ ബാബു, പരാശക്തി എന്നീ സിനിമകൾ പൂർത്തിയാക്കിയ ശേഷമാകും നടൻ സംവിധാന ചിത്രത്തിലേക്ക് കടക്കുക എന്നാണ് റിപ്പോർട്ടുകൾ. 2019-ൽ പ്രദീപ് രം​ഗനാഥൻ സംവിധാനം ചെയ്ത കോമാളി എന്ന ചിത്രത്തിൽ രവി മോഹനൊപ്പം യോ​ഗി ബാബുവും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അതേസമയം ഗണേഷ് ബാബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് കരാട്ടെ ബാബു. ശക്തി വാസുദേവൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കെ എസ് രവി കുമാര്‍, വിടിവി ഗണേഷ്സ സുബ്രഹ്‍മണ്യം ശിവ, കവിതാലയാ കൃഷ്‍ണൻ, പ്രദീപ് ആന്റണി, രാജ റാണി പാണ്ഡ്യൻ, സന്ദീപ് രാജ്, സിന്ധുപ്രിയ, അജിത്ത് ഘോഷ്, അരവിന്ദ്, കല്‍ക്കി രാജ, ശ്രീ ധന്യ, ആനന്ദി, സാം ആൻഡേഴ്‍സണ്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൂരറൈ പോട്ര് എന്ന സൂര്യ ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. രവി മോഹനാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in