
പരിയേറും പെരുമാൾ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് കതിർ. വിക്രം വേദ, ബിഗിൽ, സുഴൽ തുടങ്ങി നിവധി സിനിമകളിലും സീരീസുകളിലും അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുണ്ട്. കതിർ ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രമാണ് 'മീശ'. എംസി ജോസഫ് രചനയും സംവിധാനവും നിർവഹിച്ച മീശയിലേക്ക് താൻ എത്തിയതിനെക്കുറിച്ചും മലയാളം ഡയലോഗുകൾ പഠിച്ചതിനെക്കുറിച്ചും ക്യു സ്റ്റുഡിയോയോട് സംസാരിക്കുകയാണ് കതിർ.
കതിരിന്റെ വാക്കുകൾ
ഈ കഥാപാത്രം എന്നെക്കൊണ്ട് ചെയ്യാൻ കഴിയുമെന്ന് എംസി സാർ വിശ്വസിച്ചു. എന്നാൽ എനിക്ക് അതില്ലായിരുന്നു. സ്ക്രിപ്റ്റ് മംഗ്ലീഷിൽ എഴുതി തന്നു. ഷൂട്ടിങ്ങിന് 20 ദിവസം മുന്നേ ഞാൻ അദ്ദേഹത്തെ വിളിച്ച് ഇപ്പോഴും വൈകിയിട്ടില്ല, മലയാളം സംസാരിക്കുന്ന നടനെ വെച്ച ചെയ്തുകൂടെ എന്ന് ചോദിച്ചു. 60 ശതമാനം മലയാളത്തിൽ സംസാരിച്ചാൽ മതി എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇവിടെ വന്നപ്പോൾ അത് 80 ശതമാനമായി.
കലേഷ് എന്ന ട്രാൻസ്ലേറ്ററിന്റെ സഹായത്തോടെയാണ് മലയാളം ഡയലോഗുകൾ പഠിച്ചത്. എന്നെ പഠിപ്പിച്ച് അദ്ദേഹം മലയാളം മറക്കുമെന്ന അവസ്ഥയായി. ഒന്നും അറിയാതെ പോയി ഫൈനൽ എക്സാം എഴുതുന്ന പോലെയായിരുന്നു എക്സ്പീരിയൻസ്. പബ്ലിക് എക്‌സാമിന് പോലും ഞാൻ ഇങ്ങനെ പഠിച്ചിട്ടില്ല. മലയാളം സിനിമയിൽ അഭിനയിക്കുക എന്നത് ഒരു വ്യത്യസ്തമായ അനുഭമായിരുന്നു.