'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

'കനകലതക്ക് വിട' ; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലെ നിറസാന്നിധ്യം

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. മറവിരോഗവും പാര്‍ക്കിന്‍സണ്‍സും ബാധിച്ച് ചികിത്സയിലായിരുന്നു. 350-ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും കനകലത അഭിനയിച്ചിട്ടുണ്ട്.

‘ഉണർത്തുപാട്ട്’ ആയിരുന്നു ആദ്യം അഭിനയിച്ച സിനിമ. പക്ഷേ അത് റിലീസായില്ല. പിന്നീട് ‘ചില്ല്’ എന്ന സിനിമയിലൂടെയാണ് കനകലത സിനിമയിലെത്തിയത്. അവിടന്നങ്ങോട്ട് കനകലത മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമയിൽ ഹാസ്യം കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ ഒരാളായിരുന്നു കനകലത. 2000ത്തിൽ പുറത്തിറങ്ങിയ പ്രിയത്തിലെ സുലു എന്ന കഥാപാത്രമാകും ഏതൊരു മലയാളിയുടെയും മനസ്സിൽ ഓടിയെത്തുന്ന ആദ്യ കനകലത കഥാപാത്രം. ചിത്രത്തിലെ കുട്ടികളും ജഗതി ശ്രീകുമാറുമായുള്ള കോമ്പിനേഷൻ സീനൊക്കെ ഇന്നും മലയാളി കണ്ടാസ്വദിക്കുന്ന രംഗങ്ങളാണ്. കിരീടത്തിലെ സേതുമാധവന്റെ പെങ്ങളായ അംബിക, മിഥുനം, ആദ്യത്തെ കൺമണിയിലെ കൗസല്യ, സ്പടികത്തിലെ കുറ്റിക്കാടന്റെ ഭാര്യയായ ഗീത, മാട്ടുപ്പെട്ടി മച്ചാനിലെ പ്രഭാകര പ്രഭുവിന്റെ ഭാര്യ തുടങ്ങിയവയൊക്കെ കനകലത അഭിനയിച്ച പ്രധാന സിനിമകളും കഥാപാത്രങ്ങളുമാണ്. പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം അഭിനയിച്ചത്.

നിരവധി സീരിയലുകളിൽ കനകലത ഭാഗമായിരുന്നു. 2018 ൽ ‘പഞ്ചവർണതത്ത’, 2019 ൽ ‘ആകാശഗംഗ 2’ എന്നിവയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കനകലത അഭിനയിച്ച മെയിൻസ്ട്രീം സിനിമകൾ. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്ത ‘ത്രീ ഡെയ്സ്’ ആണ് കനകലതയുടെ ഈ വർഷത്തെ രണ്ടാമത്തെ സിനിമ. അവസരങ്ങൾ എത്തുന്നുണ്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം സിനിമയിൽനിന്ന് ഇടവേളയെടുത്തിരിക്കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in