മുപ്പതിലധികം അസ്ഥികള്‍ പൊട്ടി, നിങ്ങളുടെ സ്‌നേഹം പോലെ അവ കൂടിച്ചേരും; തിരിച്ചുവരവിന്റെ പ്രത്യാശയുമായി അവഞ്ചേഴ്‌സ് താരം

മുപ്പതിലധികം അസ്ഥികള്‍ പൊട്ടി, നിങ്ങളുടെ സ്‌നേഹം പോലെ അവ കൂടിച്ചേരും; തിരിച്ചുവരവിന്റെ പ്രത്യാശയുമായി അവഞ്ചേഴ്‌സ് താരം

പുതുവര്‍ഷ ദിനത്തില്‍ മഞ്ഞുനീക്കുന്നതിനിടെയുണ്ടായ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് തിരിച്ചുവരുന്നതായി അറിയിച്ച് ഹോളിവുഡ് നടന്‍ ജെറിമി റെന്നര്‍. തനിക്ക് സന്ദേശങ്ങളിലൂടെ പിന്തുണ അറിയിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് അവഞ്ചേഴ്‌സ് താരം ട്വിറ്ററിലൂടെ തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. മുപ്പതിലധികം അസ്ഥികള്‍ക്ക് അപകടത്തില്‍ പൊട്ടലുണ്ടായെന്നും, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സ്‌നേഹവും പിന്തുണയും തന്റെ തിരിച്ചുവരവിനെ എളുപ്പമാക്കുമെന്നും ട്വിറ്റീല്‍ ജെറിമി റെന്നര്‍ പറയുന്നു.

അപകടമുണ്ടായത് ഇങ്ങനെ,

ബിബിസി റിപ്പോര്‍ട്ട് പ്രകാരം, അമേരിക്കയിലെ നെവാഡ-കാലിഫോര്‍ണിയ അതിര്‍ത്തിയിലുള്ള അതിശൈത്യ പ്രദേശമായ റെനോയിലെ തന്റെ വീടിന് മുന്നില്‍വച്ചാണ് ജെറിമി റെന്നര്‍ അപകടത്തില്‍പ്പെടുന്നത്. 2023 പുതുവര്‍ഷദിനത്തിലായിരുന്നു സംഭവം. സമീപ പ്രദേശങ്ങളിലായി ഏറെപ്പേരുടെ ജീവനെടുത്ത അതിശൈത്യത്തിന്റെ തുടര്‍ച്ചയായാണ് അവഞ്ചേഴ്‌സ് താരത്തിന്റെയും അപകട വാര്‍ത്ത പുറത്തുവന്നത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പുതുവര്‍ഷത്തിന്റെ തലേന്ന് ഈ പ്രദേശത്ത് 35,000 വീടുകളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു.

അപകട ദിവസം, നടന്റെ കാറുപയോഗിച്ചിരുന്ന ഒരു കുടുംബാംഗം വീടിന് മുന്നില്‍ വച്ച് മഞ്ഞില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌നോ പ്ലൗ എന്ന മഞ്ഞുനീക്കുന്നതിനുള്ള വാഹനമുപയോഗിച്ച് കാറിന് മുന്നിലെ മഞ്ഞ് നീക്കാന്‍ ശ്രമിക്കുകയായിരുന്നു ജെറിമി. കാറിനെ മഞ്ഞില്‍ നിന്ന് വിജയകരമായി നീക്കാന്‍ സാധിച്ചെങ്കിലും ഡ്രൈവിംഗ് സീറ്റില്‍ നിന്ന് താഴെയിറങ്ങുന്നതിനിടെ സ്‌നോ പ്ലൗ യന്ത്രം സ്വയം മുന്നോട്ടുനീങ്ങി. തിരിച്ച് വാഹനത്തില്‍ കയറി യന്ത്രം നിയന്ത്രിക്കാന്‍ ജെറിമി ശ്രമിച്ചെങ്കിലും അതിനകം ആറുടണ്ണിലധികം ഭാരമുള്ള യന്ത്രം താരത്തിന് മുകളിലൂടെ കയറിപോയിരുന്നു. ഉടനെ തന്നെ ആകാശമാര്‍ഗമാണ് ജെറിമിയെ ആശുപത്രിയിലെത്തിച്ചത്.

അപകടത്തില്‍ നെഞ്ചിന്റെ ഭാഗത്തും മറ്റ് അസ്ഥികള്‍ക്കും ഗുരുതര പരിക്കേറ്റ താരം ദിവസങ്ങളോളും തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തന്റെ ആദ്യ ചിത്രം പങ്കുവച്ചുകൊണ്ട് ആരോഗ്യനില അറിയിച്ച് ജെറിമി രംഗത്തെത്തുകയും പിന്നീട് തിരിച്ചുവരവിന്റെ ഓരോ ഘട്ടത്തിലും ആരാധകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. അപകടത്തിന് ഒരാഴ്ചയ്ക്ക് ശേഷം 52-ാം ജന്മദിനമാഘോഷിച്ച ജെറിമി റെന്നര്‍ ആശുപത്രി ജീവനക്കാരോടൊപ്പമുള്ള ചിത്രം പങ്കുവച്ച് തന്നെ പരിചരിക്കുന്ന വിദഗ്ദ സംഘത്തെയും പരിചയപ്പെടുത്തി. നിലവില്‍ അപകടത്തിന് നാലാഴ്ച പിന്നിട്ട ഘട്ടത്തില്‍ ജെറിമി റെന്നറുടെ ഫിസിയോ തെറാപ്പി ചികിത്സ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് തവണ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ജെറിമി റെന്നര്‍ മാര്‍വലിലെ ഹാവ്‌കൈ എന്ന വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in