‍ഞങ്ങൾ തമ്മിൽ തീവ്രമായ ബന്ധമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്, ഞാൻ ഏറ്റവും ബഹുമാനത്തോടെ കാണുന്ന നടനാണ് അദ്ദേഹം: മനോജ് കെ ജയൻ

‍ഞങ്ങൾ തമ്മിൽ തീവ്രമായ ബന്ധമാണെന്ന് പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്, ഞാൻ ഏറ്റവും ബഹുമാനത്തോടെ കാണുന്ന നടനാണ് അദ്ദേഹം: മനോജ് കെ ജയൻ
Published on

ഏത് രീതിയിൽ വർണ്ണിക്കണമെന്ന് അറിയാത്ത അഭിനേതാവാണ് തനിക്ക് മുരളി എന്ന് നടൻ മനോജ് കെ ജയൻ. അപാര അഭിനേതാവാണ് അദ്ദേഹം എന്നും മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തു വച്ചിട്ടുള്ളതെന്നും മനോജ് കെ ജയൻ പറയുന്നു. വ്യക്തിപരമായി മുരളിയുമായി വലിയ അടുപ്പം ഇല്ലെങ്കിലും അദ്ദേഹവുമായി ചേർന്ന് ചെയ്ത സിനിമകളിലെ കഥാപാത്രങ്ങൾ തമ്മിൽ ഭീകരമായ അടുപ്പം ഉണ്ടായിരുന്നുവെന്നും ഇന്നും വളരെ ബഹുമാനത്തോടെ താൻ നോക്കി കാണുന്ന ഒരു നടനാണ് മുരളി എന്നും മനോജ് കെ ജയൻ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മനോജ് കെ ജയൻ പറഞ്ഞത്:

​ഗിവ് ആന്റ് ടേക്ക് എന്ന് പറയുന്നത് പോലെയുള്ള ഒരു സംഭവം ഉണ്ടെന്ന് എനിക്ക് തന്നെ മനസ്സിലായത് പിൽക്കാലത്ത് മുരളി ചേട്ടനോടൊത്ത് ഞാൻ അഭിനയിച്ച പടങ്ങൾ കണ്ടപ്പോഴാണ്. സൂപ്പർ ആക്ടർ ആണ് അദ്ദേഹം. അദ്ദേഹത്തെ ഏത് രീതിയിൽ വർണ്ണിക്കണം എന്ന് എനിക്ക് അറിയില്ല. അപാര ആക്ടർ ആണ്. മണ്ണിന്റെ മണമുള്ള കഥാപാത്രങ്ങൾ മാത്രം ചെയ്ത ആക്ടർ. ഏത് തരത്തിലുള്ള വേഷവും അദ്ദേഹത്തിന് യോജിക്കും. ഭയങ്കര ഡെപ്ത്ത് ഉള്ള ആക്ടർ അല്ലേ? അദ്ദേഹത്തിനൊടൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ഒട്ടും എക്സ്പീരിയൻസ് ഉണ്ടായിരുന്നില്ല. ഞാൻ അന്ന് വളരെ കുറച്ച് പടങ്ങളെ ചെയ്തിട്ടുള്ളൂ. ഭരതേട്ടന്റെയും ലോഹിയേട്ടന്റെയും സിനിമയായ വെങ്കലത്തിലേക്ക് വരുമ്പോൾ അദ്ദേഹത്തിനൊപ്പം ഒപ്പിച്ച് ചെയ്യാൻ ശ്രമിക്കുകയായിരുന്നു ഞാൻ. അതിനെ മറികടന്ന് പോകണമെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല, അത് ഒരിക്കലും നടക്കുകയുമില്ല. അദ്ദേഹത്തോടൊപ്പം പിടിച്ചു നിൽക്കാൻ വേണ്ടി ചെയ്തിട്ടുള്ള സിനിമകളാണ് ചമയവും വെങ്കലവും സ്നേഹ സാ​ഗരവും വളയവും എല്ലാം. മുരളിച്ചേട്ടനുമായിട്ട് വ്യക്തിപരമായി റൂമിൽ ഒക്കെ പോയിരുന്ന് സംസാരിക്കുന്ന ഒരു ബന്ധം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. ലൊക്കേഷനിൽ കാണുന്ന ചിരിയും ബഹളവും മാത്രമേയുള്ളൂ. പക്ഷേ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് ഞാനും അദ്ദേഹവും തമ്മിൽ തീവ്രമായ ബന്ധമായിരുന്നു എന്നാണ്. അദ്ദേഹം ഒരുപാട് വായനയും കവിതയും ചിന്തകളും ഒക്കെയായി നടക്കുന്ന ആളാണ്. ഞാൻ ഇതൊന്നും ഇല്ലാത്ത ഒരാളായിരുന്നു. അതുകൊണ്ട് അദ്ദേഹവുമായി അത്തരം ഒരു കമ്പനി എനിക്കുണ്ടായിരുന്നില്ല. പക്ഷേ സെറ്റിൽ വന്നു കഴിഞ്ഞാൽ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം ഒക്കെ ഭീകരമായിരിക്കും. വളയത്തിൽ അദ്ദേഹം കൊണ്ടുവരുന്ന ക്ലീനറായ കഥാപാത്രമാണ് ഞാൻ, ചമയത്തിൽ എന്റെ ​ഗുരുനാഥനാണ് അദ്ദേഹം. ആന്റോയ്ക്ക് എസ്തപ്പാനാശാൻ ​ഗുരുവാണ്. വെങ്കലത്തിൽ അനിയനാണ്. അങ്ങനെ മൂന്ന് തരം കഥാപാത്രങ്ങളാണ് അദ്ദേഹവുമായി ചെയ്തത്. അതിൽ എല്ലാം ആ കഥാപാത്രങ്ങൾക്ക് വലിയൊരു ആത്മബന്ധമുണ്ടായിരുന്നു. മുരളി ചേട്ടൻ ഞാൻ എന്നും ജ്യേഷ്ഠനെപ്പോലെ കരുതിയ ഒരാളാണ്. വളരെ ബഹുമാനത്തോടെ ഞാൻ കാണുന്ന ഒരു നടനാണ് അദ്ദേഹം.

Related Stories

No stories found.
logo
The Cue
www.thecue.in