നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

സിനിമ-സീരിയൽ താരവും മിമിക്രി കലാകാരനുമായിരുന്ന കലാഭവൻ ഹനീഫ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസംമുട്ടിനെത്തുടർന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു. ശ്വാസകോശ അണുബാധയാണ് മരണകാരണം. സംസ്‍കാരം നാളെ മട്ടാഞ്ചേരിയിൽ.

നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായ കലാഭവൻ ഹനീഫ് പിന്നീട് നാടക വേദികളിലും തുടർന്ന് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി. ചെപ്പുകിലുക്കണ ചങ്ങാതിയാണ് ആദ്യ ചിത്രം. ഉർവശി, ഇന്ദ്രൻസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി ഈ വർഷം പുറത്തിറങ്ങിയ ജലധാര പമ്പ്സെറ്റ് ആണ് അവസാനത്തെ ചിത്രം. സിനിമകൾക്കുപുറമെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും നിരവധി സ്റ്റേജ് ഷോകളിലും ഹനീഫ് അഭിനയിച്ചു.

ചെപ്പുകിലുക്കണ ചങ്ങാതി, ഗോഡ്‌ഫാദർ, ഈ പറക്കും തളിക, പാണ്ടിപ്പട, ഛോട്ടാ മുംബൈ, ഉസ്താദ് ഹോട്ടൽ, കട്ടപ്പനയിലെ ​ഹൃത്വിക് റോഷൻ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മിന്നുകെട്ട്, നാദസ്വരം എന്നിവയാണ് ശ്രദ്ധേയ സീരിയലുകൾ. വാഹിദയാണ് ഭാര്യ. മക്കൾ ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.

Related Stories

No stories found.
logo
The Cue
www.thecue.in