ഷാരൂഖ് ഖാൻ ചിത്രം 'ജവാനി'ൽ അഭിനയിക്കാൻ തനിക്ക് ഓഫർ വന്നിരുന്നുവെന്ന് നടൻ നീരജ് മാധവ്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ജവാൻ. ഫാമിലി മാൻ എന്ന സീരീസിന്റെ റിലീസിന് ശേഷം അന്യഭാഷ ചിത്രങ്ങളിൽ നിന്നും തനിക്ക് നിരവധി ഓഫറുകൾ വന്നിരുന്നുവെന്നും അതിൽ ഷാരൂഖ് ഖാൻ ചിത്രം ജവാനിലേക്കും ക്ഷണമുണ്ടായിരുന്നുവെന്നും നീരജ് പറയുന്നു. എന്നാൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു കഥാപാത്രമാണ് അതെന്ന് തോന്നിയതിനാലാണ് താൻ അത് വേണ്ടെന്ന് വച്ചതെന്നും ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നീരജ് മാധവ് പറഞ്ഞു.
നീരജ് മാധവ് പറഞ്ഞത്:
ഫാമിലി മാൻ എന്ന സീരീസിന് ശേഷം പുറത്ത് നിന്നും കൂടുതൽ ഓഫറുകൾ വന്നിരുന്നു. തെലുങ്കിൽ നിന്നും വന്ന ഓഫറുകൾ ഒന്നും ഞാൻ സ്വീകരിച്ചിരുന്നില്ല. കാരണം എനിക്ക് ആ ഭാഷ ഇതുവരെ പഠിക്കാൻ പറ്റിയിരുന്നില്ല. ഹിന്ദിയിലെ മുഖ്യധാര സിനിമകളിൽ നിന്ന് വരെ എനിക്ക് കോളുകൾ വന്നിരുന്നു. ഷാരൂഖ് ഖാന്റെ ജവാൻ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചിരുന്നു. ആ സിനിമയിലെ കഥാപാത്രം എനിക്ക് വലുതായിട്ട് ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് ഞാൻ വേണ്ടെന്ന് വച്ചതാണ്. ചെറിയൊരു കഥാപാത്രമായിരുന്നു അത്. ഷാരൂഖ് ഖാന്റെ പടത്തിൽ വെറുതെ നിൽക്കാനാണെങ്കിലും പോയ്ക്കൂടെ എന്ന് ചോദിക്കുന്നവരുണ്ട്. ഇതൊരു അഹങ്കാരമായി കാണുന്നവരുമുണ്ടാകാം. പക്ഷേ അന്ന് അന്യഭാഷ സിനിമകളോടുള്ള എന്റെ ആവേശം കുറഞ്ഞ സമയം കൂടിയായിരുന്നു. പിന്നെ അവിടെ എപ്പോഴും നമുക്ക് ക്യാരക്ട് ആർട്ടിസ്റ്റ് ആയി മാത്രമേ നിൽക്കാൻ സാധിക്കുകയുള്ളൂ. സൗത്ത് ഇന്ത്യൻ എന്നൊരു ടാഗിലാണ് നമ്മൾ നിൽക്കുന്നത്. ഒരു സൗത്ത് ഇന്ത്യന്റെ കഥയിലേ നമുക്ക് ലീഡ് ആയി അഭിനയിക്കാൻ സാധിക്കുകയുള്ളൂ.
ആറ്റ്ലിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു ജവാൻ. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം 1000 കോടിക്ക് മുകളിലാണ് കളക്ഷൻ സ്വന്തമാക്കിയത്. നയൻതാര നായികയായെത്തിയ ചിത്രത്തിൽ വിജയ് സേതുപതിയാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ദീപിക പദുകോണും ചിത്രത്തിൽ കാമിയോ റോളിൽ എത്തിയിരുന്നു. പ്രിയാമണി, സാനിയ മൽഹോത്ര, യോഗി ബാബു, സുനിൽ ഗ്രോവർ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. റെഡ് ചില്ലീസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമ്മിച്ചത്.