നടന്‍ കിഷോറിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍

നടന്‍ കിഷോറിന്റെ അക്കൗണ്ട് പൂട്ടി ട്വിറ്റര്‍

തെന്നിന്ത്യന്‍ താരമായ കിഷോറിന്റെ അക്കൗണ്ടിന് പൂട്ടിട്ട് ട്വിറ്റര്‍. നടന് പുറമെ ആക്റ്റിവിസ്റ്റ് കൂടിയായ കിഷോര്‍ കര്‍ഷക സമരത്തില്‍ തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കിയ വ്യക്തിയാണ്. സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിരന്തരമായി ഇടപെടുകയും നിലപാട് അറിയിക്കുകയും ചെയ്യുന്ന താരം ട്വിറ്ററിന്റെ നിയമങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാല്‍ ഇക്കാര്യത്തില്‍ കിഷോര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതങ്ങള്‍ രാജ്യത്ത് നടക്കുന്ന മുസ്ലീം കൊലപാതങ്ങളുമായി താരതമ്യം ചെയ്ത സായ് പല്ലവിയുടെ അഭിപ്രായത്തെ കിഷോര്‍ പിന്തുണച്ചിരുന്നു. സംഭവത്തില്‍ സായ് പല്ലവിക്ക് മാധ്യമങ്ങളുടെയും സമൂഹമാധ്യമത്തിലും നേരിടേണ്ടി വന്ന ആക്രമണങ്ങള്‍ക്കെതിരെയും നടന്‍ സംസാരിച്ചിരുന്നു.

കിഷോറിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ട്വിറ്റര്‍ ഹാന്‍ഡില്‍ നീക്കം ചെയ്തതെന്നും നടന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ പുനസ്ഥാപിക്കണമെന്നും ആരാധകര്‍ ട്വീറ്റ് ചെയ്യുന്നുണ്ട്.

ഋഷബ് ഷെട്ടി സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രം കാന്താരയില്‍ കിഷോര്‍ പ്രധാന കഥാപാത്രമായിരുന്നു. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലും താരം ശ്രദ്ധേയമായ കഥാപാത്രം ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in